ന്യൂഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിക്ക് സമീപം കത്തിക്കരിഞ്ഞ നോട്ടിന്റെ അവശിഷ്ടങ്ങള്‍. അഞ്ഞൂറ് രൂപ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും വസതിയുടെ പരിസരത്തായി കാണാം. മാലിന്യം ശേഖരിക്കാനെത്തിയ ശുചീകരണത്തൊഴിലാളികള്‍ ഇത്തരത്തില്‍ നോട്ടുകഷണങ്ങള്‍ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ ഞായറാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിസരത്തു നിന്ന് കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. ഇതെല്ലാം തെളിവായി മാറിയതാണ് ജഡ്ജിക്ക് തിരിച്ചടിയായി മാറിയത്. തീയണക്കുന്നതിനിടെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തിയ സംഭവത്തില്‍ മറുപടിയുമായി യശ്വന്ത് വര്‍മ രംഗത്തുവന്നിരുന്നു. തീപിടിത്തത്തിനു ശേഷം അവിടേക്ക് പോയ തന്റെ ജീവനക്കാര്‍ പണത്തിന്റെ അവശിഷ്ടമൊന്നും കണ്ടിട്ടില്ലെന്നാണ് വര്‍മയുടെ വാദം.

'മാര്‍ച്ച് 14ന് അര്‍ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. അപ്പോള്‍ എന്റെ മകളും പ്രൈവറ്റ് സെക്രട്ടറിയും വിവരം അഗ്‌നിശമന സേനയെ അറിയിച്ചു. അവരുടെ കോളുകള്‍ കൃത്യമായി റെക്കോഡ് ചെയ്യപ്പെടുന്നതാണ്. തീ അണക്കാനുള്ള ശ്രമത്തിനിടെ സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തി എല്ലാ ജീവനക്കാരോടും വീട്ടിലെ മറ്റ് അംഗങ്ങളോടും സംഭവസ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. തീ അണച്ച ശേഷം അവര്‍ തിരിച്ചുവന്നപ്പോള്‍ അവിടെ പണമോ കറന്‍സിയോ ഒന്നും കണ്ടെത്തിയിട്ടില്ല'-എന്നാണ് യശ്വന്ത് വര്‍മ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്.

''സ്ഥലത്തുണ്ടെന്ന് പറയപ്പെടുന്ന പണത്തിന്റെയോ കറന്‍സിയുടെയോ അവശിഷ്ടങ്ങള്‍ ജീവനക്കാര്‍ ആരും കണ്ടിട്ടില്ല. അതൊന്നും പരിസരത്ത് നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. നീക്കം ചെയ്ത അവശിഷ്ടങ്ങള്‍ അവര്‍ സൂക്ഷിച്ചുവെച്ചത് ഇപ്പോഴും വീട്ടില്‍ ഉണ്ട്. അത് വേറിട്ട് പ്രത്യേകം വീട്ടില്‍ സൂക്ഷിച്ചിട്ടുമുണ്ട്. -എന്നും കത്തില്‍ പറയുന്നുണ്ട്. ഈ സംഭവം തന്നെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഒരു ഗൂഢാലോചനയാണെന്നും വര്‍മ വിശദീകരിക്കുന്നുണ്ട്. അതിനിടെ വര്‍മയെ പ്രതിക്കൂട്ടിലാക്കി വീടിനു സമീപത്ത് നിന്ന് വീണ്ടും കത്തിയ നിലയിലുള്ള 500 ന്റെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയിരുന്നു.

അതിനിടെ ജസ്റ്റിസ് വര്‍മയുടെ വസതിയില്‍നിന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ കത്തിക്കരിഞ്ഞ നോട്ടുചാക്കുകള്‍ കണ്ടിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം നിലപാടെടുത്ത ഡല്‍ഹി അഗ്‌നിരക്ഷാസേന മേധാവി അതുല്‍ ഗാര്‍ഗ് നിലപാട് തിരുത്തി. നോട്ടുനിറച്ച ചാക്കുകള്‍ കണ്ടെത്തിയിരുന്നില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാര്‍ഗ് വ്യക്തമാക്കി.

