- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിലെ പതിവ് ഭക്തനെയായിരിക്കണം ട്രസ്റ്റി; വിഗ്രഹാരാധകനും ക്ഷേത്രം സ്ഥിതി ചെയ്യുന്ന താലൂക്കിൽ താമസിക്കുന്നയാളും ആയിരിക്കണം; ജോലിത്തിരക്കുള്ളയാളോ രാഷ്ട്രീയ പാർട്ടികളുടെ സജീവ പ്രവർത്തകരോ ആഗ്രഹിക്കരുത്; ഇനി മലബാറിലെ ക്ഷേത്രങ്ങളിൽ രാഷ്ട്രീയ ഭരണം നടക്കില്ല; ഡിവിഷൻ ബെഞ്ച് ഉത്തരവ് അതിനിർണ്ണായകം
കൊച്ചി: പാലക്കാട്ടെ കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടായിരുന്നു ചാത്തു അച്ചൻ കേസ്. അന്ന് തന്നെ ഹൈക്കോടതി ആരാകണം മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ട്രസ്റ്റികളെന്ന് വ്യക്തമാക്കിയിരുന്നു. അതാണ് ഒറ്റപ്പാലം പൂക്കോട്ട് കാളികാവ് ക്ഷേത്രത്തിലും നടക്കാതെ പോയത്. ഇതുകൊണ്ടാണ് രാഷ്ട്രീയക്കാർ ക്ഷേത്രങ്ങളിൽ വേണ്ടെന്ന നിർണ്ണായക ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. ക്ഷേത്രത്തിലെ പതിവ് ഭക്തനെയായിരിക്കണം ട്രസ്റ്റിയായി തിരഞ്ഞെടുക്കേണ്ടത്. വിഗ്രഹാരാധകനും ക്ഷേത്രം സ്ഥിതി ചെയ്യുന്ന താലൂക്കിൽ താമസിക്കുന്നയാളും ആയിരിക്കണം. ജോലിത്തിരക്കുള്ളയാളോ രാഷ്ട്രീയ പാർട്ടികളുടെ സജീവ പ്രവർത്തകരോ ക്ഷേത്രം ട്രസ്റ്റികളാകാൻ ആഗ്രഹിക്കരുത്. ഇക്കാര്യം മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ഉറപ്പാക്കണമെന്നായിരുന്നു ചാത്തു അച്ചൻ കേസിലെ വിധി. ഇത് മാത്രമേ ഇനി മലബാർ ദേവസ്വം ബോർഡ് ട്രസ്റ്റി നിയമനത്തിന് പാലിക്കാൻ പാടുള്ളൂ.
ക്ഷേത്ര ഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയിൽ സിപിഎം പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയതിന് എതിരായ ഹർജിയിലാണ് ഉത്തരവ്. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ടീയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഇന്നലത്തെ നടപടി നടപടി. മലബാർ ദേവസ്വത്തിന് കീഴിലുള്ള കാളിക്കാവ് ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെങ്കിലും ഭാവിയിൽ ഈ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് നിയമവിദഗ്ദ്ധർ കരുതുന്നത്. ലംഘിക്കപ്പെട്ടാൽ മലബാർ ദേവസ്വം ബോർഡിന് കോടതി അലക്ഷ്യ നടപടികളും നേരിടേണ്ടി വരും.
മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ട്രസ്റ്റികളായി സജീവ രാഷ്ട്രീയപ്രവർത്തകരെയും ഭാരവാഹികളെയും നിയമിക്കരുതെന്നു ഹൈക്കോടതി വിധിച്ചത് ചാത്തു അച്ചൻ കേസ് കൂടി ഉദ്ദരിച്ചാണ്. ധാർമികതയ്ക്കു നിരക്കാത്ത കേസുകളിൽപ്പെട്ടവരും ക്ഷേത്ര ട്രസ്റ്റികളായി നിയമിക്കപ്പെടാൻ യോഗ്യരല്ല. യോഗ്യതയില്ലാത്തവരെയും വിശ്വാസ യോഗ്യരല്ലാത്തവരെയും പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കുന്നത് ഒഴിവാക്കുന്നതിനായി, നിയമന നടപടികൾക്കു മുൻപ് ദേവസ്വം ബോർഡ് യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
മലബാർ ദേവസ്വത്തിനു കീഴിലുള്ള ഒറ്റപ്പാലം പൂക്കോട്ട് കാളികാവ് ക്ഷേത്രത്തിൽ സിപിഎം ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ്, പങ്കജാക്ഷൻ എന്നിവരെ 2021 ൽ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ചതിനെതിരെ അനന്തനാരായണൻ, പി.എൻ.ശ്രീരാമൻ എന്നിവരാണു കോടതിയിലെത്തിയത്. നിയമിതരായ 3 പേർക്കും യോഗ്യതയില്ലെന്നും കഴിഞ്ഞ 20നു കാലാവധി പൂർത്തിയായതിനാൽ നിയമനം റദ്ദാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പാർട്ടി ഭാരവാഹിത്വം ലഭിച്ചപ്പോൾ ട്രസ്റ്റി ബോർഡ് നേതൃത്വം ഒഴിഞ്ഞെന്ന് അശോക്കുമാർ, രതീഷ് എന്നിവരും ഡിവൈഎഫ്‌ഐ രാഷ്ട്രീയ സംഘടനയല്ലെന്നു പങ്കജാക്ഷനും വാദിച്ചു. എന്നാൽ, സജീവ രാഷ്ട്രീയക്കാർക്കും ഭാരവാഹികൾക്കും അയോഗ്യതയുണ്ടെന്ന് പുക്കോട്ട് കാളികാവ് പാരമ്പര്യേതര ട്രസ്റ്റി നിയമന വിജ്ഞാപനത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
പാർട്ടി ഭാരവാഹി തിരഞ്ഞെടുപ്പ് പൊതുജോലിക്ക് ആളെ തിരഞ്ഞെടുക്കുന്നതു പോലെയല്ല. പാർട്ടികളിൽ സജീവ പങ്കാളിത്തമുള്ളവരെയാണ് ഭാരവാഹികളാക്കുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ക്രിമിനൽ കേസുകളുടെയും പശ്ചാത്തലം മറച്ചുവച്ച് ഇവർ ട്രസ്റ്റികളായി അപേക്ഷ നൽകിയതു ശരിയായില്ലെന്നും കോടതി പറയുന്നു. മലബാർ ദേവസ്വം ബോർഡ് ഇക്കാര്യം അന്വേഷിച്ചുമില്ലെന്നു കോടതി കുറ്റപ്പെടുത്തി. അപേക്ഷകർ ഭക്തരും ക്ഷേത്ര പുരോഗതിയിൽ തൽപരരും ആകണമെന്നും വിജ്ഞാപനത്തിലുണ്ട്. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാൻ ട്രസ്റ്റികൾക്കു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം , ഡിവൈ എഫ് ഐ പ്രാദേശിക നേതാക്കളായ അശോക് കുമാർ, രതീഷ് , പങ്കജാക്ഷൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി കണ്ടെത്തി. ക്ഷേത്രങ്ങളിലെ പാരന്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ടീയ പാർട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഡിവൈഎഫ് ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിർകക്ഷികളുടെ വാദവും കോടതി തള്ളി.
മറുനാടന് മലയാളി ബ്യൂറോ