തിരുവനന്തപുരം: വഴിയോര വിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതൽ പദ്ധതികളിൽ സർക്കാരിന്റെ കണ്ണായ ഭൂമികൾ സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് കോർപ്പറേഷൻ ബ്രഹ്‌മപുരത്തെ വിവാദ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയിൽ കരാർ നൽകിയെന്നാണ് മുൻ പ്രതിപക്ഷ നേതാവിന്റെ ആരോപണം. സർക്കാരിന്റെ ഭൂമി പദ്ധതികളുടെ നടത്തിപ്പിനായി സ്വകാര്യകമ്പനികൾക്ക് പണയപ്പെടുത്തുന്ന രീതിയിൽ കരാർ ഉണ്ടാക്കിയതിനു പിന്നിൽ വൻ അഴിമതിയാണുള്ളത്.

വഴിയോര വിശ്രമകേന്ദ്രത്തിനായി 30 സ്ഥലങ്ങളിലായി തെരഞ്ഞെടുത്ത 150 ഏക്കറിന് പുറമേ കോഴിക്കോട് കോർപ്പറേഷൻ ബ്രഹ്‌മപുരത്തെ വിവാദ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ഇതേ രീതിയിൽ 4 വർഷം മുമ്പ് 28 വർഷം പാട്ടത്തിനും പിന്നീട് ഭൂമി പണയപ്പെടുത്താനുമുള്ള കരാറിലേർപ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികൾക്കെതിരാണെന്നു നാഴികയ്ക്ക് നാൽപ്പത് വട്ടം പറഞ്ഞ് നടന്ന ഇടത് പക്ഷം നയം വ്യക്തമാക്കണം. പാർട്ടി സെക്രട്ടറി എം വിഗോവിന്ദൻ മറുപടി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഭൂമി കമ്പനി പണയപ്പെടുത്തിയോ ഇല്ലയോയെന്ന് കോർപ്പറേഷൻ വ്യക്തമാക്കണം. ഭൂമി പണയപ്പെടുത്താൻ അനുമതി നൽകിയശേഷം കമ്പനിയുടെ ആവശ്യപ്രകാരം 7.75 കോടിയുടെ കരാർ എന്തിനു നൽകി ? എൻജിനിയറിങ് വകുപ്പ് എതിർത്തിട്ടും 1.23 കോടി രൂപ കോർപ്പറേഷൻ നൽകിയതെന്തിനെന്ന് വ്യക്തമാക്കണം. കോർപ്പറേഷന്റെ 12.67 ഏക്കർ ഭൂമിയാണ് വിചിത്രഉത്തരവിലൂടെ കമ്പനിക്ക് നൽകിയിരിക്കുന്നത്. 250 കോടിയുടെ പദ്ധതി ബ്രഹ്‌മ പുരത്തെ വിവിദ കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണമെന്നും ചെന്നിത്തല പറയുന്നു.

വഴിയോര വിശ്രമകേന്ദ്രത്തിന്റെ മറവിലും വസ്തുകച്ചവടമാണ് നടക്കാൻ പോകുന്നത്. 51% ഓഹരിയുള്ള ഓക്കിൽ കമ്പനിയുടെ കീഴിൽ റെസ്റ്റ് സ്റ്റോപ്പ്, റിയൽ എസ്റ്റേറ്റ് ട്രസ്റ്റ് എന്നീ രണ്ട് സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ രഹസ്യകരാർ പുറത്ത് വിടണം. ഞാൻ ചോദിച്ച 10 ചോദ്യങ്ങളിൽ ഒന്നിന് മാത്രമാണ് കമ്പനി പത്രക്കുറിപ്പിലൂടെ മറുപടി നൽകിയത്. അതാണെങ്കിൽ പച്ചക്കള്ളവും. ആലപ്പുഴയിലേയും കാസർഗോട്ടെയും സ്ഥലങ്ങൾ ക്ക് സർക്കാർ കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു. നിശ്ചയിച്ചതിന്റെ സർക്കാർ ഉത്തരവ് ഞാൻ പുറത്ത് വിട്ടിട്ടും വകുപ്പ് മന്ത്രിക്കും കമ്പനിക്കും മിണ്ടാട്ടമില്ല-ചെന്നിത്തല പറഞ്ഞു.

