ന്യൂഡല്‍ഹി: രാജ്യത്തു പൊതു സെന്‍സസിന് ഒപ്പം ജാതി സെന്‍സസ് നടത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ദേശീയ ജനസംഖ്യാകണക്കെടുപ്പിനൊപ്പം ജാതി സെന്‍സസ് നടത്തും. ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ലെന്നും സെന്‍സസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുമെന്നുമാണ് വിവരം.

കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ നടത്തിയതു ജാതി സര്‍വേയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ജാതി സെന്‍സസ് നടത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ജാതി സെന്‍സസ് ഉയര്‍ത്തിയത് രാഷ്ട്രീയത്തിന് വേണ്ടിമാത്രമാണ് ഉപയോഗിച്ചതെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. ബിഹാര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം. ജാതി സെന്‍സസിനെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. ചില സംസ്ഥാനങ്ങള്‍ ജാതി സര്‍വ്വേ സുതാര്യമല്ലാതെ നടപ്പാക്കി. ഭരണഘടന അനുസരിച്ച് സെന്‍സസ് കേന്ദ്ര വിഷയമാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സെന്‍സസ് പ്രക്രിയയുടെ ഭാഗമായി ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

''കോണ്‍ഗ്രസും അവരുടെ ഇന്ത്യ സഖ്യ പങ്കാളികളും ജാതി സെന്‍സസ് ഒരു രാഷ്ട്രീയ ഉപകരണം എന്ന നിലയില്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് നന്നായി മനസ്സിലാക്കാം. ചില സംസ്ഥാനങ്ങള്‍ ജാതികള്‍ എണ്ണുന്നതിനായി സര്‍വേകള്‍ നടത്തിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഇത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും, മറ്റു ചിലത് രാഷ്ട്രീയ കോണില്‍ നിന്ന് സുതാര്യമല്ലാത്ത രീതിയില്‍ മാത്രമാണ് ഇത്തരം സര്‍വേകള്‍ നടത്തിയത്,'' കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

2022-ല്‍ ഇന്ത്യാ സഖ്യ സര്‍ക്കാരായിരുന്ന ബീഹാറില്‍ ജാതി സെന്‍സസ് നടപ്പാക്കിയിരുന്നു. ഈ വര്‍ഷം ആദ്യം, ആന്ധ്രാപ്രദേശിലെ ജഗന്‍ റെഡ്ഡി സര്‍ക്കാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള ആളുകളുടെ സമഗ്രമായ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.