ശാസ്താംകോട്ട: പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമോ അവഗണിച്ച് പള്ളി വളപ്പിൽ അനധികൃത സെമിത്തേരി നിർമ്മാണം. പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ്പ് മെമോയ്ക്ക് പുല്ലുവില നൽകി അനധികൃത നിർമ്മാണം തുടരുന്നത് അറിഞ്ഞിട്ടും നടപടിയെടുക്കേണ്ട കലക്ടർ കണ്ണടച്ച് ഇരുട്ടാക്കുന്നു. ആയിരക്കണക്കിനാൾക്കാരുടെ ജീവജല സ്രോതസ് മലിനമാക്കുന്ന സെമിത്തേരി നിർമ്മാണത്തിന് ഒത്താശ ചെയ്യുന്നത് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം. ഇടവകയിലെ പകുതിയോളം പേരും എതിർത്തിട്ടും നിർമ്മാണം അനസ്യൂതം മുന്നോട്ടു പോവുകയാണ്. ഇടയ്ക്ക് സമരവുമായി മുന്നോട്ടു വന്ന ബിജെപിക്കാർ സിപിഎമ്മുമായി ഒത്തു തീർപ്പുണ്ടാക്കി പിൻവലിഞ്ഞു.

പുരാതന ഇടവകയായ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിന്റെ സെമിത്തേരി നിർമ്മാണമാണ് വിവാദത്തിലായിരിക്കുന്നത്. 1400 കുടുംബങ്ങളാണ് ഇടവകയിലുള്ളത്. നിലവിലുള്ള സെമിത്തേരിയോട് ചേർന്ന് അമ്പതോളം കല്ലറകൾ പുതുതായി നിർമ്മിക്കാനാണ് നീക്കം. സെമിത്തേരി നിർമ്മാണം സംബന്ധിച്ച് കർശന മാർഗ നിർദ്ദേശമുണ്ട്. തങ്ങൾ സെമിത്തേരി നവീകരിക്കുകയാണ് എന്നാണ് പള്ളിക്കമ്മറ്റിയുടെ അവകാശവാദം. ഇതിന് പ്രത്യേകം അനുമതി ആവശ്യമില്ലെന്നും ഇവർ പറയുന്നു.

കഴിഞ്ഞ മാസം 29 ന്് ലിജോ സദനം ജോയിക്കുട്ടി, പാലതുണ്ടിൽ ദേവരാജൻ എന്നിവരുടെ പരാതി പ്രകാരമാണ് കടമ്പനാട് പഞ്ചായത്ത് സെക്രട്ടറി സെമിത്തേരി നവീകരണം നിർത്തി വയ്ക്കാൻ നോട്ടീസ് നൽകിയത്. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നടത്തുന്ന നിർമ്മാണം താൽക്കാലികമായി നിർത്തി വയ്ക്കണം എന്നാണ് നോട്ടീസ് പറഞ്ഞിരിക്കുന്നത്. നിർമ്മാണം നിർത്താൻ പള്ളിക്കമ്മറ്റി തയാറായില്ലെന്ന് മാത്രമല്ല, നവംബർ 30 ന് ഒരു മറുപടിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുക്കുകയാണ് ചെയ്തത്.

കത്തീഡ്രൽ സെമിത്തേരിയിൽ നിലവിലുള്ള കല്ലറകളുടെ തെക്ക് വശത്ത് മതിലിന് ഉള്ളിലായിട്ടാണ് പുതിയ കല്ലറകൾ പണിയുന്നത്. ഇത് പുതിയ വസ്തുവിൽ അല്ല. കോമൺ വാൾട്ട് അല്ല പണിയുന്നത്. നിലവിൽ ഉള്ള കല്ലറകൾ പുനർ നിർമ്മാണം നടത്തുന്നതിന് യാതൊരു അനുമതിയും ആവശ്യമില്ല എന്നാണ് നിയമപരമായി ലഭിച്ചിരിക്കുന്നത്. കൂടാതെ, പണിയുന്ന കല്ലറയുടെ നാലു വശത്തും 0.15 മീറ്റർ കനത്തിൽ കോൺക്രീറ്റ് ആയിട്ടാണ് ചെയ്യുന്നത്. യാതൊരു വിധത്തിലുള്ള ലീക്കും ഉണ്ടാവുകയില്ല. ഈ വിവരങ്ങൾ മുൻ നിർത്തി പണികൾക്ക് യാതൊരു തടസവും ഉണ്ടാകാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്ന് താൽപര്യപ്പെടുന്നുവെന്നായിരുന്നു പള്ളി കമ്മറ്റിയുടെ മറുപടി.

