കോട്ടയം: വിദഗ്ധ ചികിത്സയ്ക്കായി ഈ ആഴ്ച അവസാനത്തോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക് പോകും. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻ ചാണ്ടി ഇന്നലെ വൈകുന്നേരത്തോടെ സ്വദേശമായ പുതുപ്പള്ളിയിലെത്തി. ഇനി ജർമ്മനിയിൽ പോകുന്നത് വരെ പുതുപ്പള്ളിയിൽ തന്നെ തുടരും. അതേസമയം, അപ്പായുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും താാൻ ഭാരത് ജോഡോ യാത്രയിലെത്തിയെന്ന് മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു. മകനെന്ന നിലയിൽ തനിക്ക് അപ്പായ്‌ക്കൊപ്പം നിൽക്കാൻ ആഗ്രഹമുണ്ടെങ്കിലും, ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറരുത് എന്നാണ് അപ്പായുടെ പിടിവാശി എന്നും ചാണ്ടി ഉമ്മൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധം നടത്തുന്നുവെന്ന നവമാധ്യമ വാർത്തകൾ വല്ലാതെ മനസ്സ് തളർത്തിയെങ്കിലും,അതിന് പലരും പല വഴികളിലും ശ്രമിക്കുമെന്നും തളർന്നാൽ നമ്മൾ കഴിവില്ലാത്തവനാണ് എന്ന് കരുതണണമെന്നും പിതാവ് ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ചാണ്ടി ഉമ്മന്റെ കുറിപ്പിന്റെ പൂർണരൂപം:

അപ്പായുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും ഞാൻ ഭാരത് ജോഡോ യാത്രയിലെത്തി. അപ്പ ഇങ്ങനെയാണ്. വിദഗ്ദ്ധ ചികിത്സക്കായി ഈ ആഴ്ച വിദേശത്തേയ്ക്ക് അദ്ദേഹത്തിന് പോകണം. അതുവരെയും കൂടെ നിൽക്കുകയും വിദേശത്തേയ്ക്ക് അപ്പായെ അനുഗമിക്കുകയും ചെയ്യുക എന്നുള്ളത് മകനെന്ന നിലയിൽ എന്റെ കടമയാണ്. പക്ഷെ അപ്പായുടെ പിടിവാശി വിദേശത്തേയ്ക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറരുത് എന്നുള്ളതാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ചില നവമാധ്യമ വാർത്തകൾ എന്നെ മാനസികമായി തളർത്തിയിരുന്നു. അതിനും അപ്പായ്ക്ക് ഒറ്റ മറുപടിയെ എന്നോട് പറയാനുണ്ടായിരുന്നുള്ളൂ. മനസ്സിനെ തളർത്താൻ പലരും പല വഴികളിലും ശ്രമിക്കും. തളർന്നാൽ നമ്മൾ കഴിവില്ലാത്തവനാണ് എന്ന് കരുതണം. പിന്നെ സ്ഥിരമായ അപ്പായുടെ ശൈലിയും. മനസാക്ഷിയുടെ കോടതിയിൽ നമ്മൾ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാൽ മതി.

അപ്പ ഏതൊക്കെ വിഷയത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ശരിയെന്ന് കാലവും തെളിയിച്ചിട്ടുണ്ട്. കുടുംബത്തിനെതിരെ ഇപ്പോൾ വന്ന ആരോപണങ്ങൾക്കെതിരെ നിയമനടപടികൾ തേടണം എന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ മനസാക്ഷിയുടെ കോടതിയിൽ തീരുമാനം ദൈവത്തിന് തന്നെ വിടുന്നതാണ് നല്ലത് എന്നാണ് വിധിച്ചതും.

നാടിന് അദ്ദേഹം ഉമ്മൻ ചാണ്ടിയാണെങ്കിൽ എനിക്ക് അത് എന്റെ അപ്പയാണ്. അപ്പ പറഞ്ഞ ഒരു കാര്യങ്ങളും ഞാൻ ഇന്നേവരെ അനുസരിക്കാതിരുന്നിട്ടില്ല. അതുകൊണ്ടാണ് എന്റെ മനസ്സ് അവിടെ നിർത്തിക്കൊണ്ട് ഞാൻ ഇന്ന് യാത്രയുടെ ഭാഗമാകുന്നതും അപ്പായുടെ ചെറിയ ശാരീരിക ബുദ്ധിമുട്ടിനെ സ്വന്ത കൂടപ്പിറപ്പിന്റെ ബുദ്ധിമുട്ടുകളെപ്പോലെ കണ്ട് ഓടിവന്നവരും, ഫോണിൽ നിരന്തരം ബന്ധപ്പെട്ടവരും, സുമനസ്സുകളുടെ ആശങ്ക പരിഹരിക്കാൻ വാർത്തകൾ നൽകിയ മാധ്യമ സുഹൃത്തുക്കളും , ഞങ്ങൾ അറിയാതെ അപ്പയ്ക്കായ് പ്രാർത്ഥിച്ചവരും, മനസ്സുകൊണ്ട് പ്രാർത്ഥനയിൽ മുഴുകിയവരും അങ്ങനെ എത്രയോ പേർ. എല്ലാപേരോടും കടപ്പാടുകൾ മാത്രം. ഈ വിഷയത്തെപ്പോലും നവമാധ്യമങ്ങളിലൂടെ സ്വന്തം പബ്ലിസിറ്റിക്കായ് ഉപയോഗിച്ചവരോട് പരിഭവങ്ങളില്ല. അതുകണ്ട് സന്തോഷിച്ചവരോട് പരാതികളില്ല.

നേരത്തെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസ്സം നിൽക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.

'ഞങ്ങൾക്ക് ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദർഭമില്ല. ചികിത്സ നിഷേധം നടത്തിയിട്ട് ഞങ്ങൾക്ക് എന്താണ് നേടാനുള്ളത്? ഏറ്റവും മികച്ച ചികിത്സ ഞങ്ങളുടെ പിതാവിന് കൊടുക്കണമെന്ന ആഗ്രഹമേയുള്ളൂ. വ്യാജപ്രചരണം നടത്തുന്നത് മൂലം ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടിലാണ്.'' എന്നാണ് മകൻ പ്രതികരിച്ചത്.

31ാം തീയതിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ 79ാം പിറന്നാൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി ആശംസ അറിയിച്ചിരുന്നു. ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഷാളണിയിച്ച് ആശംസ അറിയിച്ച ശേഷമാണ് മടങ്ങിയത്.