തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി വി.പി.പി. മുസ്തഫയുടെ രാജിയും ചർച്ചകളിൽ. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പാണ് ഈ വിഷയം ചർച്ചയാക്കുന്നത്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു മുസ്തഫ. എക്‌സ്സൈസ് മന്ത്രിമാരായ എം വിഗോവിന്ദൻ, എം.ബി.രാജേഷ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി.പി.പി.മുസ്തഫയുടെ ഏതാനും മാസം മുൻപുള്ള രാജിയുടെ കാരണം സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ആവശ്യം.

മലബാറിലെ ചില ബാർ ഉടമകളുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്ന് മുസ്തഫയെ പാർട്ടി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയെന്ന് സിപിഎം വൃത്തങ്ങളിൽ കേട്ടിരുന്നു. എന്നാൽ, മുസ്തഫയെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മത്സരിപ്പിക്കാൻ രാജിവെപ്പിച്ചതാണെന്നായിരുന്നു മറുപ്രചരണം. തെരഞ്ഞെടുപ്പിൽ മുസ്തഫയെ സ്ഥാനാര്ഥിയായി ഒരു ഘട്ടത്തിലും പരിഗണിച്ചില്ലെന്നതാണ് വാസ്തവം. ബാർ ഉടമ സംഘടനയുടെ വൈസ് പ്രസിഡണ്ടിന്റെ ശബ്ദ സന്ദേശം പുതിയ ബാർ കോഴയുടെ കറുത്ത കരങ്ങൾ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലേക്ക് നീളുകയാണ്. മുസ്തഫയുടെ പുറത്താക്കൽ സംബന്ധിച്ച ദുരൂഹതകൾ ഇല്ലാതാകണമെങ്കിൽ പാർട്ടിയും മന്ത്രിയും നിലപാട് വിശദീകരിക്കണം'- ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

2023 ഫെബ്രുവരിയിലാണ് മുസ്തഫ സ്ഥാനമൊഴിഞ്ഞത്. കാസർകോട്ടെ സംഘടനാ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പാർട്ടി നിർദ്ദേശപ്രകാരമാണ് രാജിയെന്നായിരുന്നു അന്ന് പുറത്തു വന്ന വാർത്ത. അന്ന് ജില്ലകളിൽ സംഘടനാ ചർച്ചകൾ പൂർത്തിയായ ഘട്ടത്തിലാണ് മുസ്തഫയെ തിരികെ വിളിച്ചത്. പാർട്ടിയെ ശക്തിപ്പെടുത്താൻ മുസ്തഫയുടെ സാന്നിധ്യം ആവശ്യമാണെന്ന് കാസർകോട്ടെ ചർച്ചയിൽ അഭിപ്രായമുയർന്നുവെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ രാജിയിലാണ് ചെറിയാൻ ഫിലിപ്പ് ദുരൂഹത കാണുന്നത്.

കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ മുസ്തഫ സിപിഎം. ജില്ലാ കമ്മിറ്റിയംഗവും ജില്ലാപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്. മന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി ഒഴിയുന്ന അദ്ദേഹത്തിന് പാർട്ടി പുതിയചുമതല നൽകുമെന്നായിരുന്നു പ്രചരണം. എന്നാൽ അന്ന് പറഞ്ഞു കേട്ടതു പോലെ ലോക്‌സഭാ സ്ഥാനാർത്ഥിത്വമോ ഉന്നത പദവിയോ ഒന്നും നൽകിയില്ലെന്നതാണ് യാഥാർത്ഥ്യം. രണ്ടാം പിണറായി സർക്കാരിൽ മന്ത്രി എം വി ഗോവിന്ദന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെ എം.ബി. രാജേഷ് മന്ത്രിയായപ്പോഴും മുസ്തഫ സ്ഥാനത്ത് തുടരുകയായിരുന്നു,

നേരത്തേ, പെരിയ ഇരട്ടക്കൊലപാതക കേസിൽ മുസ്തഫയെ സിബിഐ ചോദ്യം ചെയ്തിരുന്നു. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെടുന്നതിന് ഒരു മാസം മുൻപ് കല്യോട്ട് നടന്ന സിപിഎം യോഗത്തിൽ മുസ്തഫ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലായിരുന്നു ഇത്. 2019 ജനുവരി 7ന് നടന്ന യോഗത്തിലെ മുസ്തഫയുടെ പ്രസംഗമാണ് വിവാദമായത്. അന്ന് പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു മുസ്തഫ. പിന്നീട് മുസ്തഫ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.