കൊച്ചി: എരുമേലിയിലെ നിർദിഷ്ട ശബരിമല വിമാനത്താവളം നിർമ്മാണത്തിന്റെ പേരിൽ നടക്കുന്നത് ബിലീവേഴ്‌സ് ചർച്ചിന് അനുകൂലമായ നീക്കം തന്നെ. വിമാനത്താവളത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയിട്ടില്ല. അതിന് മുമ്പ് തന്നെ സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില നടപടികളാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. വിമാനത്താവളത്തിന് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാൻ റവന്യുവകുപ്പിന് അണ്ടർ സെക്രട്ടറി നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. എരുമേലി തെക്ക്, മണിമല വില്ലേജ് ഓഫീസുകളിൽനിന്നും എസ്റ്റേറ്റ് അധികൃതർക്ക് ഡിമാൻഡ് നോട്ടീസ് നൽകിയിട്ടുണ്ട്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 4,375 ഹെക്ടറാണ് ചെറുവള്ളി എസ്റ്റേറ്റ്. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ അടക്കം ഇത് വാർത്തയായി എത്തി കഴിഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംസ്ഥാന സർക്കാരിനാണെന്നതാണ് വസ്തുത. ഇത് ഹാരിസൺ വ്യാജരേഖയിൽ സ്വന്തമാക്കിയതാണെന്നാണ് കേസ്. ഇതിന്റെ നിയമ നടപടികൾ പരോഗമിക്കുകയാണ് കോടതിയിൽ. അപ്പോൾ പിന്നെ എന്തിനാണ് ഈ ഭൂമിക്ക് നികുതി ഈടാക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.

ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംസ്ഥാനത്തിനാകുമ്പോൾ അത് റവന്യൂ ഭൂമിയാണ്. വിമാനത്താവളത്തിന് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാൻ റവന്യുവകുപ്പിന് അണ്ടർ സെക്രട്ടറി നിർദ്ദേശം നൽകിയെന്ന് പറയുന്ന ദേശാഭിമാനി വാർത്തയിൽ തന്നെ അത് എസ്‌റ്റേറ്റ് അധികൃതരിൽ നിന്നാണെന്നും വാർത്ത പറയുന്നു. ഇത് ശരിയാണെങ്കിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സർക്കാർ വേണ്ടെന്ന് വയ്ക്കുകയാണ്. അങ്ങനെ നികുതി വാങ്ങി കഴിഞ്ഞാൽ അത് ബിലീവേഴ്‌സ് ചർച്ചിന്റേതാണെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. അതു സംഭവിക്കുന്നതോടെ വിമാനത്താവള ഭൂമിക്ക് പൊന്നും വില നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. മിക്കവാറും കേന്ദ്രാനുമതി കിട്ടുന്നതിന് മുമ്പു തന്നെ അതും സംഭവിക്കും. അങ്ങനെ പണം കൊടുത്ത് എസ്റ്റേറ്റ് വാങ്ങിയ ശേഷം വിമാനത്താവളം യാഥാർത്ഥ്യമായില്ലെങ്കിലും അതിന്റെ നേട്ടം ബിലീവേഴ്‌സ് ചർച്ചിനാകും. കേസിൽ കിടക്കുന്ന വസ്തുവിൽ ബിലീവേഴ്‌സ് ചർച്ചിന് നേട്ടമാകും. രാഷ്ട്രീയ സ്വാധീനത്തിലൂടെ വിവാദ ഭൂമിയിൽ എല്ലാം ശരിയാക്കാമെന്ന പ്രതീക്ഷയിലാണ് ഹാരിസണിൽ നിന്നും ബിലീവേഴ്‌സ് ചർച്ച് ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നത്. എന്നാൽ ക്രമപ്പെടുത്തൽ എളുപ്പമായില്ല. ഇതിനിടെയാണ് വിമാനത്താവള ആശയം ചെറുവള്ളിയിലേക്ക് എത്തിയത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്ന് തന്നെ വാദം ഉയർന്നതാണ്.

നികുതി ഈടാക്കാനുള്ള അനുമതി വാർത്ത ശരിയാണെങ്കിൽ ചെറുവള്ളിയിലെ ഉടമസ്ഥ തർക്ക കേസു പോലും വെറുതെയായി. വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയിൽ സാമൂഹികാഘാത പഠനത്തിന് തുടക്കമായി. വിവരശേഖരണ യജ്ഞം ജൂൺ വരെ നീളും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ്‌റ് ഡവലപ്പ്മെന്റ് ആണ് പഠനം നടത്തുന്നത്. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിലുള്ള വീടുകളുടേയും ഇതര നിർമ്മിതികളുടേയും വിവരങ്ങളാണ് ശേഖരിക്കുക. റവന്യുവകുപ്പ് നൽകിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് വീടുകളുടെയും സ്ഥലങ്ങളുടെയും വിവരശേഖരണം. 370 ഏക്കർ സ്വകാര്യഭൂമിയും കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2,570 ഏക്കർ ഭൂമി ചെറുവള്ളി എസ്റ്റേറ്റിൽനിന്നും ഏറ്റെടുക്കും.

