ഇസ്ലാമാബാദ്: ചന്ദ്രയാൻ -മൂന്ന് ഇന്ന് ചന്ദ്രനെ തൊടാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരിക്കയാണ്. വളരെ ശുഭാപ്തി വിശ്വാസത്തിലാണ് ഐഎസ്ആർഒ. റഷ്യയ്ക്ക് സാധിക്കാതെ പോയത് ഇന്ത്യയ്്ക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇത് ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പ് തന്നെയാണ്. ഇന്ത്യക്കാരെപോലെ തന്നെ പാക്കിസ്ഥാൻ ജനതയും ഇന്ത്യൻ നേട്ടത്തിനായി കാത്തിരിക്കയാണ്. ഈ സൂചനയാണ് പാക്കിസ്ഥാനിൽ നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും ഉണ്ടാകുന്നത്.

ചന്ദ്രയാൻ മൂന്ന് ഇറങ്ങുന്നത് പാക് മാധ്യമങ്ങൾ തത്സമയം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പാക് മുൻ മന്ത്രി രംഗത്തുവന്നു. ഇംറാൻ ഖാൻ മന്ത്രിസഭയിലെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന ഫവാദ് ചൗധരിയാണ് ഈ ആവശ്യം മുന്നോട്ടു വെച്ചത്. മനുഷ്യരാശിയുടെ ചരിത്ര നിമിഷം എന്ന് ദൗത്യത്തെ വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യൻ ശാസ്ത്രജ്ഞരെയും ഇന്ത്യൻ ബഹിരാകാശ സമൂഹത്തെയും അഭിനന്ദിച്ചു. എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെയാണ് ഫവാദ് ഇക്കാര്യം പറഞ്ഞത്.

'പാക് മാധ്യമങ്ങൾ ചന്ദ്രയാൻ -മൂന്ന് ചന്ദ്രനിലിറങ്ങുന്നത് തത്സമയം കാണിക്കണം... മനുഷ്യരാശിയുടെ ചരിത്ര നിമിഷം, ഇന്ത്യയിലെ ജനങ്ങൾക്കും ശാസ്ത്രജ്ഞർക്കും ബഹിരാകാശ സമൂഹത്തിനും.... ഒത്തിരി അഭിനന്ദനങ്ങൾ' -മുൻ പാക് മന്ത്രി ട്വീറ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് 6.04നാണ് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദു ഇറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്തുന്നത്.

ൃദൗത്യം രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തിൽ നാഴികക്കല്ലാവും. ചന്ദ്രനിലെ ശാസ്ത്ര രഹസ്യം തേടിയുള്ള അഭിമാന ദൗത്യമായ ചന്ദ്രയാൻ- മൂന്നിന്റെ ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ശരിയായ രീതിയിലാണെന്ന് ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചിരുന്നു. നാലുവർഷത്തിനിടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമാണിത്. പരാജയപ്പെട്ട ചന്ദ്രയാൻ- രണ്ട് ദൗത്യത്തിന്റെ തുടർച്ചയായാണ് എല്ലാ പരാജയ സാധ്യതകൾക്കും പരിഹാര സംവിധാനങ്ങളുമായി ചന്ദ്രയാൻ- മൂന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്.

ചന്ദ്രനിൽനിന്ന് കുറഞ്ഞത് 25 കിലോമീറ്ററും കൂടിയത് 134 കിലോമീറ്ററും അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ -മൂന്ന് ദൗത്യത്തിന്റെ പ്രധാന ഭാഗമായ ലാൻഡർ മൊഡ്യൂൾ സഞ്ചരിക്കുന്നത്. വിക്രം എന്നുപേരുള്ള ലാൻഡറും പ്രഗ്യാൻ എന്നുപേരുള്ള റോവറുമടങ്ങുന്ന ലാൻഡർ മൊഡ്യൂൾ 19 മിനിറ്റ് നീളുന്ന പ്രക്രിയയിലൂടെയാണ് പതിയെ ചന്ദ്രനിലിറങ്ങുക. വൈകീട്ട് 5.45ന് ഇതിന് തുടക്കമാവും. 'ഭീകര നിമിഷങ്ങൾ' എന്ന് ശാസ്ത്രജ്ഞർ തന്നെ വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തിൽ, ലാൻഡറിലെ ത്രസ്റ്റർ എൻജിനുകൾ കൃത്യസമയത്ത് കൃത്യ ഉയരത്തിൽ കൃത്യ ഇന്ധനത്തിൽ പ്രവർത്തിക്കുകയും ലാൻഡിങ് ഏരിയ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണം. മൃദുവിറക്കം വിജയകരമായാൽ പര്യവേക്ഷണത്തിനായി ലാൻഡറിന്റെ വാതിലുകൾ തുറന്ന് ആറു ചക്രങ്ങളുള്ള റോബോട്ടിക് വാഹനമായ റോവർ പുറത്തിറങ്ങും.

ചന്ദ്രയാൻ -3 ലക്ഷ്യത്തിലെത്തിയാൽ, സോവിയറ്റ് യൂനിയൻ, യു.എസ്, ചൈന എന്നിവക്കുശേഷം ചന്ദ്രനിൽ മൃദു ഇറക്കംനടത്തുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ.