ന്യൂഡല്‍ഹി: ദീപാവലിക്കും വിജയദശമിക്കും മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിയര്‍നെസ് അലവന്‍സ്(ഡി.എ) വര്‍ധിപ്പിച്ചു. ക്ഷാമബത്ത മൂന്നുശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ജൂലൈ ഒന്നുമുതല്‍ ഡി.എ വര്‍ധനവ് പ്രാബല്യത്തില്‍ വരും. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് മൂന്ന് മാസത്തെ കുടിശ്ശിക ലഭിക്കുക. വര്‍ധിപ്പിച്ച തുക അത് ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചതാല്‍ അത് ബിഹാര് തിരഞ്ഞെടുപ്പില്‍ അടക്കം സ്വാധീനിക്കും.

കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏതാണ്ട് 1.15 കോടി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ചെയ്യുന്ന തീരുമാനമാണ് ഇത്. ഈ വര്‍ഷത്തെ രണ്ടാമത്തെ ഡി.എ വര്‍ധനവാണ് ഇത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ചിരുന്നു.വിലക്കയറ്റം നേരിടാനായി നിലവിലുള്ള ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ/പെന്‍ഷന്റെ 53 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാണ് വര്‍ധിപ്പിച്ചത്.

മാര്‍ച്ചിലെ വര്‍ധനവോടെ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 55 ശതമാനമായി മാറി. ഇപ്പോള്‍ മൂന്ന് ശതമാനം വര്‍ധനവ് അംഗീകരിക്കപ്പെട്ടാല്‍ ഡി.എ അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനമാകും. ഉദാഹരണമായി, 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് മാര്‍ച്ചിലെ വര്‍ധനക്ക്‌ശേഷം ലഭിച്ചിരുന്ന 33,000 രൂപയായിരുന്നു ഡി.എ. അത് പുതിയ വര്‍ധനവിന് ശേഷം 34,800 രൂപയായി വര്‍ധിക്കും.

സര്‍ക്കാര്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് ഡി.എ മാറ്റം വരുത്തുന്നത്. ജനുവരി-ജൂണ്‍ കാലയളവിലും ജൂലൈ-ഡിസംബര്‍ കാലയളവിലും. ഏഴാം ശമ്പള കമ്മീഷന്റെ കീഴില്‍ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ഡി.എ അലവന്‍സ് നിര്‍ണയിക്കുന്നത്. ഈ ഫോര്‍മുല സി.പി.ഐ-ഐ.ഡബ്ല്യു ഡാറ്റയുടെ 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അന്തിമ വര്‍ധനവ് ശ്രദ്ധേയമാണ്. കാരണം ഇത് 2025 ഡിസംബര്‍ 31 ന് കാലാവധി അവസാനിക്കുന്ന ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അവസാന ഡിഎ വര്‍ധനവായിരിക്കും. 2025 ജനുവരിയിലാണ് സര്‍ക്കാര്‍ എട്ടാം ശമ്പള കമീഷന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അതിന്റെ ടേംസ് ഓഫ് റഫറന്‍സ്, ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ആ സ്ഥിതിക്ക് എട്ടാം ശമ്പള കമീഷന്‍ നടപ്പാക്കുന്നത് വൈകാനാണ് സാധ്യത.