- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
യൂണിയനില്ലാത്ത തൊഴിലാളികള്‍ 1000 ഇഷ്ടിക എടുക്കാന്‍ വാങ്ങുന്നത് 480രൂപ; സിഐടിയുക്കാര്‍ക്ക് വേണ്ടത് 800ലേറെയും; അന്യായ കൂലി ചോദ്യം ചെയ്ത വനിതാ സംരഭകയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിട്ടും പോലീസിന് പോലും നീതി നടപ്പാക്കാന്‍ കഴിയുന്നില്ല; ഇത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ പിണറായിയെ പുകഴ്ത്തിയ തരൂരിന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നുള്ള പ്രതിസന്ധിക്കഥ; ട്രേഡ് യൂണിയനിസം വില്ലത്തരം തുടരുമ്പോള്‍
തിരുവനന്തപുരം: ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് വലിയ പ്രചാരവുമായി ഇടതു സര്‍ക്കാര്‍ നീങ്ങുമ്പോള്‍ തിരുവനന്തപുരത്തെ ചെങ്കലില്‍ നിന്നും വ്യത്യസ്തമായൊരു ദുരനുഭവക്കഥ. സര്‍ക്കാര്‍ എന്ത് ഇളവ് ചെയ്താലും ട്രേഡ് യൂണിയനുകള്‍ വിചാരിച്ചാല്‍ എല്ലാം പൊളിക്കാം. കട പൂട്ടിക്കാനും സ്ഥാപനം തകര്‍ക്കാനും വരുന്നത് സിപിഎം നിയന്ത്രണത്തിലുള്ള സിഐടിയുക്കാരാണെങ്കില്‍ എല്ലാം തീര്‍ന്നു. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് ചെങ്കലില്‍ ചൂള നടത്തുന്ന പുഷ്പകുമാരിയും ഭര്‍ത്താവ് തങ്കപ്പനും ട്രേഡ് യൂണിയനുകളുടെ കണ്ണിലെ കരടാണ് ഇന്ന്. അതുകൊണ്ട് തന്നെ ഇഷ്ടിക നിര്‍മ്മാണ യൂണിറ്റും പ്രതിസന്ധിയില്‍.
ആറു കൊല്ലമായി ചെങ്കലില്‍ ഇഷ്ടിക ചൂള നടത്തുന്നുണ്ട് പുഷ്പകുമാരി. ഭര്‍ത്താവ് തങ്കപ്പന്‍ കെ എസ് ആര്‍ ടി സിയില്‍ നിന്നും വിരമിച്ച ജീവനക്കാരനും. ഇവരുടെ സ്ഥാപനം പൂട്ടിക്കാന്‍ നില്‍ക്കുന്നത് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ചുമട്ടിറക്ക് തൊഴിലാളികളാണ്. ഹൈക്കോടതിയില്‍ നിന്നും സ്ഥാപന നടത്തിപ്പ് തടയുന്നതിനെതിരെ ഉത്തരവ് വാങ്ങിയതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. ഉത്തരവ് നടപ്പാക്കാനെത്തിയ പോലീസിന് മുമ്പില്‍ വച്ച് അവര്‍ ഹൈക്കോടതി ഉത്തരവ് കീറിയെറ്റിഞ്ഞു. ഈ ഇഷ്ടിക ചൂള പൂട്ടിക്കുമെന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. സിപിഎം അനുകൂല സംഘടനയായതു കൊണ്ടു തന്നെ പോലീസ് നിസ്സഹായരായി. ഇതോടെ പുഷ്പകുമാരി പ്രതിസന്ധിയുടെ ആഴം തിരിച്ചറിയുകയാണ്. സിഐടിയു മാത്രമല്ല കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയും ചെങ്കലില്‍ പുഷ്പകുമാരിയ്ക്ക് എതിരാണ്.
വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂര്‍ എഴുതിയ ലേഖനം വലിയ ചര്‍ച്ചയായിരുന്നു. കേരളത്തെ വികസന വഴിയില്‍ നയിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വിപ്ലവത്തെ കുറിച്ചായിരുന്നു ആ ലേഖനം. ഇടതു സര്‍ക്കാര്‍ അത് വലിയ ചര്‍ച്ചയാക്കി. കണക്കുകളുമായി തരൂരിനെ പൊളിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമെത്തി. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായവുമുണ്ടായി. ഏതായാലും ശശി തരൂരിന്റെ മണ്ഡലമായ ചെങ്കലിലാണ് പുഷ്പകുമാരിയും ഭര്‍ത്താവും സിഐടിയുക്കാരുടെ ഭീഷണിയില്‍ കച്ചവടം മുമ്പോട്ട് പോകാന്‍ കഴിയാതെ വേദനയില്‍ കഴിയുന്നത്. ശശി തരൂര്‍ അടക്കമുള്ളവരുടെ ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ അവസ്ഥയെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. വികസനത്തില്‍ പിണറായിയും ശശി തരൂരും കൈ കോര്‍ക്കുമ്പോള്‍ ചെങ്കലില്‍ കച്ചവടം പൂട്ടിക്കാന്‍ സിഐടിയുവും ഐഎന്‍ടിയുസിയും ഒരുമിക്കുന്നു.
