- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ വി തോമസ് അഴകിയ ദല്ലാൾ; ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം ഉപയോഗിക്കുന്നു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികൾക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ബിജെപി പിന്തുണയോടെ കെ റെയിലിന് ബദൽ നിർദ്ദേശം മുന്നോട്ടു വെച്ചുള്ള കെ വി തോമസിന്റെ ശ്രമങ്ങൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കെ വി തോമസ് അഴകിയ ദല്ലാളെന്ന് വിമർശിച്ചാണ് ചെറിയാൻ ഫിലിപ്പ് രംഗത്തുവന്നത്. ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് സിപിഎം കെവി തോമസിനെ ഉപയോഗിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
'നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെവി തോമസും ബിജെപി വക്താവായ ഇ ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതിയെ പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്' കുറിപ്പിൽ പറയുന്നു.
'ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികൾക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപി ലക്ഷ്യം. മറ്റിടങ്ങളിൽ സിപിഎമ്മിനെ ബിജെപി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെവിതോമസ് ബിജെപി നേതാക്കളുമായി ചർച്ചയാരംഭിച്ചിട്ടുള്ളത്' ചെറിയാൻ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം കെ റെയിലിനാണ് ഡൽഹിയിൽ, കേന്ദ്രസർക്കാറിന്റെ ദൂതനായാണ് കെ വി തോമസ് രംഗത്തെത്തിയത്. ബിജെപി പിന്തുണയോടെ ഒരു ബദൽ വേഗറെയിൽ നിർദ്ദേശം അവതരിപ്പിക്കപ്പെടുമ്പോൾ അതിനു കേന്ദ്രത്തിന്റെ പിന്തുണയുമുണ്ടാകും എന്നു തന്നെയാണ് അനുമാനം. ഇതുവരെ സിൽവർലൈൻ വിരുദ്ധരായിരുന്ന ബിജെപി, പുതിയ വേഗറെയിൽ പദ്ധതിയെ പിന്തുണയ്ക്കുന്നതു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം കേരളത്തിൽ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കാം എന്ന വിലയിരുത്തലുകളുണ്ട്.
വേഗറെയിൽ പദ്ധതിയുടെ എതിർപക്ഷത്തു യുഡിഎഫും ഭൂമി നഷ്ടപ്പെടുന്നവരും പരിസ്ഥിതിവാദികളും ഒരു സംഘം ബുദ്ധിജീവികളുമെന്ന നിലയാകും. ഒരു വർഷമായി മരവിച്ച സിൽവർലൈൻ പദ്ധതിയെക്കുറിച്ചു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഒരു പരാമർശവുമുണ്ടായിരുന്നില്ല. എന്നാൽ ഒരു മാസം മുൻപു നടത്തിയ യുഎസ് സന്ദർശനത്തിൽ മുഖ്യമന്ത്രി വീണ്ടും സിൽവർലൈൻ സജീവമാക്കി. ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധി കെ.വി.തോമസ് നടത്തിയ ചില ഇടപെടലുകൾ ഇതിനു ധൈര്യം നൽകിയെന്നു കരുതണം. ഡൽഹിയിലെ നിർദേശപ്രകാരമാണു കെ.വി.തോമസ് ശ്രീധരന്റെ അടുത്തേക്കെത്തിയതും. ശ്രീധരന്റെ ബദൽനിർദ്ദേശം ചർച്ചയായതോടെ, ഒട്ടും മടിക്കാതെ ബിജെപി
പിന്തുണയുമായെത്തുകയായിരുന്നു.
ബദൽ നിർദ്ദേശം ശ്രീധരൻ നേരത്തേ മുന്നോട്ടുവച്ചതാണെന്നും റെയിൽവേ വിഷയത്തിൽ ശ്രീധരനാണു കേരളത്തിലെ ബിജെപിയുടെ മാർഗദർശിയെന്നുമാണു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യായീകരിച്ചത്. ഒരു പേജ് കുറിപ്പു മാത്രമുള്ള പദ്ധതിയെയാണ് വിശദാംശങ്ങളറിയുന്നതിനു മുൻപു ബിജെപി പിന്തുണച്ചത്. പുതിയ നിർദേശത്തോടു പഠിച്ചശേഷം മതി പ്രതികരണമെന്നാണു പ്രതിപക്ഷത്തിന്റെ സമീപനം.
അതേസമയം സിൽവർ ലൈനിൽ ഇ ശ്രീധരന്റെ ബദൽ നിർദ്ദേശങ്ങൾ സജീവമായി ചർച്ച ചെയ്ത് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിർദേശത്തിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിആർ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ.
കേന്ദ്രം ചുവപ്പ് സിഗ്‌നൽ കാണിച്ചതോടെ വിസ്മൃതിയിലായ കെ റെയിൽ പുതുക്കിയ പാളത്തിലൂടെ ഓടിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലെ കേരളത്തിന്റെ സ്‌പെഷൽ ഓഫീസർ പദവി വഹിക്കുന്ന പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെട്രോമാൻ ഇ ശ്രീധരൻ ബദൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ കെ റെയിൽ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിപിആർ തന്നെ മാറ്റണമെന്നും ഇ ശ്രീധരൻ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദൽ. ഇത് വഴി ചെലവ് വൻതോതിൽ കുറയും, ഭൂമി വൻതോതിൽ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജ് ആക്കി തന്നെ നിലനിർത്തണമെന്നും ഇ ശ്രീധരൻ നിർദ്ദേശിച്ചു.
ഇ ശ്രീധരൻ നൽകിയ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പ്രൊഫ കെവി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പദ്ധതി രേഖയിൽ മാറ്റം വരുത്തിയാൽ പരിശോധിക്കാമെന്ന് നേരത്തെ റെയിൽവെ മന്ത്രിയും പറഞ്ഞിരുന്നു. കെ റെയിൽ എന്തായാലും വരുമെന്ന് എല്ലായ്‌പ്പോഴും ആവർത്തിക്കുന്ന സംസ്ഥാന സർക്കാർ മെട്രോമാന്റെ ശുപാർശ പ്രകാരം പദ്ധതിരേഖ പൊളിച്ചു പണിയുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇ ശ്രീധരന്റെ കേന്ദ്രത്തിലെ സ്വാധീനം അടക്കം ഉപയോഗിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