കണ്ണൂര്‍: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ കണ്ണൂര്‍ എഡിഷനില്‍ അച്ചടിച്ചുവന്നത് പുതുവര്‍ഷത്തിലെ കൗതുക വാര്‍ത്ത. പ്രിന്റിങ് പ്രക്രിയക്കിടെ സംഭവിച്ച അബദ്ധമാണ് ഈ അപ്രതീക്ഷിത 'തിരിമറിക്ക്' പിന്നിലെന്നാണ് പ്രാഥമിക സൂചന.

ഇന്നത്തെ ജന്മഭൂമി ദിനപ്പത്രത്തിന്റെ കണ്ണൂര്‍ എഡിഷനിലാണ് ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് തെറ്റി അച്ചടിച്ചുവന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, എം.കെ. മുനീര്‍ എന്നിവരുടെ ലേഖനങ്ങള്‍ക്കൊപ്പം 'അലകും പിടിയും ഇടതുമുന്നണി' എന്ന തലക്കെട്ടിലുള്ള ചന്ദ്രികയുടെ മുഖപ്രസംഗവും ജന്മഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു.

സാധാരണയായി ഓരോ പാര്‍ട്ടിയുടെയും ഔദ്യോഗിക നിലപാടുകളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന മുഖപത്രങ്ങള്‍ മാറി അച്ചടിച്ചുവന്നത് അച്ചടിയിലെ ഗുരുതരമായ പിഴവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് രംഗത്തെത്തി. ജന്മഭൂമിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചുവന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ തൊട്ടുനോക്കാന്‍ പോലും തയ്യാറായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പി എം മനോജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

അബദ്ധങ്ങള്‍ സ്വാഭാവികമാണ്.

ഒരേ പ്രസ്സില്‍ നിന്ന് രണ്ടു പത്രം അച്ചടിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അബദ്ധം പറ്റി പരസ്പരം പേജുകള്‍ മാറിപ്പോകുന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് പ്രസിദ്ധീകരിച്ച ജന്മഭൂമി പത്രത്തില്‍ എഡിറ്റോറിയല്‍ പേജ് ചന്ദ്രികയുടേതാണ്. ബാക്കി എല്ലാ പേജും ജന്മഭൂമിയുടേതും.

ഒരു അബദ്ധം എന്ന് പറഞ്ഞ് അതിനെ സാധൂകരിക്കാന്‍ ഇരു പത്രങ്ങള്‍ക്കും പറ്റും. അത് അവര്‍ ചെയ്യട്ടെ. അതല്ല ഞാന്‍ പറയുന്നത്. ചന്ദ്രിക ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ മുഖപത്രമാണ്. ജന്മഭൂമി ബിജെപിയുടേതും.

ഒരു പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ആ പത്രത്തിന്റെയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും അഭിപ്രായങ്ങളാണ് അച്ചടിച്ചു വരിക. ജന്മഭൂമിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചു വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടു തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയല്‍ പേജില്‍ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതം.

അതായത് ചന്ദ്രികയുടെ എഡിറ്റോറിയല്‍ പോളിസി ബിജെപിക്ക് പരിപൂര്‍ണ്ണമായി ഏറ്റെടുക്കാവുന്ന ഒന്നാണ് എന്നര്‍ത്ഥം! ഇതിനെയല്ലേ അന്തര്‍ധാര, അന്തര്‍ധാര എന്ന് പറയുന്നത്?