ന്യൂഡൽഹി: കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ കുമാറിന്റെ (ചേതൻ അഹിംസ) ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കേന്ദ്രം റദ്ദാക്കുന്നത് പ്രവാസികൾക്കുള്ള സർക്കാരിന്റെ മുന്നറിയിപ്പ് വലതുപക്ഷ തീവ്ര രാഷ്ട്രീയത്തിന്റെ നിരന്തര വിമർശകനായിരുന്ന ചേതനെ ഹിന്ദുത്വത്തെ ചോദ്യംചെയ്തുള്ള ട്വീറ്റുകളുടെ പേരിൽ മാർച്ച് 21ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

സിനിമാനടൻ എന്നതിലുപരി ആക്ടിവിസ്റ്റും വോക്കൽ ആർട്ടിസ്റ്റും അതിലുപരി കടുത്ത അംബ്ദേക്കർ അനുയായിയുമായ ചേതൻ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. അമേരിക്കയിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ ഡിഗ്രി പൂർത്തിയാക്കിയ ചേതൻ 2005-ൽ ഇന്ത്യയിലെത്തുന്നത് പഠനത്തിന്റെ ഭാഗമായുള്ള റിസർച്ചുമായി ബന്ധപ്പെട്ടാണ്. തുടർന്ന് ബാംഗ്‌ളൂരിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചു. 2007-ൽ 'ആ ദിനഗളു' എന്ന ചിത്രത്തിലൂടെയാണ് ചേതൻ കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രം ഇൻഡസ്ട്രിയിൽ വൻ വിജയമായിരുന്നു. തുടർന്ന് പല സിനിമകളിലും പ്രധാന വേഷങ്ങൾ ചെയ്തു. സാധാരണ സിനിമാതാരങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊതുപ്രശ്‌നങ്ങളിൽ ഇടപെടുന്ന സിനിമാതാരമായിരുന്നു ചേതൻ.

ഇന്നലെയാണ് 15 ദിവസത്തിനുള്ളിൽ ഒസിഐ കാർഡ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചേതന് ഫോറിനേഴ്‌സ് റീജിയനൽ റജിസ്‌ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) കത്തയച്ചത്. കത്ത് അയച്ചിരിക്കുന്ന തീയതി മാർച്ച് 28 ആണ്. രാജ്യത്തെ അപമാനിക്കുന്നവർക്കെതിരെ പല പശ്ചാത്യ രാജ്യങ്ങളും ഇത്തരത്തിലെ നടപടികൾ എടുക്കാറുണ്ട്. ഇതിന് സമാനമാണ് ചേതൻ കുമാറിനെതിരായ നടപടി. രാജ്യത്തിന്റെ പ്രതിച്ഛായയെ ചോദ്യം ചെയ്യുന്ന സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്ന പ്രവാസികൾക്കെല്ലാം ഇനി ഒസിഎ കാർഡ് നഷ്ടമാകും. ജഡ്ജിമാർക്കെതിരെ മോശം പ്രയോഗങ്ങൾ നടത്തിയെന്നും മറ്റു ദേശദ്രോഹ പ്രവർത്തനങ്ങൾ നടത്തിയെന്നും കാട്ടി ചേതന് 2022 ജൂണിൽ എഫ്ആർആർഒയുടെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിരുന്നു. ഇതിനു നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് ഇന്നലെ ലഭിച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ അതിന് കാരണം പുതിയ ഇടപെടലാണെന്നാണ് വിലയിരുത്തൽ. ഹിന്ദുത്വത്തെ ചോദ്യം ചെയ്ത ട്വീറ്റാണ് സർക്കാരിനെ പ്രകോപിപ്പിക്കുന്നത്.

''സർക്കാരിനെ ചോദ്യംചെയ്യുന്ന ആർക്കും മുന്നറിയിപ്പ് നൽകുന്ന, ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സാമൂഹിക പ്രവർത്തകരെയും മറ്റും നിശബ്ദരാക്കാനും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സംസ്ഥാനതല ലോബികളുടെ പിന്തുണയോടെയുള്ള കേന്ദ്രത്തിന്റെ നടപടിയാണിത്'' മാധ്യമങ്ങളോട് ചേതൻ പ്രതികരിച്ചു. ബ്രാഹ്‌മണിസത്തെക്കുറിച്ചു സംസാരിച്ചതോടെയാണ് തനിക്കെതിരെ വലതുപക്ഷം തിരിയാൻ തുടങ്ങിയതെന്നാണ് ചേതന്റെ ആരോപണം. ബ്രാഹ്‌മണ മേധാവിത്തത്തെ തള്ളിപ്പറഞ്ഞ് വിഡിയോ ഇട്ടതിനു പിന്നാലെ 2021 ജൂണിൽ ചേതനെതിരെ രണ്ടു കേസുകൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ സമൂഹത്തിലെ തുല്യതയില്ലായ്മയുടെ മൂലകാരണം ബ്രാഹ്‌മണിസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബ്രാഹ്‌മണർ എന്ന സമുദായത്തെയല്ല വിമർശിക്കുന്നതെന്നും ബ്രാഹ്‌മണ മേധാവിത്തത്തെയാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ ചേതന്റെ ഒസിഐ കാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി എഫ്ആർആർഒയെ സമീപിക്കുകയായിരുന്നു.