ഏറ്റെടുക്കേണ്ടിവരുന്ന സ്വകാര്യഭൂമിയിലാണ് ഇപ്പോൾ പഠനം ആരംഭിച്ചത്. എഴുനൂറിൽപരം കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇവരെ നേരിൽകണ്ടാണ് വിവരശേഖരണം നടത്തുക. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണ് നടപടി. ഓരോ വീടുകളിലും എത്ര അംഗങ്ങൾ, സ്ഥലത്തിന്റെ അളവ്, അംഗങ്ങളുടെ തൊഴിൽ, ഭൂമിയേറ്റെടുപ്പിൽ കുടുംബാംഗങ്ങളുടെ ആശങ്ക, ആവശ്യപ്പെടുന്ന നഷ്ടപരിഹാരം എന്നിവയാണ് പഠനത്തിന് വിധേയമാക്കുക. ഇതിനിടെയാണ് വിമാനത്താവളത്തിന് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാൻ റവന്യുവകുപ്പിന് അണ്ടർ സെക്രട്ടറി നിർദ്ദേശം നൽകിയത്. ഈ വസ്തുവിലെ കേസ് തീർന്നാലെ വസ്തു ഏറ്റെടുക്കാൻ അനുവദിക്കൂവെന്ന നിലപാടിലാണ് ബിലീവേഴ്‌സ് ചർച്ച. വിമാനത്താവളം വൈകാൻ പാടില്ലെന്ന ന്യായത്തിൽ ഈ വാദം അംഗീകരിച്ച് വസ്തുവിലെ ഉടമസ്ഥാവകാശ കേസ് തീർപ്പാക്കാനാണ് അണിയറയിലെ നീക്കം എന്ന് വേണം മനസ്സിലാക്കാൻ.

സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയുള്ള വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ പണം നൽകുന്നതും ആലോചനയിൽ എന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമാവകാശം സ്ഥാപിക്കാനുള്ള കേസ് പാലാ സബ് കോടതിയിൽ നടക്കുകയാണ്. ഇതിലെ തീർപ്പിന് വിധേയമാണ് പദ്ധതിയുടെ തുടർനടപടികൾ. പണം കെട്ടിവെച്ച് ഭൂമിയേറ്റെടുക്കാനുള്ള ആലോചനയും സജീവമാണ്. എസ്റ്റേറ്റ് ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ച് അവകാശപ്പെടുന്നു. മണ്ണ് പരിശോധനയ്ക് അവർ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ട് അനുമതി കൊടുത്തിരുന്നു. ഇതിനിടെയാണ് നികുതി വാങ്ങാനുള്ള നീക്കം. ഇതോടെ ഭൂമി ബിലീവേഴ്‌സ് ചർച്ചിന്റേതാണെന്ന് സംസ്ഥാന സർക്കാർ സമ്മതിക്കുന്നത് കൂടിയായി തീരുമാനം മാറും.

സ്വകാര്യ വ്യക്തിയുടെ ഭൂമിയല്ല ചെറുവള്ളി എസ്റ്റേറ്റ് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സർക്കാരിന്റെ മാത്രം ഭൂമിയാണിത്. ചെറുവള്ളി എസ്റ്റേറ്റ് 2015 മെയ് 28ന് തന്നെ സർക്കാർ ഏറ്റെടുത്തതാണ്. ഭൂമി തിരിച്ച് പിടിക്കാനുള്ള സ്പെഷ്യൽ ഓഫീസർ എം.ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തത്. 18 ഉത്തരവുകളിലായി ഹാരിസൺ മലയാളം പ്ലാന്റേഷൻസ് കൈവശം വച്ചതും മറിച്ച് വിറ്റതുമായ 38, 171 ഏക്കർ ഭൂമിയാണ് അന്ന് ഏറ്റെടുത്തത്. ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 2264 ഏക്കറും വരും. ഇത്തരമൊരു ഭൂമിക്ക് എന്തിനാണ് നികുതി ഈടാക്കുന്നത് എന്നതാണ് ഉയരുന്ന ചോദ്യം.

