ഗുരുവായൂർ: ചലച്ചിത്ര താരങ്ങളായ ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹച്ചടങ്ങിൽ സംബന്ധിച്ചത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. നവനീത് യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. താലികെട്ട് ചടങ്ങിൽ കാളിദാസ് ജയറാമിന്റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപർണ ബാലമുരളി തുടങ്ങിയവർ എത്തിയിരുന്നു.

തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ തൃശൂരിൽ എത്തിയിട്ടുണ്ട്. തമിഴ് സ്‌റ്റൈലിൽ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു നവനീതിന്റെ വേഷം. ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ജയറാം കുടുംബം എന്നും പ്രേക്ഷരുടെ ഇഷ്ടതാരകുടുബമാണ്. ജയറാമിന്റെ മക്കളായ മാളവികയും കാളിദാസും പ്രേക്ഷരുടെ പ്രിയപ്പെട്ടവരാണ്. പാർവ്വതി - ജയറാം - കണ്ണൻ - ചക്കി എന്നിവരടങ്ങുന്ന കുടുംബത്തെ ഏറെ ഇഷ്ടത്തോടെയാണ് സിനിമാപ്രേക്ഷകർ നോക്കി കാണുന്നത്. അവരുടെ ഓരോ സന്തോഷങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. കാളിദാസിന്റെയും താരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെ മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയവും വലിയ ആഘോഷമായിരുന്നു.

നവനീത് ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. മാളവിക അഭിനയ കുടുംബത്തിലെ അംഗം ആണെങ്കിലും, ഇനിയും സിനിമയിൽ വന്നിട്ടില്ല. മോഡലിങ് ആണ് മാളവികയുടെ മേഖല. യുവ നടനുമായ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകർ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.

മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടന്മാരിൽ ശ്രദ്ധയാകർഷിക്കുകയും ചെയ്ത കാളിദാസിന്റെ വധു തരിണി കലിംഗരായർ.