ഇത്തരത്തിൽ ഏതെല്ലാം പദ്ധതിക്ക് ഭൂമി സ്വകാര്യ കമ്പനികൾക്ക് സർക്കാർ നൽകിയിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കണം. ബിജെപി സർക്കാർ പൊതുമേഖലാ കമ്പനികൾ വിറ്റ് തുലയ്ക്കുമ്പോൾ ഇടത് പക്ഷ സർക്കാർ അതേ പാത പിന്തുടർന്ന് സർക്കാരിന്റെ കണ്ണായ ഭൂമികൾ സ്വകാര്യ വ്യക്തികൾക്ക് പണയം വെയ്ക്കുന്നു. ഇതാണ് ഇടത് പക്ഷ സർക്കാരിന്റെ നയമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ വഴിയോരവിശ്രമ കേന്ദ്രത്തെ സംബന്ധിച്ച ഓകിൽ കമ്പനിയുടെ നിഷേധ ക്കുറിപ്പിലെ, ആലപ്പുഴയിലെയും കാസർഗോഡിലെയും വസ്തുക്കളുടെ കമ്പോളവില നിശ്ചയിച്ചിട്ടില്ല എന്ന വാദം പച്ചക്കള്ളമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന്റെ കമ്പോളവില നിശ്ചയിച്ചതിന്റെ കുറിപ്പ് സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്. 25.5 - 2 2 ലെ മന്ത്രിസഭയിലേക്കുള്ള നടപടിക്കുറിപ്പിൽ 18-ാം പാരയിൽ പത്താമത്തെ ഐറ്റത്തിൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ 28.7:22 കൂടിയ യോഗത്തിൽ, ആലപ്പുഴയിലെ വസ്തുവിന് 45 കോടിയും കാസർഗോട്ടെ വസ്തുവിന് 7 കോടി 35 ലക്ഷ വും നിശ്ചയിച്ചതായി പറയുന്നുണ്ട്.

തൊട്ടടുത്ത ദിവസം 29.7.22 ൽ ഇറങ്ങിയ സർക്കാർ ഉത്തരവിന്റെ 4-ാം പാരയിലും കാസർഗോഡ് വസ്തുവിന്റെ കമ്പോളവില 5 കോടി 77 എന്ന് പറഞ്ഞിട്ടുണ്ട് . മാത്രമല്ല ഭൂമിയിൽ പദ്ധതി തുടങ്ങാൻ ഒകിലിനു കമ്പോള വില ഗ്രാന്റായി നൽകണമെന്നും തീരുമാനിക്കുന്നു. ഈ പ്രത്യേക താത്പര്യമെന്തിനെന്ന് മനസ്സിലാകുന്നില്ല. ഇതെല്ലാം പുറത്ത് വരേണ്ടിയിരിക്കുന്നു. ഇവിടെ സർക്കാർ കമ്പനിയായി ഓകിൽ വരുന്നു അതിന്റെ കീഴിൽ രണ്ട് സ്വകാര്യ കമ്പനി വരുന്നു ഇതിലെല്ലാം ദുരൂഹതയുണ്ട്. സർക്കാരിന്റെ കീഴിലെ കമ്പനിയാണ് ഓകിൽ എങ്കിൽ ഓകിലിന്റെ കീഴിലുള്ള റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡും റിയൽ എസ്സ്‌റ്റേറ്റ് ട്രസ്റ്റുമായി ഓകി ലിന്റെ കരാർ എന്താണ്? ഇതെല്ലാം അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്നും ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.

ഈ രണ്ട് സ്വകാര്യ കമ്പനിയുമായി ഓകിൽ ഉണ്ടാക്കിട്ടുള്ള ധാരാണപത്രം പുറത്ത് വിടണം അതോട് കൂടി കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് ഈ യോഗം നടന്നത് എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല 100 % സർക്കാർ ഹോൾഡിങ് കമ്പനിയിൽ സ്മാർട്ട് സിറ്റിയിൽ നിന്നും പുറത്താക്കിയ ആളെ വിജിലൻസ് ക്ലിയറൻസ് പോലുമില്ലാതെ എങ്ങനെ നിയമിച്ചു ? ഞാൻ ഉന്നയിച്ച പത്ത് ചോദ്യങ്ങളിൽ കമ്പോള വില നിശ്ചയിച്ചു എന്ന് ഞാൻ പറഞ്ഞപ്പോൾ ഇല്ലെന്ന ഒറ്റ ചോദ്യത്തിനാണ് ഓക്കിൽ കമ്പനി മറുപടി പറഞ്ഞത്. അത് തന്നെ പച്ച കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും, സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുന്ന ഈ കൊള്ളയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ചെന്നിത്തല പറഞ്ഞു.