- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ സഹോദരന് മറുപടി നൽകാൻ താനില്ല; ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിക്കഴിഞ്ഞു; ചികിത്സ നിഷേധിക്കുന്നെന്ന പരാതിയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ; അലക്‌സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ട് എ കെ ആന്റണി
കോട്ടയം: ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന് ആവർത്തിച്ച് ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി രംഗത്തു വന്നതോടെ മറുപടിയുമായി ചാണ്ടി ഉമ്മൻ രംഗത്തുവന്നു. അച്ഛന് ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ അച്ഛന്റെ സഹോദരൻ നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകാൻ താനില്ലെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മൻ ചാണ്ടി തന്നെ മറുപടി നൽകിക്കഴിഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനിടെ ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി മുൻ മുഖ്യമന്ത്രി എ കെ ആന്റണി കണ്ടു. എം എം ഹസനും ആന്റണിക്കൊപ്പം ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയെ ചികിത്സിക്കാൻ ബംഗളുരുവിലേക്ക് കൊണ്ടുപോയേക്കുമെന്നും സൂചനകളുണ്ട്.
ഇന്നലെ ഉമ്മൻ ചാണ്ടി മാധ്യമവാർത്തകൾ തള്ളി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉമ്മൻ ചാണ്ടിക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സ കുടുംബം തടയുകയാണെന്ന് സഹോദരൻ ആരോപിച്ചത്. മകൻ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ നൽകേണ്ടന്ന് പറയുന്നത്. മഞ്ഞളുവെള്ളം കലക്കിക്കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് ഉമ്മൻ ചാണ്ടിയെ ന്യൂയോർക്കിൽ കൊണ്ടുപോയിരുന്നു. എന്റെ മകൻ അവിടെയുണ്ടായിരുന്നു. അവനെ അറിയിച്ചിരുന്നു. അവനും ന്യൂയോർക്കിൽ ചെന്നു. അന്ന് രോഗത്തിന്റെ ആരംഭമാണ്. കുരുമുളകിന്റെ വലിപ്പം പോലുമില്ല, കരിച്ചുകളഞ്ഞാൽ മതിയെന്നാണ് ഡോക്ടർ പറഞ്ഞത്. അരമണിക്കൂർ കൊണ്ട് ചികിത്സ നടത്താമെന്നും പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മകളും എന്റെ മകനുമെല്ലാം ഓപറേഷൻ നടത്താമെന്നു പറഞ്ഞു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി അമ്മയെ വിളിച്ചു ചികിത്സ തുടങ്ങാൻ പോകുകയാണെന്ന് പറഞ്ഞു. അമ്മ ചേട്ടന്റെ അടുത്ത് ഫോൺ കൊടുക്കാൻ പറഞ്ഞു. ചെക്കപ്പിനു പോയതല്ലേ, ഓപറേഷൻ വേണ്ടെന്ന് ഭാര്യ അദ്ദേഹത്തോട് പറയുകയാണ് ഉണ്ടായത്. 'ഉമ്മൻ ചാണ്ടി ആദ്യമൊന്നും കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഇവരുടെ കരച്ചിലും ബഹളവും കാരണം വഴങ്ങുകയായിരുന്നു. അങ്ങനെയാണ് ഓപറേഷനൊന്നുമില്ലാതെ തിരിച്ചുപോന്നത്. ഞങ്ങൾക്ക് ആരോടും വൈരാഗ്യമൊന്നുമില്ല. ചികിത്സ നടക്കണം. അതിനാണ് പറയുന്നത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നുണ്ട്. പക്ഷെ, ചികിത്സ നടക്കുന്നില്ല.'
'ജർമനിയിൽ പോയപ്പോഴും ചികിത്സ വേണമെന്ന് അവർ സമ്മതിച്ചിരുന്നില്ല. ചികിത്സ വേണമെന്നു പറയുന്ന സമയത്ത് തിരിച്ചുപോരുകയാണ് ചെയ്യുന്നത്. ഇളയ മകൻ ചാണ്ടിയും മൂത്ത മകനുമാണ് ചികിത്സ തടയുന്നത്.'- അലക്‌സ് ചാണ്ടി ആരോപിച്ചു. മനഃപൂർവമാണോ എന്ന് അറിയില്ല. ചികിത്സയിൽ വിശ്വാസമില്ലാഞ്ഞിട്ടാകും. ആയുർവേദ ചികിത്സ നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. ആയുർവേദ മരുന്ന് കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. മഞ്ഞളുവെള്ളം കൊടുത്തുകൊടുത്ത് ചെട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. പ്രാർത്ഥനക്കാരാണ് ആദ്യം ഇതിനെ വഴിതെറ്റിച്ചുവിട്ടതെന്ന് അറിയാം. പ്രാർത്ഥനയിലൂടെ രോഗം ഭേദമാകുമെന്ന നിലപാടിലാണ് ഇവരെന്നും അലെക്സാണ്ടർ ചൂണ്ടിക്കാട്ടി.
ആരോഗ്യസ്ഥിതി അതീവഗുരുതരമാണ്. ഇക്കാര്യത്തിൽ സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കണം. അതിന് ഇവർ തയാറാകുന്നില്ല. ഇത് കുടുംബതർക്കമല്ല. അവരോട് വളരെ യോജിപ്പാണ്. ആരോടും വൈരാഗ്യമൊന്നുമില്ല. കോൺഗ്രസിൽനിന്ന് പലരും വിളിച്ച് ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചേട്ടനെ ചികിത്സിക്കണം എന്നു മാത്രമാണ് പറയാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അലക്‌സ് ചാണ്ടി പറഞ്ഞു.
ഇന്നലെയാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് വി ചാണ്ടി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്നാണ് പരാതിയിൽ പറഞ്ഞത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്‌സ് വി ചാണ്ടി പറഞ്ഞു.
ആരോഗ്യനിലയെ കുറിച്ച് ഇന്നലെ ഉമ്മൻ ചാണ്ടി ഫേസ്‌ബുക്കിൽ കുറിച്ചത്:
'എന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ചില കോണുകളിൽ നിന്ന് വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണയുണ്ടാകുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ഏറെ ഖേദം ഉണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് എന്റെ കുടുംബവും, പാർട്ടിയും, ചികിത്സയുമായി മുന്നോട്ട് പോകുന്നത്. എന്റെ രോഗവും ചികിത്സയും സംബന്ധിച്ച് എനിക്കും കുടുംബത്തിനും വ്യക്തമായ ബോധ്യമുണ്ട്.
അതുകൊണ്ട്, ഒരാൾക്കെതിരെയും നടത്താൻ പാടില്ലാത്ത വേദനിപ്പിക്കുന്ന പ്രചരണം അവസാനിപ്പിക്കണമെന്ന് സ്‌നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ നടക്കുന്ന ദുഷ്പ്രചരണം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ മാനസിക പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഞാനിപ്പോഴും കർമ്മമണ്ഡലത്തിൽ തന്നെ സജീവമായി ഉണ്ട്.
മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണം എന്റെ ശരീരത്തെ അലട്ടുന്നുണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. ലോകത്തിലെ മികച്ച വൈദ്യശാസ്ത്രത്തിന്റെ നിർദ്ദേശാനുസരണമാണ് എന്റെ ചികിത്സ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ഇതിന് പിന്നിൽ അറിഞ്ഞോ, അറിയാതെയോ ഇടപെട്ടിട്ടുള്ളവർ ഇനിയെങ്കിലും ഇത്തരം പ്രചരണങ്ങളിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു.'
മറുനാടന് മലയാളി ബ്യൂറോ