1977ൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസൺ എന്നും ഹാരിസൺ കൈവശം വച്ചിരുന്നതും കൈമാറ്റം ചെയ്തതുമായ 75000 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നും ഇതേകുറിച്ച് സിബിഐ അന്വേഷിക്കണമെന്നും സ്പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ശുപാർശ നൽകിയിരുന്നു. ഇത്തരത്തിൽ അനധികൃതമായി കൈവശമുള്ള ഭൂമിയിൽനിന്ന് ഹാരിസൺ 1984ൽ കൈമാറിയ 2265 ഏക്കറിൽപ്പെടുന്നതാണ് ഇപ്പോൾ ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ഭൂമി. വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അടക്കമുള്ള 2570 ഏക്കർ ഭൂമിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചെറുവള്ളി എസ്റ്റേറ്റ് മാത്രം 2263 ഏക്കറാണുള്ളത്. ഇതിനുപുറത്തുള്ളതാണ് 307 ഏക്കർ.

ആദ്യം ഇറക്കിയ ഉത്തരവിൽ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി മാത്രമാണുണ്ടായിരുന്നത്. പ്രാഥമിക പ്രവർത്തനങ്ങൾക്കും ഓഫീസ് പ്രവർത്തനത്തിനും സൗകര്യം ഒരുക്കാനാണ് പുറത്തുള്ള ഭൂമിയേറ്റെടുക്കൽ. ഇവയിൽ ഭൂരിഭാഗവും സ്വകാര്യഭൂമിയാണ്. 2022 ജൂൺ 30-ന് സംസ്ഥാനം വിമാനത്താവളത്തിന്റെ സാമ്പത്തിക, സാങ്കേതിക സാധ്യതാ റിപ്പോർട്ട് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന് കൈമാറിയിരുന്നു. ഇതിലെ സംശയങ്ങൾക്ക് ഒക്ടോബർ 10-ന് വിശദീകരണവും നൽകി. റൺവേയുടെ നീളം, ഭൂമിയുടെ ഉറപ്പ്, പദ്ധതിപ്രദേശം രണ്ട് വില്ലേജുകളിലായി വന്നത് എന്നിവയിൽ മന്ത്രാലയം വീണ്ടും വിശദീകരണം തേടി. ഇതിനും മറുപടി നൽകി. ഇപ്പോൾ മധുര വിമാനത്താവളത്തെ എങ്ങനെ ബാധിക്കുമെന്ന സംശയത്തിൽ കൂടി വ്യക്തത വരുത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് കേന്ദ്രം.

കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന വിമാനത്താവളത്തിന് ആദ്യം ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി മാത്രമാണ് നിശ്ചയിച്ചിരുന്നത്. 2263.18 ഏക്കർവരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ബിലീവേഴ്‌സ് ചർച്ചുമായി പാലാ സബ് കോടതിയിലുള്ള കേസിന്റെ വിധി നിർണ്ണായകമാണെങ്കിലും ഭൂമിയുടെയും മരങ്ങളുടെയും കെട്ടിടങ്ങളുടെയും പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാം. എന്നാൽ ഭൂമിയിൽ എസ്‌റ്റേറ്റ് നികുതി അടച്ചാൽ പിന്നെ കോടതിയിലെ കേസ് പോലും അപ്രസക്തമാകും. എല്ലാ അർത്ഥത്തിലും വില കൊടുത്ത് ഭൂമി വാങ്ങേണ്ടിയും വരും. ഇത് ബിലീവേഴ്‌സ് ചർച്ചിന് ഏറെ ഗുണകരമാകുകയും ചെയ്യും. വസ്തു ഏറ്റെടുത്ത ശേഷം കിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യണം. തുടർന്ന് നിക്ഷേപ സമാഹരണം. ടെൻഡർ വിളിച്ച് നിർമ്മാണം. പക്ഷേ ഇതിനെല്ലാം കേന്ദ്ര അനുമതി നിർണ്ണായകമാണ്.

ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നതും റബ്ബർ മാത്രം മുറിച്ചു മാറ്റിയാൽ മതിയെന്നും നേട്ടമായി അവതരിപ്പിക്കുന്നു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലേയ്ക്ക് യാത്ര എളുപ്പം. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലുള്ളവർക്കും സൗകര്യം. തീർത്ഥാടന ടൂറിസത്തിനും സുഗന്ധ വ്യഞ്ജന കയറ്റുമതിക്കും സാദ്ധ്യത കൂടുമെന്നും പറയുന്നു. എന്നാൽ ഏറ്റവും വലിയ നേട്ടം ബിലീവേഴ്സ് ചർച്ചനാകുകയും ചെയ്യും. തിരുവനന്തപുരം-എരുമേലി ദൂരം 135 കിലോമീറ്ററാണ്. നെടുമ്പാശേരിയിലേക്ക് 110 കിലോമീറ്റർ. കോട്ടയത്തേക്ക് 58 കിലോമീറ്ററും പമ്പ 45 കിലോമീറ്ററും. ഇങ്ങനെ ശബരിമലയുടെ പേരിൽ ചെറുവള്ളി എസ്റ്റേറ്റിൽ കച്ചവടം ഉറപ്പിക്കുയാണ് സർക്കാർ.