- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ചീറ്റപ്പുലി കുഞ്ഞിന്റെ 'ജന്മനാട്' ആകാൻ ഇന്ത്യ; കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച പെൺചീറ്റ 'ആശ' ഗർഭിണിയെന്ന് സൂചന; സ്ഥിരീകരിക്കുക ഒക്ടോബർ അവസാനത്തോടെ; ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കുക പ്രധാന ലക്ഷ്യം
ഭോപ്പാൽ: ഒരു കാലത്ത് ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്ന ജീവിയാണ് ചീറ്റപ്പുലി. എന്നാൽ പിന്നീട് ഇവ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സർക്കാർ നമീബിയയിൽ നിന്ന് ചീറ്റയെ ഇന്ത്യയിൽ എത്തിച്ചത്. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളെ സെപ്റ്റംബർ 17-ന് തന്റെ ജന്മദിനത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ തുറന്നുവിട്ടത്.
ദിവസങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്തയാണ് രാജ്യത്തെ ജനങ്ങളെ തേടിയെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് ഗർഭിണിയാണെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി 'ആശ' എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗർഭം ധരിച്ചതെന്നാണ് വിവരം. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ ജനിക്കാൻ പോകുന്ന ആദ്യ ചീറ്റപ്പുലിയായിരിക്കും ഇത്.
ഗർഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോർമോൺ അടയാളങ്ങളും ഈ ചീറ്റപ്പുലിയിൽ പ്രകടമാണെന്ന് കുനോയിൽ ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഒക്ടോബർ അവസാനത്തോടെ മാത്രമേ ആശ ഗർഭിണിയാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചാൽ ചീറ്റപ്പുലിക്ക് ദേശീയോദ്യാനത്തിൽ പ്രത്യേക കരുതലും സംരക്ഷണവും ഒരുക്കുമെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് (സിസിഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്കർ പറഞ്ഞു. നമീബിയയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ അഞ്ച് പെൺ ചീറ്റകളേയും മൂന്ന് ആൺ ചീറ്റകളേയും സെപ്റ്റംബർ 17നാണ് പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്.
1952-ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവിവർഗമാണ് ചീറ്റപ്പുലികൾ. ഇന്ത്യയിലെത്തിച്ചവയിലെ ചീറ്റപ്പുലികളിൽ ഒന്ന് കുഞ്ഞിന് ജന്മം നൽകുന്നതോടെ ഇവയുടെ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കേന്ദ്രസർക്കാർ പദ്ധതി അതിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ഘട്ടം പിന്നിടും.
വിനോദത്തിനായും അല്ലാതെയുമുള്ള വേട്ടയാടലും ആവാസ വ്യവസ്ഥയുടെ നാശവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിങ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജ്യത്ത് ചീറ്റയുടെ വംശനാശം സംഭവിച്ചതായി 1952 സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ വീണ്ടും ചീറ്റയുടെ ആവാസ വ്യവസ്ഥിതിയിലേക്ക് രാജ്യം തിരിച്ചെത്തുകയാണ്. ഒപ്പം ഒരു കുഞ്ഞു അതിഥി ജനങ്ങളെ തേടിയെത്തുകയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