- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിതെറ്റി നിലയില്ലാ കയത്തില്‍ വീണപ്പോള്‍ എങ്ങനെയും നീന്തി കരപറ്റാന്‍ പി വി അന്‍വറിന്റെ ശ്രമം; ചേലക്കരയില്‍ വോട്ടര്‍മാരെ വീഴ്ത്താന്‍ ഇറക്കിയത് 1000 വീടുകള്‍ എന്ന നമ്പര്‍; ചട്ട ലംഘനം കാട്ടി പരാതി നല്കി ചെക്ക് പറഞ്ഞ് എല്‍ഡിഎഫ്; അന്‍വറിന്റെ സ്റ്റണ്ട് ചീറ്റിയോ?
ചേലക്കരയില്‍ അന്‍വറിന്റെ നമ്പര്‍ ഏല്‍ക്കുമോ?
ചേലക്കര: ചേലക്കരയില്‍ പി വി അന്‍വറിന് പ്രസ്റ്റീജ് കളിയാണ്. ഡി എം കെ സ്ഥാനാര്‍ഥി എന്‍ കെ സുധീറിനെ മുന്‍നിര്‍ത്തി പോരിനിറങ്ങിയ അന്‍വര്‍ ചുവടുറപ്പിക്കാന്‍ പാടുപെടുമ്പോള്‍, പുതിയ നമ്പര്‍ ഇറക്കിയിരിക്കുകയാണ്. വീടില്ലാത്ത 1,000 കുടുംബങ്ങള്‍ക്ക് വീടുവെച്ചുനല്‍കുമെന്ന അന്‍വറിന്റെ പ്രഖ്യാപനം ഗുരുതര തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെങ്കിലും വാഗ്ദാനം വോട്ടാക്കി മാറ്റാണ് കിണഞ്ഞുളള പരിശ്രമം.
വീടില്ലാത്ത ചില പാവങ്ങളെ അന്‍വറിന്റെ വാഗ്ദാനം ആകര്‍ഷിച്ചിട്ടുണ്ട്. ചേലക്കര മണ്ഡലത്തിലെ 9 ഗ്രാമ പഞ്ചായത്തുകളിലും, ഓഫീസുകള്‍ തുറന്ന് അപേക്ഷകള്‍ സ്വീകരിക്കുകയായിരുന്നു ഡിഎംകെ. ഞായറാഴ്ച വരെ 4500 അപേക്ഷകള്‍ കിട്ടിയതായി പറയുന്നു. ഇടതുസര്‍ക്കാര്‍ വീമ്പു പറയുന്ന വികസനം ചേലക്കരയില്‍ നടന്നിട്ടില്ല എന്നതിന്റെ തെളിവാണ് അപേക്ഷകരുടെ ബാഹുല്യമെന്നണ് എന്‍ കെ സുധീറിന്റെ അവകാശവാദം. തന്നെ മറികടന്ന് മുന്‍ എം പി രമ്യ ഹരിദാസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അന്‍വര്‍ സുധീറിനെ ഡിഎംകെയുടെ ബാനറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്. കെ പി എം എസിന്റെ പിന്തുണയും അന്‍വര്‍ അവകാശപ്പെടുന്നു.
വീട് ആവശ്യപ്പെട്ട് ഒരു വനിത അന്‍വറിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ഭവന പദ്ധതിക്ക് അന്‍വര്‍ തുടക്കമിട്ടതെന്നാണ് സുധീര്‍ പറയുന്നത്. വള്ളത്തോള്‍ നഗര്‍ പോലെ മുസ്ലീം സമുദായം ഭൂരിപക്ഷമുള്ള എല്‍ഡിഎഫ് കോട്ടകളില്‍ ഡിഎംകെ വോളണ്ടിയര്‍മാര്‍ കഠിനാദ്ധ്വാനം ചെയ്തുവെന്നും സിപിഎമ്മിന്റെ കാല്‍ച്ചോട്ടിലെ മണ്ണ് ഒലിച്ചുപോയത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസമേ അവര്‍ തിരിച്ചറിയുകയുളളുവെന്നും സുധീര്‍ പറയുന്നു. എന്തായാലും അന്‍വറിന്റെ പ്രഖ്യാപനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ്. എല്‍.ഡി.എഫ്. അന്‍വറിന്റേത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ചേലക്കര മണ്ഡലം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.സി. മൊയ്തീന്‍ നല്‍കിയ പരാതിയിലുള്ളത്. മൂന്നുവീടുകളുടെ പണി വെള്ളിയാഴ്ച രാവിലെയോടെ തുടങ്ങുകയും ചെയ്തിരുന്നു.
അന്‍വറിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നാണ് പരാതിയിലുള്ളത്. വാഗ്ദാനം നിയമവിരുദ്ധവും അഴിമതിയും വോട്ടര്‍മാരെ സ്വീധീനിക്കാനുള്ള ശ്രമവുമാണെന്നും ഫലപ്രദമായ നടപടിയെടുക്കണമെന്നും പരാതിയിലുണ്ട്.
എന്‍.കെ. സുധീര്‍ ഡി.എം.കെയുടെ സ്ഥാനാര്‍ഥിയല്ലെന്നും പിന്തുണ മാത്രമുള്ളയാളാണെന്നും അതിനാല്‍ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമല്ലെന്നുമാണ് പി.വി. അന്‍വറിന്റെ വിശദീകരണം. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ലെന്ന സി.പി.എം. നിലപാടിന്റെ ഭാഗമാണ് പരാതിയെന്ന് പി.വി. അന്‍വര്‍ പ്രതികരിച്ചു. പരാതിയെ കോടതിയില്‍ നേരിടും. തങ്ങളെടുത്ത തീരുമാനവുമായി മുന്നോട്ടുപോകുമെന്നും അന്‍വര്‍ പറഞ്ഞു. എന്തായാലും എല്‍ഡിഎഫിനോട് ഇടഞ്ഞ അന്‍വര്‍ കാല്‍ചോട്ടിലെ മണ്ണൊലിച്ചുപോയത് തിരിച്ചറിഞ്ഞ് എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള പെടാപാടിലാണ്