പത്തനംതിട്ട: കോഴ്സ് പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐ യിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും. ഇവിടെ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ 40 വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാനത്തിനകത്തും പുറത്തുമായി നിന്നുള്ള വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഷെഫ് ജോലിക്കായി ക്ഷണം ലഭിച്ചത്.

വലിയ സന്തോഷങ്ങളേയും നേട്ടങ്ങളേയും ചെറിയ ആഘോഷങ്ങളിലൊതുക്കി കൂടുതല്‍ വലിയ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് ഐ.ടി.ഐ അധികൃതര്‍. തുടര്‍ച്ചയായി നാലാം തവണയാണ് ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ (എഫ് പി ജി ) ട്രേഡില്‍ ഇവിടെ കോഴ്സ് പൂര്‍ത്തിയാക്കിയ ഉടന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കായി വിവിധ സ്ഥാപനങ്ങള്‍ ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നത്.

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വരടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്ലേസ്മെന്റ് ലഭിച്ചതെന്നും ഐ.ടി.ഐ യുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും പ്രിന്‍സിപ്പാള്‍ സ്നേഹലത പറഞ്ഞു.

18 വയസ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഒരു ജോലി ലഭിച്ചതില്‍ പറഞ്ഞറിയിക്കാനൊക്കാത്ത സന്തോഷമാണുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയെ തൊഴില്‍ ദാതാക്കള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത്. പുതുതായി ഓഫര്‍ ലെറ്റര്‍ ലഭിച്ചവരോടും അദ്ധ്യാപകര്‍ക്ക് പറയാനുള്ളത് അവരവരുടെ മേഖലയില്‍ മികവ് പുലര്‍ത്തി ഇനി വരുന്ന ബാച്ചുകള്‍ക്കും അവസരങ്ങള്‍ തേടിയെത്താന്‍ വഴിയൊരുക്കണമെന്ന് മാത്രമാണ്.

ചെന്നീര്‍ക്കര ഐ ടി ഐ ഹാളില്‍ നടന്ന ലളിതമായ ചടങ്ങുകള്‍ പിടിഎ പ്രസിഡന്റ് കെ.സുരേഷ്‌കുമാര്‍ ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ആര്‍. സ്നേഹലത നിയമന ഉത്തരവുകള്‍ കൈമാറി. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ കെ. അശോക് കുമാര്‍, ആര്‍.ഷൈലജ, ആര്‍. വിനോദ്, ദില്‍ഷത്ത് ബീഗം, ബിപിന്‍ വി. നാഥ്, സി.കെ.ശ്രീജിത്ത്, രഞ്ജിനി റാം, അരുണ്‍ ഷാജി, ന്യുവിന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.