- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2015ൽ ഏറ്റെടുത്ത ഭൂമിയിലെ കരം വാങ്ങാനുള്ള നോട്ടീസ് ഹൈക്കോടതി വിധിക്ക് വിധേയമെന്ന് സർക്കാർ വാദം; കരം അടയ്ക്കില്ലെന്ന് ബിലീവേഴ്‌സ് ചർച്ചും; ചെറുവള്ളിയിലെ നാടകം തുടരും; രാഷ്ട്രീയക്കാർ പ്രതികരിക്കാത്തതിൽ പ്രതീക്ഷകൾ അർപ്പിച്ച് ചർച്ച അധികാരികൾ; ശബരിമല വിമാനത്താവളത്തിലെ നേട്ടം എസ്റ്റേറ്റിന് തന്നെ
കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിൽ നാടകം തുടരും. ശബരിമല വിമാനത്താവളപദ്ധതിക്ക് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ കരം സ്വീകരിക്കാൻ റവന്യൂ വകുപ്പ് തയ്യാറായപ്പോൾ തുക അടയ്ക്കാൻ വിസമ്മതിച്ച് കൈവശക്കാരായ ഗോസ്പൽ ഫോർ ഏഷ്യ (ബിലീവേഴ്‌സ് ചർച്ച്) പുതിയ അവകാശ വാദങ്ങളിലാണ്. 2015ൽ സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് ഇത്. ഇതിൽ നിന്ന് കരം വാങ്ങുന്നത് തന്നെ എസ്റ്റേറ്റ് സർക്കാരിന്റേതല്ലെന്ന ചർച്ച സജീവമാക്കാനാണ്. എന്നിട്ടും കരം അടയ്ക്കാനുള്ള റവന്യൂവകുപ്പിന്റെ നിബന്ധനകൾ ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് സഭ പറയുന്നു. അതിനാൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കും. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് ബിലീവേഴ്‌സ് ചർച്ചിന്റെ പ്രതീക്ഷ.
2009 മുതൽ 2022-'23 സാമ്പത്തികവർഷം വരെയുള്ള കരക്കുടിശ്ശിക സ്വീകരിക്കാൻ മാർച്ച് മൂന്നിനാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. കൈവശരേഖകളിൽ ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്ന പേരാണുള്ളതെന്നും ആ പേരിൽ കരം സ്വീകരിക്കാനുമാണ് വകുപ്പ് നിർദ്ദേശം. എന്നാൽ, ട്രസ്റ്റിന്റെ പേര് അയന എന്നാക്കി മാറ്റിയെന്നും ആ പേരിൽ കരം സ്വീകരിക്കണമെന്നുമാണ് സഭയുടെ ആവശ്യം. ഇത് സാങ്കേതിക പ്രശ്‌നം മാത്രമാണ്. കരം വാങ്ങിയാൽ അത് ബിലീവേഴ്‌സ് ചർച്ചിനെ അംഗീകരിക്കലാകും. ഒരു രാഷ്ട്രീയ പാർട്ടിയും ഇതുവരെ ഈ ഇടപാടിനെതിരെ രംഗത്തു വന്നിട്ടില്ല. ഇതും ചർച്ചിന് ഗുണകരമാകും.
1882-ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട്പാലിച്ചു മാത്രമേ ഉടമയ്ക്ക് വസ്തുക്കൾ ഇഷ്ടമുള്ള പേരിൽക്കൂട്ടാൻ കഴിയൂ എന്നാണ് സർക്കാർ പക്ഷം. ഇത് സഭ പാലിച്ചില്ലെന്ന് റവന്യൂവകുപ്പ് കണ്ടെത്തി. രേഖകൾ ഹാജരാക്കിയാൽ അയനയുടെ പേരിൽ കരം സ്വീകരിക്കാമെന്നാണ് 2022 നവംബർ 22-നുള്ള ഹൈക്കോടതി ഉത്തരവെന്നും രേഖ കാണിച്ചിട്ടും വകുപ്പ് അംഗീകരിക്കുന്നില്ലെന്നുമാണ് സഭയുടെ നിലപാട്. ഇത് കോടതിയിൽ വീണ്ടും അവതരിപ്പിക്കും. ഒപ്പം കരത്തിന്റെ പലിശയീടാക്കാനുള്ള റവന്യൂവകുപ്പ് നോട്ടീസിനെയും ചോദ്യംചെയ്യും. എന്നാൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ എങ്ങനെ കരം അടയക്കൽ നടക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
എരുമേലി തെക്ക് വില്ലേജ് പരിധിയിലുള്ള ഭൂമിക്ക് 57 ലക്ഷം രൂപയും മണിമല വില്ലേജ് പരിധിയിലെ ഭൂമിക്ക് 4.24 ലക്ഷം രൂപയുമാണ് കരത്തുക. 2009 മുതൽ 2022-23 സാമ്പത്തികവർഷം വരെയുള്ള പലിശയും അടയ്ക്കണം. 2009 മുതൽ കൃത്യമായി കരം അടയ്ക്കുകയും റവന്യൂവകുപ്പ് അത് നിരസിക്കുകയുമായിരുന്നുവെന്നാണ് സഭയുടെ വാദം. എന്നാൽ, കോടതി വിധി പാലിച്ചാണ് കരം സ്വീകരിക്കുന്നത്. വിധിയുടെ തീയതി മുതലാണ് അതിന് അനുമതിയെന്ന വാദമാണ് റവന്യൂ വകുപ്പിന്. ഈ വിധിയെ ചോദ്യം ചെയ്യാത്ത സർക്കാർ നടപടിയും ദുരൂഹമാണ്.
2005-ലാണ് ഹാരിസൺ മലയാളം കമ്പനിയിൽനിന്ന് ബിലീവേഴ്‌സ് ചർച്ച് ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നത്. ഈ ഇടപാടിൽ പരാതി വന്നതോടെ റവന്യൂവകുപ്പ് പോക്കുവരവ് മരവിപ്പിച്ചു. നിയമപോരാട്ടങ്ങളിലൂടെ ഇളവ് നേടി 2009-'10 വരെ സഭ കരം അടച്ചു. 2015 മെയ് 28-ന് എം.ജി. രാജമാണിക്യം കമ്മിഷൻ ഹാരിസൺ കമ്പനിയുടെ ഭൂമി വിൽപ്പനകൾ എല്ലാം അസാധുവാണെന്ന് കണ്ടെത്തി. ഇതോടെ നികുതി സ്വീകരിക്കാതായി. കമ്മിഷനെതിരേ ഹാരിസൺ നൽകിയ കേസ് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും അംഗീകരിച്ച് ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് സർക്കാരിനെ തടഞ്ഞു. സർക്കാരിന് ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ സിവിൽ കേസ് നൽകാൻ നിർദേശിച്ചു. ഇത് പ്രകാരം പാലാ കോടതിയിൽ കേസ് നടക്കുകയാണ്. ഇതിനിടെ 2017 ഫെബ്രുവരി 21-ന് ചെറുവള്ളിയിൽ വിമാനത്താവളത്തിന് മന്ത്രിസഭ തീരുമാനിച്ചു.
രണ്ടുവർഷംമുമ്പ് ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്തും സ്ഥാപനങ്ങളിലും പരിശോധന നടത്തിയ ആദായനികുതി വകുപ്പ് അവരുടെ വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. നികുതിയടച്ച് പ്രശ്‌നം പരിഹരിച്ചെന്നാണ് സഭ പിന്നീട് അറിയിച്ചത്. വൻ തുക തന്നെ നികുതിയായി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