അതിനിടെ, യശ്വന്ത് വര്‍മയുടെ വീട്ടില്‍നിന്ന് പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.

മാര്‍ച്ച് 14ന് രാത്രി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലെ തീപിടിത്തത്തിന് പിന്നാലെയാണ് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തീ അണക്കാന്‍ എത്തിയ അഗ്‌നിശമനസേനക്കാണ് കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം ലഭിച്ചത്. അഗ്‌നിശമനസേന എത്തുമ്പോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. തീ അണച്ചതിന് ശേഷം നശിച്ച സാധനങ്ങളുടെ കണക്കെടുപ്പ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്.

വിശദമായ പരിശോധനയില്‍ അനധികൃത പണമാണെന്ന് മനസ്സിലായി. ഇതോടെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ഇതിന് പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൊളീജിയം യോഗം വിളിക്കുകയും ജഡ്ജിയെ അടിയന്തരമായി അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. 2021 ഒക്ടോബറിലാണ് യശ്വന്ത് വര്‍മ ഡല്‍ഹി ഹൈകോടതിയില്‍ നിയമിതനായത്.

വിവാദത്തില്‍പ്പെട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ, സിബിഐ അന്വേഷിക്കുന്ന 2018ലെ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന വിവരങ്ങളും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സിംഭോളി ഷുഗര്‍ മില്‍സിനും അതിന്റെ ഡയറക്ടര്‍മാര്‍ക്കും അന്നത്തെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യശ്വന്ത് വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരെ സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നുവെന്ന വിവരം പുതിയ സാഹചര്യത്തില്‍ പുറത്തായിരിക്കുകയാണ്. സിംഭോളി ഷുഗര്‍ മില്‍സിനും അതിന്റെ ഡയറക്ടര്‍മാര്‍ക്കും അന്ന് നോണ്‍എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന വര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ക്കും എതിരെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അന്ന് യുപിയിലെ അഭിഭാഷകനായിരുന്നു വര്‍മ. വഞ്ചനാപരമായ വായ്പാ പദ്ധതിയിലൂടെ പഞ്ചസാര മില്‍ ബാങ്കിനെ വഞ്ചിച്ചെന്ന് ആരോപിച്ച് ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് (ഒബിസി) നല്‍കിയ പരാതിയിലായിരുന്നു സിബിഐയുടെ നടപടി.

2012 ജനുവരി മുതല്‍ മാര്‍ച്ച് വരെ വളം, വിത്തുകള്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയതിന് ഒബിസിയുടെ ഹാപൂര്‍ ബ്രാഞ്ച് 5,762 കര്‍ഷകര്‍ക്ക് 148.59 കോടി രൂപ അനുവദിച്ചിരുന്നു. കര്‍ഷകരുടെ വ്യക്തിഗത അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് മുമ്പ് ഫണ്ടുകള്‍ ഒരു എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റേണ്ടതായിരുന്നു. എന്നാല്‍ വ്യാജ കെവൈസി രേഖകള്‍ സമര്‍പ്പിച്ച് ഫണ്ട് വഴിതിരിച്ചുവിട്ട് കമ്പനി വായ്പ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ഇതില്‍ 100 കോടിയോളം രൂപയാണ് ഒബിസിക്ക് നഷ്ടമായത് അതിലേറെ തുക കുടിശ്ശികയാകുകയുംചെയ്തെന്നുമാണ് കേസ്.

സിബിഐ തുടങ്ങിയ നടപടിയുടെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിന്നീട് സമാന്തര അന്വേഷണവും ആരംഭിച്ച കേസാണിത്. കമ്പനിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ മരുമകനുമായ ഗുര്‍പാല്‍ സിങ്ങും കേസിലെ പ്രതിയാണ്.