കണ്ണൂര്‍:എ.ഡി. ജിപി എം. ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാലു മണിക്കൂര്‍ എ.ഡി.ജി.പി വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു മുന്‍പും ആര്‍.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ആര്‍.എസ്. എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതെന്തിനെന്ന് വ്യക്തമാക്കണം.ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തലാണോ എ.ഡി.ജി.പിയുടെ ജോലിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി സംഘപരിവാറിന്റെ സ്വരത്തിലാണ് സംസാരിക്കുന്നത്. ബി.ജെ.പിക്കായി വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച പിആര്‍ഏജന്‍സി തന്നെയാണ് മുഖ്യമന്ത്രിക്കായും പ്രവര്‍ത്തിക്കുന്നത്. കൊവിഡിന് ശേഷം പി.ആര്‍ ഏജന്‍സി മുഖ്യമന്ത്രിയോടൊപ്പമുണ്ട് അന്ന് നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ പി.ആര്‍ ഏജന്‍സി പറഞ്ഞിട്ടാണ്. നവകേരള സദസും പി ആര്‍ പരിപാടിയായിരുന്നുവെങ്കിലും അതു പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് അദ്ദേഹം ഈ കാര്യത്തില്‍ പരസ്യമായി മാപ്പുപറയണം.

ഉടഞ്ഞ വിഗ്രഹമാണ് മുഖ്യമന്ത്രി. അതിനെ നന്നാക്കാന്‍ പിആര്‍ ഏജന്‍സി കൊണ്ടു കഴിയില്ല നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പാഴ് വേലയാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രിയും ആര്‍.എസ്. എസും തമ്മിലുള്ള പാലമാണ് എ.ഡി.ജി.പി യെന്നും ചെന്നിത്തല പറഞ്ഞു. സി.പി.ഐക്ക് മുഖ്യമന്ത്രിയെ തിരുത്താനുള്ള ത്രാണിയില്ല. അതു പിണറായിക്കും അറിയാം. നിയമസഭയ്ക്ക് പുറത്തും എ.ഡി.ജി.പി വിഷയം ഉന്നയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. അന്‍വറിനെ കോണ്‍ഗ്രസിലേക്ക് എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല ഈ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് താനല്ലെന്നും ചെന്നിത്തല പറഞ്ഞു.

ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ്. ദേശീയനേതാക്കളുമായി മാത്രമല്ല, സംസ്ഥാനത്തെ സംഘപരിവാര്‍ പ്രമുഖനുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിയുമായാണ് ഓഗസ്റ്റ് നാലിനു കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ എ.ഡി.ജി.പി. നാലുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയത്. ഇതാണ് ചെന്നിത്തല ചര്‍ച്ചയാക്കുന്നത്. ഇതോടെ സിപിഎമ്മിനെതിരെ പ്രതിപക്ഷത്തിന് ഒരു ആയുധം കൂടി കിട്ടുകയാണ്. ഇതേക്കുറിച്ച് സി.പി.എം. സംസ്ഥാന നേതൃത്വത്തിനും വിവരം ലഭിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ എ.ഡി.ജി.പി. വയനാട്ടിലുണ്ടായിരുന്നു.

കൂടിക്കാഴ്ചയുടെ വിവരം ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പി.ക്കും കൈമാറിയിട്ടുണ്ട്. എം.ആര്‍. അജിത്കുമാറിന് ആര്‍.എസ്.എസ്. നേതാക്കളുമായുള്ള അടുത്തബന്ധം വെളിവാക്കുന്നതാണ് ഈ കൂടിക്കാഴ്ചകളെന്നാണ് നിഗമനം. വയനാട്ടില്‍ എ.ഡി.ജി.പി.യെ കണ്ടതിനെക്കുറിച്ചുചോദിച്ചപ്പോള്‍ വത്സന്‍ തില്ലങ്കേരി നിഷേധിച്ചില്ല. വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. തൃശ്ശൂര്‍പ്പൂരം അലങ്കോലമാക്കാന്‍ ശ്രമംനടന്ന ദിവസം തില്ലങ്കേരിയുടെ സാന്നിധ്യം വിവാദമായിരുന്നു. മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയിരുന്നെന്ന് സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതേദിവസം എ.ഡി.ജി.പി.യും തൃശ്ശൂരിലുണ്ടായിരുന്നു.

പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് എ.ഡി.ജി.പി.-ആര്‍.എസ്.എസ്. കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായത്. അതേത്തുടര്‍ന്നാണ് സി.പി.എം. വയനാട് ജില്ലാനേതൃത്വം എ.ഡി.ജി.പി.-തില്ലങ്കേരി കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരം എ.കെ.ജി. സെന്ററിലേക്കു കൈമാറിയത്.