- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോഗ്രാഫിയോട് കമ്പക്കാരി; ചെറുപ്പത്തിൽ ഉച്ചരിച്ചുന്ന പേര് തെറ്റിച്ചു വിളിച്ചപ്പോൾ ലിലിബെറ്റ് എന്ന ഇരട്ടപ്പേരു വീണു; ആഫ്രിക്കയും കരീബിയൻ രാജ്യങ്ങളും കോളനിവാഴ്ചയിൽ നിന്ന് മോചിതരായതും എലിസബത്ത് രാജ്ഞിയുടെ കാലത്ത്; രാജ്ഞിയുടെ അന്ത്യത്തോടെ മൂത്ത മകൻ ചാൾസ് ബ്രിട്ടനിലെ പുതിയ രാജാവാകും; രാജപത്നിയായി കാമിലയും
ലണ്ടൻ: ലോകത്ത് രാജവാഴ്ച്ചയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്നവരുടെ കൂട്ടത്തിലാണ് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞ്ജി എലിസബത്ത്. 2022 ജൂണിൽ, എലിസബത്ത് അധികാരത്തിൽ ഏറിയതിന്റെ ഏഴുപതാം വാർഷികമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ബ്രിട്ടണിൽ നാലുദിവസം ദേശീയ ആഘോഷങ്ങൾ നടക്കുകയും ചെയ്തു.
എന്നാൽ രാജവാഴ്ചയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നതിലെ ഒന്നാംസ്ഥാനം ഫ്രാൻസിന്റെ ലൂയി പതിനാലാമനാണ്. 1643-ൽ നാലാം വയസ്സിലാണ് അദ്ദേഹം രാജാവായത്. രണ്ടാംസ്ഥാനത്ത് എലിസബത്ത് രാജ്ഞി. മൂന്നാംസ്ഥാനത്തുള്ളത് തായ്ലൻഡിന്റെ ഭൂമിബോൽ അതുല്യതേജാണ്. 1927-നും 2016-നും ഇടയിൽ എഴുപതുവർഷവും 126 ദിവസവുമാണ് അദ്ദേഹം രാജപദവി വഹിച്ചത്. 2016-ൽ ആണ് അദ്ദേഹം അന്തരിച്ചത്.
പിതാവ് കിങ് ജോർജ് ആറാമന്റെ മരണത്തെ തുടർന്ന് 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് അധികാരത്തിലെത്തുന്നത്. അന്ന് 25 വയസ്സായിരുന്നു അവർക്ക് പ്രായം. എന്നാൽ ഒരു കൊല്ലത്തിനിപ്പുറം 1953 ജൂൺ രണ്ടിനാണ് എലിസബത്തിന്റെ കിരീടധാരണം നടക്കുന്നത്. 1977, 2002, 2012 വർഷങ്ങളിൽ എലിസബത്തിന്റെ കിരീടധാരണത്തിന്റെ രജതം, സുവർണം, വജ്രം, പ്ലാറ്റിനം ജൂബിലികൾ യഥാക്രമം ആഘോഷിച്ചിരുന്നു.
ഫോട്ടോഗ്രഫി ഏറെ ഇഷ്ടമായിരുന്നു എലിസബത്തിന്. ലിലിബെറ്റ് എന്നായിരുന്നു അവരുടെ ഇരട്ടപ്പേര്. ചെറുപ്പത്തിൽ എലിസബത്ത് എന്ന പേര് അവർ ഉച്ചരിച്ചിരുന്നത് ലിലിബെറ്റ് എന്നായിരുന്നു. അങ്ങനെയാണ് ഇത്തരമൊരു പേര് നിലവിൽവന്നത്.
നിരവധി ചരിത്രസംഭവങ്ങൾക്ക് എലിസബത്തിന്റെ ഭരണകാലയളവ് സാക്ഷ്യംവഹിച്ചിരുന്നു. 1960-70 കാലയളവിൽ ആഫ്രിക്കയും കരീബിയൻ രാജ്യങ്ങളും കോളനിവാഴ്ചയിൽനിന്ന് മോചിതമായതാണ് ഇതിൽ പ്രധാനം. ഇക്കാലയളവിൽ ഏകദേശം 20 രാജ്യങ്ങളാണ് ബ്രിട്ടണിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. കോളനികൾ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ബ്രിട്ടീഷ് സാമ്രാജ്യം തകരുകയും ഒരു രാജ്യമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന് 1973-ൽ എഡ്വാർഡ് ഹീത്ത് പ്രധാനമന്ത്രിയായിരിക്കെയാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന് ബ്രിട്ടൺ പുറത്തുവന്നുകൊണ്ടിരുന്ന കാലത്താണ് എലിസബത്ത് അധികാരത്തിലേറുന്നത്. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾ അന്ന് ബ്രിട്ടൻ നേരിട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് എലിസബത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു എലിസബത്തിന്റെ ഭരണകാലയളവിലെ ആദ്യ ബ്രിട്ടൺ പ്രധാനമന്ത്രി. അന്ന് ജോസഫ് സ്റ്റാലിൻ ആയിരുന്നു സോവിയറ്റ് യൂണിയന്റെ തലപ്പത്ത്. 1979-ൽ മാർഗരറ്റ് താച്ചർ ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റതും എലിസബത്തിന്റെ കാലത്താണ്. എലിസബത്തിന്റെ മകൻ ചാൾസിന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി കാർ അപകടത്തിൽ മരിച്ചത് 1997-ലാണ്. അന്ന് ഡയാനയുടെ സംസ്കാരച്ചടങ്ങിന് തലേന്ന് എലിസബത്ത്, അനുസ്മരണ പ്രഭാഷണം നടത്തിയിരുന്നു.
രാജ്ഞിയുടെ അന്ത്യത്തോടെ അവരുടെ മൂത്ത മകൻ ചാൾസാകും ബ്രിട്ടനിലെ രാജാവ്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് 'ക്വീൻ കൊൻസൊറ്റ്' (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്.
രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം ഏപ്രിലിൽ 99ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.
മറുനാടന് ഡെസ്ക്