മലപ്പുറം: കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി ഭാര്യയുമായി സംസാരിച്ചു. രാവിലെ ഭാര്യയുടെ ഫോണ്‍ കോള്‍ എടുത്ത ചാലിബ് കര്‍ണാടകയിലെ ബസ് സ്റ്റാന്റിലാണുളളതെന്നും വീട്ടിലേക്ക് എത്താമെന്നും അറിയിച്ചു. കൂടെ ആരുമില്ലെന്നും മാനസിക പ്രയാസത്തില്‍ പോയതെന്നാണ് ചാലിബ് ഭാര്യയോടു പറഞ്ഞത്. വിളിച്ചത് കര്‍ണാടകയില്‍ നിന്നെന്നാണ് വിവരം. തിരൂര്‍ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതല്‍ കാണാതായത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാല്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.

വൈകീട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാര്‍ക്ക് നില്‍കിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോടും പിന്നീട് കര്‍ണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. പുലര്‍ച്ചെ 02.02 വരെ ഓണായ ഫോണ്‍ പിന്നീട് ഓഫായി. എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായും പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് കര്‍ണ്ണാടകയിലുണ്ടെന്ന സൂചനകള്‍ ലഭിച്ചത്. കൃത്യസമയത്ത് പരാതി കിട്ടിയതും നവീന്‍ ബാബു ആത്മഹത്യാ കേസ് മുന്നിലുളളതും പോലീസിന് തിരിച്ചറിവായി.

കരുതലോടെ അന്വേഷണവും നടത്തി. ഇതിനിടെയാണ് ചാലിബിനെ കുറിച്ചുളള വിവരവും കിട്ടിയത്. കോഴിക്കോട് മാമി തിരോധാന കേസില്‍ പോലീസ് തുടക്കത്തല്‍ വേണ്ടത്ര കരുതല്‍ എടുത്തില്ല. ഇത് വിവാദമായി. ഈ സാഹചര്യത്തിലാണ് ചാലിബിന് വേണ്ടി അതിവേഗ അന്വേഷണം നടത്തിയത്. താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാരെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ ദുരൂഹസാഹചര്യത്തില്‍ കാണാതാകുമ്പോള്‍ ചര്‍ച്ചയാകുന്നത് നവീന്‍ ബാബുവിന്റെ ആത്മഹത്യയായിരുന്നു. തിരൂര്‍ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെയാണ് ബുധനാഴ്ച വൈകീട്ട് ഓഫീസില്‍നിന്ന് വരുന്ന വഴി കാണാതായത്.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിനെ പോലെ സത്യസന്ധനായ നിലപാടുകള്‍ എടുക്കുന്ന വ്യക്തിയായിരുന്നു ചാലിബ്. നിരവധി ശത്രുക്കളും ഉണ്ട്. അതുകൊണ്ടു തന്നെ എന്താണ് സംഭവിച്ചതെന്നത് ദുരൂഹതയായി മാറി. ഓഫീസില്‍നിന്ന് വൈകീട്ട് അഞ്ചേകാലോടെ ഇറങ്ങിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു. അതിനുശേഷം ഭാര്യ വിളിച്ചപ്പോള്‍ തിരിച്ചെത്താന്‍ വൈകും എന്ന് അറിയിച്ചിരുന്നു. പിന്നീട് വാട്‌സാപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞിരുന്നു. രാത്രി 11 വരെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാത്രി 12.18-ന് ഓഫ് ആയ ഫോണ്‍ പിന്നീട് രാവിലെ 6.55-ന് അല്‍പ്പസമയം ഓണ്‍ ആയതായി കാണുന്നുണ്ട്.

അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് പാളയം ഭാഗത്താണ് കാണുന്നത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. ഇതോടെ ആശങ്ക കൂട്ടി. ഇതിന് പരിഹാരമെന്നോണമാണ് ചാലബ് ഫോണില്‍ ഭാര്യയെ വിളിച്ചത്. ദേശീയപാത മണ്ണെടുപ്പ് പ്രശ്നത്തില്‍ ഇരിമ്പിളിയത്ത് ഇദ്ദേഹം സര്‍വേക്ക് പോയിരുന്നു. ബുധനാഴ്ച വൈകിട്ട് ഓഫിസില്‍ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താന്‍ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. 8 മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും പരിശോധനയുള്ളതിനാല്‍ വീട്ടിലെത്താന്‍ വൈകുമെന്നും മെസേജ് അയക്കുകയായിരുന്നു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല.

കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ചാലിബിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. രാവിലെ 6.55 ന് ഫോണ്‍ വീണ്ടും ഓണായെങ്കിലും വൈകാതെ വീണ്ടും ഓഫായി. അതിനിടെ ചാനിബ് പറഞ്ഞതനുസരിച്ച് തലേദിവസം രാത്രി പൊലീസും എക്‌സൈസും ചേര്‍ന്നുള്ള പരിശോധന നടന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതും ദുരൂഹത കൂട്ടി. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതിലാണ് കര്‍ണ്ണാടകയിലേക്ക് പോകുന്ന സൂചന കിട്ടിയത്. കോഴിക്കോട്ടെ മാമി തിരോധാന കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

സമാന സാഹചര്യം ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്ന് ഉറപ്പിക്കാന്‍ ഗൗരവത്തോടെയുള്ള അന്വേഷണമാണ് പോലീസ് നടത്തിയത്. ഇതിനൊപ്പം ആദ്യമേ മാധ്യമങ്ങളിലൂടെ വാര്‍ത്തയും എത്തി. ഈ സാഹചര്യത്തിലാണ് ചാലിബ് വീട്ടിലേക്ക് വിളിക്കുന്നത്.