- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചന്ദ്രബാബു നായിഡു രാജമന്ധ്രി സെൻട്രൽ ജയിലിലെ 7691-ാം നമ്പർ തടവുകാരൻ; ജയിലിൽ പ്രത്യേക മുറി; വീട്ടിൽ നിന്നുള്ള ഭക്ഷണവും മരുന്നു അനുവദിച്ചു കോടതി; സുരക്ഷാഭീഷണി ഉള്ളതിനാൽ മുൻ മുഖ്യമന്ത്രിക്ക് ജയിലിലും കനത്ത സുരക്ഷ
അമരാവതി: 371 കോടി രൂപയുടെ അഴിമതിക്കേസിൽ റിമാൻഡിലായ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഴിക്കുള്ളിലായി. രാജമന്ധ്രി സെൻട്രൽ ജയിലിലെ 7691-ാം നമ്പർ തടവുകാരനാണ് ആന്ധ്രയുടെ മുൻ മുഖ്യമന്ത്രി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന് ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുള്ള ഭക്ഷണവും അനുവദിച്ചിട്ടുണ്ട് കോടതി.
സുരക്ഷാഭീഷണിയുള്ളതിനാൽ 73കാരനായ ചന്ദ്രബാബു നായിഡുവിനെ പ്രത്യേകം താമസിപ്പിക്കാൻ അമരാവതിയിലെ എസിബി കോടതി രാജാമഹേന്ദ്രവാരം സെൻട്രൽ പ്രിസൻ സൂപ്രണ്ടിനു നിർദ്ദേശം നൽകി. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണു ചന്ദ്രബാബു നായിഡു. ഇനി സെപ്റ്റംബർ 22 ന് നായിഡുവിനെ കോടതിയിൽ ഹാജരാക്കും.
രാജമന്ധ്രി സെൻട്രൽ ജയിലിലെ 7691-ാം നമ്പർ തടവുകാരനാണ് മുൻ മുഖ്യമന്ത്രി. ജയിലിലെ 'സ്‌നേഹ' ബ്ലോക്കിൽ പ്രത്യേക മുറിയാണ് നായിഡുവിന് നൽകിയിരിക്കുന്നത്. 73-കാരനായ നായിഡുവിന് വീട്ടിൽ നിന്ന് ഭക്ഷണവും കൃത്യസമയത്ത് മരുന്നുകളും നൽകാൻ റിമാൻഡ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിർദേശിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കൂടിയായതിനാൽ കർശന സുരക്ഷയാണ് നായിഡുവിന് ഒരുക്കുന്നത്.
ചന്ദ്രബാബു നായിഡു ജാമ്യം തേടി ഇന്ന് ആന്ധ്ര ഹൈക്കോടതിയെ സമീപിക്കും. സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർഥ് ലുത്ര തന്നെയാകും ഹൈക്കോടതിയിലും ഹാജരാകുക. ഗവർണറുടെ അനുമതിയില്ലാതെ, നോട്ടീസ് നൽകാതെയാണ് നായിഡുവിനെ അറസ്റ്റ് ചെയ്തതെന്നും, മന്ത്രിസഭ അംഗീകരിച്ച നടപടിയുടെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയത് നിയമപരമല്ലെന്നും ലുത്ര വാദിക്കും.
നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനമെമ്പാടും കടുത്ത പ്രതിഷേധം ഉയർത്താനാണ് ടിഡിപിയുടെ തീരുമാനം. കോടതി റിമാൻഡ് ചെയ്തതോടെ ചന്ദ്രബാബു നായിഡുവിനെ ഇന്നലെ രാത്രി തന്നെ രാജമന്ധ്രി ജയിലിലേക്ക് മാറ്റിയിരുന്നു.
ഇന്നലെ എട്ട് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് വിജയവാഡയിലെ മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചത്. സ്‌കിൽ ഡെവലെപ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ ട്രെയിനിങ് സെന്ററുകൾ തുടങ്ങാനുള്ള പദ്ധതിയുടെ മറവിൽ സീമൻസ് ഇന്ത്യ എന്ന കമ്പനിക്ക് 371 കോടി രൂപ സർക്കാർ വിഹിതം ടെൻഡറോ പരിശോധനകളോ ഇല്ലാതെ അനുവദിച്ചുവെന്നും, ഇത് വിദേശത്തെ സ്വന്തം കടലാസ് കമ്പനികളിലേക്ക് നായിഡു മറിച്ചുവെന്നുമാണ് സിഐഡിയുടെ കേസ്.
നായിഡുവിനെ ജയിലിലേക്കു മാറ്റിതിനു പിന്നാലെ മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് എക്‌സ് പ്ലാറ്റ്‌ഫോമിൽ വൈകാരികമായ കുറിപ്പു പങ്കുവച്ചിരുന്നു. ''എന്റെ കോപം പതഞ്ഞുപൊങ്ങുന്നു, രക്തം തിളയ്ക്കുന്നു, രാജ്യത്തിനും തെലങ്കു ജനതയ്ക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത എന്റെ പിതാവ് അനീതിക്ക് ഇരായകേണ്ടി വരുന്നത് എന്തുകൊണ്ടാണ്''നാരാ ലോകേഷ് കുറിച്ചു.




