ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ വിറങ്ങലിച്ച് തമിഴ്‌നാട്. തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. കനത്ത മഴയ്ക്ക് പിന്നാലെ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കൂറ്റൻ പാറക്കല്ലുകളും വീണ്ടും മണ്ണിടിയുമെന്ന ഭീഷണിയും മണ്ണുമാന്തി യന്ത്രങ്ങൾക്ക് എത്താനാകാത്ത സാഹചര്യവും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽനിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ചെന്നൈ. ദേശീയ പാതകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചു വിട്ടതുമൂലം എട്ടു മണിക്കൂർ വരെ വൈകുന്നുണ്ട്. ചില സർവീസുകൾ റദ്ദാക്കി. സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി ഇന്ന് 16 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയിൽ മൂന്നിടത്താണ് ഉരുൾപൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേർക്കാടിലും ഉരുൾപൊട്ടി. അതേസമയം, മഴ തുടരുന്നതിനാൽ വടക്കൻ തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലും വെള്ളപ്പൊമുണ്ടായി. നദികൾ കരകവിഞ്ഞതോടെ പാലങ്ങൾ ഒലിച്ചുപോയതോടെ ഗ്രാമങ്ങളിലേക്കും റെസിഡൻഷ്യൽ കോളനികളും ഒറ്റപെട്ടു.

കൂടാതെ ഏക്കർ കണക്കിന് കൃഷി നശിപ്പിക്കുകയും റെയിൽ ഗതാഗതത്തെ ബാധിക്കുകയും ചെയ്തു. ചെന്നൈയിൽ നിന്ന് തെക്കൻജില്ലകളിലേക്കുള്ള യാത്ര തടസ്സപ്പെട്ടു. ഇവിടെ ട്രാക്കിൽ വെള്ളം കയറിയതിനാൽ കേരളത്തിലൂടെയുളള രണ്ടടക്കം 13 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. പഞ്ചായത്ത് ഓഫീസും റൈസ് മില്ലുകളും അഗ്നിശമനസേനയുടെ കെട്ടിടവുമെല്ലാം വെള്ളത്തിനടിയയിലാണ്.

കൃഷ്ണഗിരി, ധർമപുരി ജില്ലകളിലും റെക്കോർഡ് മഴയാണ് ലഭിച്ചത്. രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളിൽ കൃഷ്ണഗിരിയിലെ ഊത്താങ്കരയിൽ 50 സെൻ്റീമീറ്റർ മഴ ലഭിച്ചപ്പോൾ വില്ലുപുരത്ത് 42 സെൻ്റീമീറ്ററും ധർമ്മപുരിയിലെ ഹരൂരിൽ 33 സെൻ്റിമീറ്ററും കടലൂരിലും തിരുവണ്ണാമലൈയിലും 16 സെൻ്റീമീറ്റർ വീതവും മഴ ലഭിച്ചു.14 മണിക്കൂർ തുടർച്ചയായി മഴ പെയ്ത ഊത്താങ്കരയിലെ ബസ് സ്റ്റാൻഡിൽ നിന്നും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒലിച്ചു പോവുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

വടക്കൻ കേരളത്തിലും തെക്കൻ കർണാടകയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ മൂന്നിന് വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും കടക്കുന്നതോടെ മഴ കൂടുതൽ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.