സംസ്ഥാനത്തെ സ്‌കൂളുകളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് വരുന്നത് വിലക്കിയതിനെതിരായ ഹർജികൾ പരിഗണിച്ച കർണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിത്തിനെ വിമർശിച്ച് ട്വീറ്റ് ചെയ്തതിനെത്തുടർന്ന് 2022 ഫെബ്രുവരിയിൽ ചേതനെ അറസ്റ്റ് ചെയ്തിരുന്നു. ഷിക്കോഗോയിൽ താമസിക്കുന്ന ചേതന് 2018ലാണ് ഒസിഐ കാർഡ് ലഭിച്ചത്. 'ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിൽ' എന്ന ചേതൻ കുമാറിന്റെ പോസ്റ്റ് ട്വിറ്ററിൽ വൈറലാകുകയായിരുന്നു. സവർക്കർ, ബാബറി മസ്ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ തുടങ്ങിയ രാഷ്ട്രീയവ്യവഹാരങ്ങൾ ഉദാഹരിച്ച് ഹിന്ദുത്വ എന്നത് നുണകളിൽ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്ന് ചേതൻ തന്റെ ട്വീറ്റിൽ കുറിക്കുകയായിരുന്നു.

ട്വീറ്റ് വൈറലായതിന് പിന്നാലെ ചേതനെതിരെ ബജ്‌റംഗദൾ പ്രവർത്തകനായ ശിവകുമാർ പൊലീസിൽ പരാതി നൽകി. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് നിലവിൽ ചേതനെതിരെ ചുമത്തിയത്. ബജ്‌റംഗദൾ പ്രവർത്തകനായ ശിവകുമാർ നേരത്തെയും ചേതനെതിരെ പരാതി നൽകിയിട്ടുണ്ട്. കാന്താര സിനിമയിൽ കാണിക്കുന്ന ''ഭൂതകോല'' എന്ന ആചാരം ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും അത് ആദിവാസികളുടെ ആചാരമാണെന്നും പറഞ്ഞതിനെതിരെയാണ് ഇക്കഴിഞ്ഞ ഒക്ടോബറിൽ ചേതനെതിരെ ഇയാൾ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ അറസ്റ്റും ജാമ്യവും.

ഇതാദ്യമായിട്ടില്ല ഹിന്ദുത്വക്കെതിരെയും ബിജെപിക്കെതിരെയും പ്രതികരിച്ചതിന്റെ പേരിൽ ചേതൻ അറസ്റ്റിലാകുന്നത്. സുപ്രീംകോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെ വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം ജനുവരിയിലും ചേതനെ അറസ്റ്റ് ചെയ്തിരുന്നു. കർണാടകയിൽ മുസ്ലിം വിദ്യാർത്ഥിനികൾ ഹിജാബ് അണിയുന്നത് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീംകോടതിയിൽ പരിഗണിച്ചത് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്ത് ആയിരുന്നു. സിറ്റിങ് ജഡ്ജിക്കെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ചേതൻ ആറുദിവസം ജയിലിൽ കിടന്നിരുന്നു. കർഷകർ, തൊഴിലാളികൾ, ദളിതർ, ആദിവാസികൾ എന്നിവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള വിവിധ പ്രസ്ഥാനങ്ങളിൽ അറിയപ്പെടുന്ന മുഖമാണ് ചേതന്റേത്. മാത്രമല്ല ഉറച്ച അംബേദ്കർ അനുയായിയും സോഷ്യലിസ്റ്റുമായ ചേതൻ നിരവധി സമരങ്ങളുടെയും ഭാഗമായി തന്റെ സാമൂഹ്യപ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.

എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസം, കുടകിൽ നിന്ന് കുടിയൊഴിക്കപ്പെട്ട ആദിവാസികൾക്ക് വീടുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ സംഘടനകൾ നടത്തിയ സമരങ്ങളിലൊക്കെയും ചേതൻ പങ്കെടുത്തിട്ടുണ്ട്. ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി വേണമെന്നുള്ള പ്രചാരണങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സാമൂഹ്യപ്രശ്‌നങ്ങളിൽ മാത്രമല്ല കന്നഡ സിനിമാ മേഖലയിലെ പ്രശ്‌നങ്ങളിലും ചേതൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്ത്രീകൾ, എഴുത്തുകാർ, സിനിമാ രംഗത്തെ മറ്റ് സാധാരണ തൊഴിലാളികൾ എന്നിവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി എന്ന സംഘടനയിലെ സജീവ പ്രവർത്തകനാണ് ചേതൻ.