കണ്ണൂർ: മയക്കുമരുന്നുമായി ബന്ധപ്പെട്ടതും ഭക്ഷ്യവിഷബാധ അടക്കമുള്ള കേസുകളും സംസ്ഥാനത്ത് പെരുകുമ്പോഴും മൂന്ന് കെമിക്കൽ ലാബുകളിലായി രാസ പരിശോധന നടത്തുന്നതിന് കാത്തിരിക്കുന്നത് 1.40 ലക്ഷം സാംപിളുകൾ. 2017 മുതലുള്ള കേസുകളാണ് പരിശോധന നടത്താനുള്ളത്. കോഴിക്കോട്, തിരുവനന്തപുരം സിഇഎൽ, എറണാകുളം റീജണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് എന്നീ ലബോറട്ടറികളിലാണ് ഈ സ്ഥിതി.

2001-ൽ കണ്ണൂരിൽ ലാബ് സ്ഥാപിക്കാൻ ശുപാർശയുണ്ടായിരുന്നു. കൂടുതൽ കെമിക്കൽ ലാബുകൾ വേണമെന്ന് 2007-ലും 2009-ലും നിർദ്ദേശംവന്നു. 2020 ജനുവരിയിലെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് പ്രത്യേക അജൻഡയായിവന്നെങ്കിലും മാറ്റിവെച്ചു. 1986-നുശേഷം പുതിയ ഒരു ലാബും സ്ഥാപിച്ചിട്ടില്ല.

ആഭ്യന്തരവകുപ്പിനുകീഴിലുള്ള സ്വതന്ത്രവിഭാഗമാണ് കെമിക്കൽ എക്സാമിനഴ്സ് ലബോറട്ടറി. വിഷാംശം അടങ്ങിയെന്ന് സംശയിക്കുന്ന കേസുകളിൽ തെളിയിക്കാനായി ലാബ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോടതിയുടെ നിർദ്ദേശ പ്രകാരമുള്ള കേസുകൾക്കാണ് അടിയന്തര പ്രാധാന്യമായി മുൻഗണന നൽകുക.

മൂന്ന് ലബോറട്ടറികളിലായി ആകെ 33 സയന്റിഫിക് ഓഫിസർമാരും 31 ടെക്‌നിക്കൽ അസിസ്റ്റൻസും ലാബ് മേൽനോട്ടം വഹിക്കുന്നതിനായി 19 അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനേറ്റർമാരുമാണുള്ളത്.

അതീവ പ്രാധാന്യമുള്ള 50,000 ആന്തരികാവയവ സാംപിളുകൾ ഉൾപ്പടെയാണ് പരിശോധനക്കായി ലാബുകളിലുള്ളത്. സർട്ടിഫിക്കറ്റുകൾ അന്വേഷിച്ച് വരാത്ത 2000 മുതലുള്ള സാംപിളുകൾ ലാബിൽ വേറെയുമുണ്ട്.

കാസർകോഡ് മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളിലെ പരിശോധനകൾ നടത്തുന്നത് കോഴിക്കോട് ലാബിലാണ്. ഇവിടെ എട്ട് സയന്റിഫിക് ഓഫിസർമാരും ഏഴ് ടെക്‌നിക്കൽ അസിസ്റ്റന്റുമാരുമാണുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുറഞ്ഞത് 40 ഉദ്യോഗസ്ഥരുടെ ആവശ്യകതയുണ്ട്. സംസ്ഥാനത്തെ മറ്റു ജില്ലകളിലെ പരിശോധന നടത്തുന്നത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ലാബുകളിലായിട്ടാണ്.

നിലവിലെ സാഹചര്യത്തിൽ 2022 മെയ് ഒന്നിന് ഷവർമ്മ കഴിച്ച ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച വിദ്യാർത്ഥിനി ദേവനന്ദയുടെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. കോഴിക്കോട് ലാബിലാണ് പരിശോധനക്കയച്ച സംപിൾ ഉള്ളത്.

നർക്കോട്ടിക്‌സ് സാംപിൾ - 12,000, അബ്കാരി കേസുകളിലെ സാംപിൾ - 24,000, ബലാത്സംഗം, കൊലപാതകം - 450, മുങ്ങിമരണം ഉൾപ്പടെ ഇൻഷൂറൻസുമായി ബന്ധപ്പെട്ട സാംപിളുകൾ- 400, സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ- 600 തുടങ്ങിയവയാണ് ഇനിയും പരിശോധിക്കാനുള്ള സാംപിളുകൾ.