കണ്ണൂര്‍ : ചക്കരക്കല്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍ കോ ഓപ്പ് സൊസൈറ്റിയില്‍ നടന്നത് സമാനതകളില്ലാത്ത സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം ശക്തമാകുന്നു. കെ.പി.സി.സി അംഗവും കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി മുഹമ്മദ് ഫൈസലിനെതിരെ ആരോപണം ശക്തമാകുമ്പോഴും കണ്ണൂര്‍ ഡി.സി.സി മൗനം പാലിക്കുന്നുവെന്ന ആരോപണം ശക്തമാവുകയാണ്. ഏകദേശം നാല് കോടിയോളം രൂപയുടെ അഴിമതിയാണ് ഇവിടെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

പ്രസിഡന്റ് കെ.സി മുഹമ്മദ് ഫൈസല്‍ അടക്കമുള്ള ഭരണസമിതിയുടെ ഒത്താശയോടെയാണ് സെക്രട്ടറിയും ചില ജീവനക്കാരും നിക്ഷേപകരുടെ പണം കൊള്ളയടിച്ചതെന്നാണ് ആരോപണം. ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്ക് രശീത് കൊടുക്കുമെങ്കിലും സംഘത്തില്‍ വരവ് വച്ചിരുന്നില്ല. ഗ്രൂപ്പ് ഡപ്പോസിറ്റിനും ദിന നിക്ഷേപത്തിനും രശീത് നല്‍കുമെങ്കിലും അതും കണക്കിലുണ്ടായിരുന്നില്ല. ഇത്തരത്തില്‍ വെട്ടിക്കുന്ന പണം വിവിധയിടങ്ങളില്‍ ഭൂസ്വത്ത് വാങ്ങാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഏഴ് സ്വത്തുക്കള്‍ സെക്രട്ടറിയുടെ പേരിലുണ്ട്. ഇതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം ഡിസിസി ഓഫീസില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വിറ്റ് ബാധ്യത തീര്‍ക്കാന്‍ സെക്രട്ടറി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പൂഴി വിതരണത്തിന് പെര്‍മിറ്റ് നല്‍കിയ വകയിലും സംഘത്തിന് ലക്ഷങ്ങള്‍ നഷ്ടം പറ്റിയിട്ടുണ്ട്. സംഘത്തിന് കിട്ടേണ്ട തുക പലരുടെയും കീശയിലാണ് എത്തിയത്. നിക്ഷേപിച്ച പണം തിരിച്ചു കിട്ടാതായതോടെ നിരവധിപേര്‍ കഴിഞ്ഞ ദിവസവും സംഘത്തിന്റെ ഓഫീസിലെത്തി. നിക്ഷേപകരോട് സെക്രട്ടറിയും ജീവനക്കാരും ധിക്കാരപരമായ നിലപാട് സ്വീകരിച്ചത് സംഘര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. 2025 ഫെബ്രുവരി 20നകം നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കാമെന്ന് ഒടുവില്‍ ധാരണയായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി നടന്ന ഭരണസമിതി യോഗമാണ് ഈ ധാരണയിലെത്തിയത്. എന്നാല്‍ നഷ്ടപ്പെട്ട പണം കണ്ടെത്തുന്നത് പ്രശ്നമാണ്.അതിനാല്‍ നിക്ഷേപകര്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല. വരും ദിവസങ്ങളിലും നിക്ഷേപകരുടെ പ്രതിഷേധം തുടരുമെന്നാണ് സൂചന. കെപിസിസി അംഗമായ സംഘം കെ സി മുഹമ്മദ് ഫൈസലാണ് സംഘം പ്രസിഡന്റ് എന്നാല്‍ അതീവ ഗുരുതരമായ അഴിമതി നടന്നിട്ടും ഫൈസലിനോട് വിശദീകരണം പോലും ചോദിച്ചിട്ടില്ലെന്ന ആരോപണം ശക്തമാവുന്നുണ്ട്.

കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സഹകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ചക്കരക്കല്‍ ടാക്‌സി സ്റ്റാന്‍ഡില്‍ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമം നടത്തി. മാടായി കോളേജില്‍ ഡി.വൈ. എഫ്. ഐ ക്കാരെ എം.കെ രാഘവന്‍ ചെയര്‍മാനായ എഡ്യുക്കേഷന്‍ ട്രസ്റ്റ് നിയമിച്ചിട്ടില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അവിടെ നിയമിക്കപ്പെട്ടത് കോണ്‍ഗ്രസുകാരല്ല. കോണ്‍ഗ്രസുകാര്‍ ഭരിക്കുന്ന ഏതു എഡ്യുക്കേഷനല്‍ ട്രസ്റ്റിലും തങ്ങളെ നിയമിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസുകാരുടെ ആവശ്യം. കോഴ വാങ്ങിയുള്ള നിയമനമാണ് മാടായി കോളേജില്‍ നടന്നതെന്നും ജയരാജന്‍ ചക്കരക്കല്ലില്‍ സഹകരണ സംരക്ഷണ സമിതി ബില്‍ഡിങ് മെറ്റീരയല്‍ സെസെറ്റിയില്‍ നടന്ന കോടികളുടെ അഴിമതിക്കെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് എം.കെ രാഘവന്റെ കോലം കത്തിക്കലില്‍ എത്തിയത്. എം.കെ രാഘവന്റെ കോലം നിലത്തിട്ട് ചവുട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞത്. മാടായിലെത് പ്രതിപക്ഷ നേതാവ് പ്രാദേശിക പ്രശ്‌നമാണെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. അപ്പോള്‍ എം.കെ രാഘവന്‍ വെറും പ്രാദേശിക കാര്യമാണോ കോണ്‍ഗ്രസിന് , ഏഴാം കൂലിയായിട്ടാണ് പ്രതിപക്ഷ നേതാവ് രാഘവനെ കാണുന്നതെന്നാണ് അര്‍ത്ഥമാക്കുന്നതെന്നാണോ യെന്നും എം.വി ജയരാജന്‍ ചോദിച്ചു. ഏതു സഹകരണ സൊസൈറ്റിയുണ്ടാക്കിയാലും കോണ്‍ഗ്രസുകാര്‍ അതില്‍ നിന്നും കൈയ്യിട്ടു വാരും 'പുളക്കുറ്റി ബാങ്കിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇപ്പോള്‍ അങ്ങനെയൊരു ബാങ്കേയില്ലെന്നും ജയരാജന്‍ ചുണ്ടിക്കാട്ടി.

ഇതിനു സമാനമായ സംഭവമാണ് ചക്കര ക്കല്ലിലെ ബില്‍ഡിങ് മെറ്റിരിയല്‍ സൊസെറ്റിയില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയത്. സംസ്ഥാന തല കമ്മിറ്റിയില്‍ അംഗമായ കണ്ണുരിലെ ഒരു കോണ്‍ഗ്രസ് നേതാവാണ് ഇതിന്റെ ചെയര്‍മാന്‍. ബാങ്കിന്റെ ഭാരവാഹികളില്‍ ചിലര്‍ മണി മാളിക പണിതിട്ടുണ്ട്. നിക്ഷേപകരുടെ പണം അങ്ങോട്ടു പോയെന്നാണ് തെളിയുന്നത്. വായ്പ കൊടുത്തതിന് ഒരു കീറ കടലാസ് പോലും തെളിവില്ല. ഇതു അന്വേഷിക്കാനായി എത്തിയ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടി കയറുകയാണ് ഇവര്‍ ചെയ്യുന്നത്. നിക്ഷേപകരെവഞ്ചിച്ചവര്‍ക്കെതിരെ പൊലിസ് കേസെടുക്കണമെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.