- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ആകാശപദ്ധതിയെന്ന് പറഞ്ഞു; സർവേയും മണ്ണു പരിശോധനയും പമ്പാ തീരത്തോട് ചേർന്ന്; ചെങ്ങന്നൂർ-പമ്പ ശബരി റെയിൽപ്പാതയ്ക്ക് എതിരേ ജനകീയ പ്രതിഷേധമൊരുങ്ങുന്നു
പത്തനംതിട്ട: ചെങ്ങന്നൂർ-പമ്പ റെയിൽവേ പദ്ധതിക്കായി മണ്ണു പരിശോധന തുടങ്ങി. വാഗ്ദാനങ്ങൾ ലംഘിച്ച് ജനവാസ മേഖലയിലൂടെ റെയിൽവേ ലൈൻ വരുന്നതിനെതിരേ പമ്പാ തീരത്ത് ജനകീയ പ്രതിഷേധം ഒരുങ്ങുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ഏജൻസിയാണ് പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. അന്യ സംസ്ഥാന തൊഴിലാളികൾ അല്ലാതെ കമ്പനിയുടെ പ്രധാന ജീവനക്കാർ ആരും ഒപ്പമില്ല. പൊതുവെ ജനവാസം കുറവുള്ള പ്രദേശങ്ങളിലൂടെ തൂണുകൾ സ്ഥാപിച്ച് അതിന് മുകളിലൂടെ പാത കടന്നുപോകുന്നതിനാൽ ജനങ്ങളെ പരമാവധി ഒഴിപ്പിക്കാതെയാണ് പാത നിർമ്മിക്കുന്നതെന്നും പറയുന്നുണ്ട്.
നിലവിലെ രൂപകൽപ്പന പ്രകാരം ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു കൂടി കടന്ന് കടവന്ത്ര വഴിയാണ് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം ഭാഗത്തേക്ക് പാത എത്തുന്നത്. ഇവിടെ നിന്നും കോഴഞ്ചേരി ഈസ്റ്റ്, പനച്ചക്കുഴി കോളനി വഴി പോകുന്ന തരത്തിലാണ് മണ്ണ് പരിശോധന കാണിക്കുന്നത്. മണ്ണ് പരിശോധനയ്ക്കായി സംഘം എത്തിയതോടെ നാട്ടുകാർ യോഗം ചേരുകയും അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയുമാണ്.
ആറന്മുള, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് സർവേ എത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാരും റസിഡൻസ് അസോസിയേഷനുകളും രംഗത്ത് വന്നിരിക്കുന്നത്. ചെങ്ങന്നൂരിൽ നിന്നും ആറന്മുള, കോഴഞ്ചേരി, അയിരൂർ, വടശേരിക്കര വഴി പമ്പയിലേക്ക് ആകാശ പദ്ധതിയാണ് ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നത്. വേഴാമ്പൽ പദ്ധതി ആയി പ്രഖ്യാപിച്ചതും പിന്നീട് മെട്രോമാൻ ഇ ശ്രീധരൻ പരിശോധിച്ചതും ഇതായിരുന്നു.
എന്നാൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സർവേ പ്രകാരം പമ്പാ തീരത്തു നിന്നും മൂന്ന് കിലോമീറ്റർ അകലത്തിലാണ് ലൈൻ കടന്നു പോകുന്നത്. ആറന്മുളയിൽ പലയിടത്തും വീടിന്റെ ചുവരിൽ വരെ നമ്പർ ഇട്ട് അടയാളപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോൾ മണ്ണ് പരിശോധന കോഴഞ്ചേരിയിലെ ജനവാസ കേന്ദ്രത്തിലുമെത്തി.
ആദ്യം നടത്തിയ ഹെലികോപ്റ്റർ സർവേയെ തുടർന്നാണ് പദ്ധതി കടന്നു പോകുന്ന റോഡിൽ വരെ അടയാളങ്ങൾ രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ നഗരസഭയിൽ നിന്ന് ആരംഭിച്ച് ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, വടശേരിക്കര, പെരുനാട് തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന പാതക്ക് പുതുക്കിയ സർവേ പ്രകാരം 59 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ചെങ്ങന്നൂർ നിന്നും 53 മിനിട്ടാണ് പമ്പ യാത്രക്ക് എടുക്കുന്നത്. എന്നാൽ ഈ പ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാതെ ആണ് സർവേ നടപടികൾ എന്നും ആരോപണമുണ്ട്.
സർവേ സംബന്ധിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ടവർ പഞ്ചായത്തുകളെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ആറന്മുള നിന്നും വയലത്തല വഴി വടശേരിക്കര എത്തിയശേഷം റെയിൽപാത പമ്പ നദിക്കരയിലൂടെ പോകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. പരമാവധി ജനവാസ മേഖല ഒഴിവാക്കി പോകുന്ന പാതയാണെന്ന് അറിയിച്ചിട്ടും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് കൂടി പാതയ്ക്കായി പരിശോധനക്കായി നടത്തുന്നത് പ്ര തിഷേധാർഹമാണെന്നാണ് നാട്ടുകാർ പറയുന്നത്. ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ അനുമതിയോടു കൂടിയാണ് സർവേ നടത്തുന്നതെന്നും തുടർന്നാണ് മണ്ണു പരിശോധന നടത്തുന്നതെന്നും പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്