കണ്ണൂർ: ആനക്കലിയിൽ 22 വയസുകാരനായ യുവാവ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ചെറുപുഴ. എബിനെ കാട്ടാന അക്രമിച്ചത് കാറ്ററിങ് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സുഹ്യത്തിനെ വീട്ടിൽ വിട്ടു വരുമ്പോൾ . ബുധനാഴ്‌ച്ച പുലർച്ചെ അഞ്ചു മണിയോടെയാണ് കാറ്ററിങ് ജോലി കഴിഞ്ഞ് എബിൻ രാജഗിരിയിലെ സുഹ്യത്തിനെ വീട്ടിൽ കൊണ്ടുചെന്ന് വിട്ട് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയത്.

ബൈക്ക് പോകാത്ത സ്ഥലമായതിനാൽ ബൈക്ക് റോഡരികിൽ വെച്ചു നടന്നു പോവുകയായിരുന്നു. രാജഗിരിയിലെ തച്ചിലേടത്ത് ഡാർവിന്റെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് ആന ആക്രമിക്കുന്നത്. കൃഷിയിടത്തിൽ ആന നിൽക്കുന്നതറിയാ എബിൻ ആനയുടെ മുന്നിൽ പ്പെടുകയായിരുന്നുവെന്നാണ് സമീപ വാസികൾ പറയുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് എബിനെ ആശുപത്രിയിലെത്തിച്ചത് എന്നാൽ തലയ്ക്ക് കുത്തും ചവിട്ടു മേറ്റ് അതിഗുരുതരമായി പരുക്കേറ്റ എബിന്റെ ജീവൻ രക്ഷിക്കാനായില്ല.

പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണമടയുന്നത്. എർണാകുളത്ത് ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുന്ന എബിൻ ഒരാഴ്‌ച്ച മുൻപാണ് ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായാണ് സ്വദേശമായ വാഴക്കുണ്ടം സെവൻസിലെത്തിയത്. 22 വയസുകാരനായ എബിൻ സെബാസ്റ്റ്യൻ വാഴ കണ്ടത്തെ ഷാജു -സജിനി ദമ്പതികളുടെ മകനാണ് 'ബിബിനാണ് ഏക സഹോദരൻ.

ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, കാനം വയൽ,കോഴിച്ചാൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ് കർണാടകവനത്തിൽ നിന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. ചില ഭാഗങ്ങളിൽ കാര്യങ്കോട് പുഴ കടന്നാണ് കാട്ടാനകൾ എത്തുന്നത്. കഴിഞ്ഞ മാസം ആറളം ഫാം പുനരിധിവാസ ബ്‌ളോക്കിൽ ശിവൻ എന്ന വിറകു ശേഖരിക്കാൻ പോയ യുവാവിനെ കാട്ടാന ചവുട്ടി കൊന്നിരുന്നു. ഇതിന്റെ നടുക്കം വിട്ടു മാറുന്നതിന് മുൻപാണ് മറ്റൊരാൾ കൂടി കാട്ടാനയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്.

കർണാടക വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചെറുപുഴ ഇവിടെയിറങ്ങുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ ഉൾപെടെ വൻ നാശനഷ്ടമാണ് വരുത്തുന്നത്. കൃഷി നാശത്തിന് പുറമേ ഇപ്പോൾ മനുഷ്യരുടെ ജീവനും കാട്ടാനകൾ കവരുമ്പോൾ വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നുയരുന്നത്. ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാൻ ഇവിടെ സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതു പ്രവർത്തന രഹിതമാണ്.

വനം വകുപ്പും സർക്കാരും അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.