ബീജിങ്: ഇരുമ്പുമറക്കുള്ളിൽ എല്ലാം കെട്ടിപ്പൊതിഞ്ഞു വയ്ക്കാൻ ശ്രമിച്ചിട്ടും ചൈനയ്ക്ക് ഇപ്പോൾ എല്ലാം പുറത്തു പറയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ ഭീകരത നിത്യേനയെന്നോണം പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ അവയോടൊന്നും പ്രതികരിക്കാതെ മാറി നിൽക്കുകയായിരുന്നു ചൈനീസ് നേതൃത്വം. ഇടയ്ക്ക് ചിലരെ ഇറക്കി ചൈനയിൽ കോവിഡ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടില്ലെന്നൊക്ക് പറയിച്ച് വീഡിയോകളും ഇറക്കിയിരുന്നു.

എന്നാൽ, ഇപ്പോൾ ചൈനീസ് അധികൃതർ തന്നെ സമ്മതിച്ചിരിക്കുകയാണ് രാജ്യത്ത് കോവിഡ് വ്യാപനം അതി ഭീകരമാണേന്ന്. കോവിഡ് മരണങ്ങളും കുതിച്ചുയരുകയാണെന്നും അവർ സമ്മതിക്കുന്നു. ഏകദേശം 25 ദശലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഷാങ്ങ്ഹായ് നഗരത്തിലെ നഗരവാസികളിൽ 70 ശതമാനം പേർക്കും കോവിഡ് ബാധിച്ചിരിക്കുകയാണെന്ന് ഒരു ഡോക്ടർ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ സീറോ കോവിഡ് നയം പെട്ടെന്ന് നീക്കിയതോടെയായിരുന്നു ചൈനയിൽ കോവിഡ് അതിശക്തമായി പടരാൻ തുടങ്ങിയത്.

വളരെ വിരളമായി മാത്രമെ ചൈനീസ് ഭരണാധികാരികൾ സത്യം പൊതുവേദിയിൽ വിളിച്ചു പറയാറുള്ളു. രാജ്യത്തിന് അപകീർത്തികരമായ എന്തെങ്കിലുമാണെങ്കിൽ അത് തീരെ പറയുകയുമില്ല., അത്തരം സാഹചര്യത്തിലാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ, ടെലിവിഷൻ ചാനലിൽ വന്ന് രാജ്യത്ത് കോവിഡ് വ്യാപനവും മരണവും കുതിച്ചുയരുകയാണെന്ന് പറയുന്നത്. എന്നാൽ, അപ്പോഴും, ഇത് അത്ര വലിയ കാര്യമല്ലെന്ന് തോന്നിപ്പിക്കാനായി, ലോകത്തിലെ മറ്റു രാജ്യങ്ങളിലെയും സ്ഥിതി ഇതാണെന്നും അവർ പറയുന്നു.

ചൈനയിൽ നിന്നുമെത്തുന്നവർക്ക് നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ രാജ്യങ്ങളെ ചൈനീസ് അധികൃതർ അതിനിശിതമായി വിമർശിച്ചു. ഇത് തുടർന്നാൽ ബദൽ നടപടികൾ കൈക്കൊള്ളാൻ ചൈനയും നിർബന്ധിതമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. സീറോ കോവിഡ് നയത്തിന്റെ മറവിൽ നടപ്പിലാക്കിയ കർശനവും ക്രൂരവുമായ നിയന്ത്രണങ്ങൾ വൈറസിനെ തടയാൻ പര്യാപ്തമായില്ലെന്ന് ചൈനീസ് പ്രസിഡണ്ട് ഷീ ജിൻ പിംഗും പറഞ്ഞു. ഇക്കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തിനായി നൽകിയ പുതുവത്സര സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഡിസംബർ 7 നായിരുന്നു സീറൊ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും എടുത്തു കളഞ്ഞത്. തുടർന്ന് ആദ്യ 20 ദിവസങ്ങളിൽ തന്നെ ഏകദേശം 248 മില്യൺ ആളുകൾക്ക് കോവിഡ് ബാധിച്ചു എന്നാണ് കണക്കുകൾ പറയുന്നത്. അതായത് മൊത്തം ജനസംഖ്യയുടെ 18 ശതമാനത്തോളം വരും ഇത്.