ഇതിന് നിയമപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് അന്ന് തന്നെ പഞ്ചായത്ത് സെക്രട്ടറി വീണ്ടും സ്റ്റോപ്പ് മെമോ നൽകി. അതിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ:

കേരള പഞ്ചായത്ത് രാജ് 1998 (ശവം മറവു ചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനുമുള്ള സ്ഥലങ്ങൾ) ചട്ടം 6(2) പ്രകാരം നിലവിലുള്ള ഒരു ശ്മശാനത്തിന്റെ വിസ്തൃതി വർധിപ്പിക്കുകയോ വിപുലീകരിക്കുകയോ ചെയ്യുന്ന സംഗതിയിൽ ആയത് പുതിയ ഒരു ശ്മശാനം ഏർപ്പെടുത്തുന്നതായി കണക്കാക്കേണ്ടതും അപ്രകാരമുള്ള ശ്മശാനങ്ങൾക്ക് ഈ ചട്ടം ബാധകമായിരിക്കുമെന്നാണ്. ആതര് കൊണ്ട് നിർമ്മാണം താൽക്കാലികമായി നിർത്തി വച്ച് പഞ്ചായത്ത് അനുമതി ലഭ്യമാക്കിതിന് ശേഷം മാത്രം നിർമ്മാണം ആരംഭിക്കാവുന്നതാണ് എന്ന് അറിയിച്ചു കൊള്ളുന്നു.

ഇനി പഞ്ചായത്ത് അനുമതി ലഭിക്കണമെങ്കിൽ നിരവധി കടമ്പകളുണ്ട്. ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കലക്ടർ തുടങ്ങി നിരവധി അനുമതികൾ ലഭ്യമാക്കണം. പ്രദേശവാസികളുടെ അടക്കം എൻഓസി ആവശ്യമുണ്ട്. നിർദിഷ്ട ശ്മശാനത്തോട് ചേർന്നാണ് കെഐപി കനാൽ കടന്നു പോകുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പതിനായിരക്കണക്കിനാൾക്കാർക്കുള്ള പ്രധാന കുടിവെള്ള സ്രോതസാണ് ഈ കനാൽ. ജലസേചന ആവശ്യങ്ങൾക്കായി തുടങ്ങിയ കനാൽ ഇപ്പോൾ ആയിരങ്ങളുടെ ജലക്ഷാമം പരിഹരിക്കുന്നു. വേനൽക്കാലത്ത് കനാലിലൂടെ വെള്ളം തുറന്നു വിടും. ഇത് എത്തുന്നതോടെ സമീപത്തെ ജലാശയങ്ങളും വീടുകളിലെ കിണറുകളും ജലസമൃദ്ധമാകും. ആൾക്കാരുടെ പ്രധാന കുടിവെള്ള സ്രോതസാണ് കനാൽ. ഇതിൽ നിന്ന് 10 മീറ്റർ പോലും മാറിയല്ലാതെ ശവക്കോട്ട വരുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. മൃതദേഹത്തിൽ നിന്നുള്ള അംശം ചോർന്ന് കുടിവെള്ളത്തിൽ കലർന്നാൽ പിന്നെ അത് കുടിക്കാനും കുളിക്കാനുമൊന്നും കൊള്ളില്ല. കനാൽ വെള്ളത്തിന്റെപ്രധാന ഉപയോക്താക്കൾ ഇടവക ജനങ്ങൾ തന്നെയാണ്.

നിലവിലുള്ള പള്ളിക്കമ്മറ്റിയുടെ കാലത്ത് സെമിത്തേരിയുടെ പണി തീർക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് ആവശ്യപ്പെട്ട അനുമതികൾക്ക് പിന്നാലെ പോയാൽ കിട്ടാൻ വർഷങ്ങൾ താമസമെടുക്കും. അത് നടപ്പാക്കുക മറ്റു ഭരണ സമിതികളാകും. അതു കൊണ്ടാണ് ചട്ടം മറി കടന്ന് നിർമ്മാണം പുരോഗമിക്കുന്നത്. പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമോ മൈൻഡ് ചെയ്യേണ്ടെന്ന് സിപിഎമ്മിന്റെ ഒരു പഞ്ചായത്തംഗമാണ് ആദ്യം നിർദ്ദേശിച്ചത്. അതിന് പിന്നാലെ പിന്തുണയുമായി സിപിഎം ജില്ലാ സെക്രട്ടറിയും ഏരിയാ സെക്രട്ടറിയും വന്നു. സ്റ്റോപ്പ് മെമോയൊന്നും നോക്കേണ്ട. പണി തുടരട്ടെ എന്നാണത്രേ ഇവർ നൽകിയ നിർദ്ദേശം. നേതാക്കളുടെ വാക്കിൽ വിശ്വസിച്ച് നിയമലംഘനം തുടരുമ്പോൾ നാട്ടിൽ ഇതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.