ഇഷ്ടിക ചൂളയ്ക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും നടപ്പാക്കാന്‍ കേരളാ പോലീസിന് കഴിയാത്ത അവസ്ഥ. ഭരണ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയെ നിലയ്ക്ക് നിര്‍ത്താനുള്ള ത്രാണി അവര്‍ക്കുമില്ല. എല്ലാ ചുമട്ടു തൊഴിലാളികളും പ്രശ്‌നത്തിന് വരുന്നില്ലെന്ന് പുഷ്പകുമാരി പറയുന്നു. ക്രിമിനലുകളായ കുറച്ചു പേര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നത്. പുഷ്പകുമാരിയുടെ ജീവനക്കാര്‍ 480 രൂപയ്ക്ക് ആയിരം ഇഷ്ടികകള്‍ എടുക്കും. 30 രൂപ ബോണസും നല്‍കും. എന്നാല്‍ സിഐടിയുക്കാര്‍ക്ക് എണ്ണൂറു രൂപയ്ക്ക് മുകളില്‍ വേണം. ഈ അധിക കൂലിയെയാണ് പുഷ്പകുമാരി ചോദ്യം ചെയ്യുന്നത്. യൂണിയന്‍കാരുടെ കടുംപിടിത്തം കാരണം നിരവധി ആവശ്യക്കാര്‍ക്ക് ലോഡ് നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നാണ് പുഷ്പകുമാരി പറയുന്നത്. സിഐടിയുവും ഐഎന്‍ടിയുസിയും ഒരുമിച്ച് എതിര്‍ക്കുന്നത് പ്രതിസന്ധി കൂട്ടുന്നു.
കോടതി ഉത്തരവ് അനുകൂലമാണ്. പക്ഷേ തൊഴിലാളികളുടെ രാഷ്ട്രീയ പിന്‍ബലം കാരണം പോലീസിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞങ്ങളോട് അവരുമായി ഒത്തൂതീര്‍പ്പിന് തയ്യാറാകണമെന്നാണ് പോലീസ് ഉപദേശിക്കുന്നത്. കച്ചവടം നടത്താന്‍ അതാണ് നല്ലതെന്നാണ് പോലീസ് വാദം. ക്രിമിനലുകളായ ചില തൊഴിലാളികള്‍ കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തുന്നു-പുഷ്പകുമാരി പറയുന്നു. പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നാണ് പോലീസ് വിശദീകരണം. പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് യൂണിയന്‍ തൊഴിലാളികളോട് പറഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഐഎന്‍ടിയുസിയും എതിര്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസുകാരും പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ല. അതായത് കച്ചവടം പൂട്ടിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒരുമിച്ചതിന് തെളിവാണ് ചെങ്കലിലെ ഈ കഥ.
കേരളത്തില്‍ വ്യവാസായിക അനൂകല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്ക അടക്കം വളര്‍ന്നു പന്തലിക്കാനുള്ള സാമൂഹിക അന്തരീക്ഷം ഉണ്ടാക്കുമെന്നാണ് അവകാശ വാദം. പ്രതിപക്ഷവും വികസനത്തിലേക്കുള്ള ഈ പ്രഖ്യാപനത്തെ പിന്തുണയ്ക്കുന്നു. അങ്ങനെ കേരളം ഒറ്റക്കെട്ടായി വികസനത്തിന് വേണ്ടി നീങ്ങുന്നു. പക്ഷേ സിഐടിയുവിന് വേണ്ടത് പണമാണ്. അതിന് വേണ്ടി ഏത് സ്ഥാപനത്തേയും അവര്‍ പൂട്ടിക്കും. ഇതിന് തെളിവാണ് ചെങ്കലില്‍ നിന്നുള്ള ഇഷ്ടിക ചൂളയുടെ പ്രതിസന്ധിക്കഥ.