ബംഗളൂരു: വിവാദ പോസ്റ്റിന് പിന്നാലെ അറസ്റ്റ് ചെയ്തിട്ടും കന്നട നടനോടുള്ള നടപടി അവസാനിപ്പിക്കാതെ കേന്ദ്രം.ഹിന്ദുത്വത്തെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയെന്ന കാരണത്താൽ കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ കുമാറിന്റെ (ചേതൻ അഹിംസ) ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയതായി നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്രം. വലതുപക്ഷ തീവ്ര രാഷ്ട്രീയത്തിന്റെ നിരന്തര വിമർശകനായിരുന്ന ചേതനെ ഹിന്ദുത്വത്തെ ചോദ്യംചെയ്തുള്ള ട്വീറ്റുകളുടെ പേരിൽ മാർച്ച് 21നാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നാലെ ഇന്നലെയാണ് 15 ദിവസത്തിനുള്ളിൽ ഒസിഐ കാർഡ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചേതന് ഫോറിനേഴ്‌സ് റീജിയനൽ റജിസ്‌ട്രേഷൻ ഓഫിസ് (എഫ്ആർആർഒ)യുടെ കത്ത് ചേതന് ലഭിച്ചത്.കത്ത് അയച്ചിരിക്കുന്ന തീയതി മാർച്ച് 28 ആണ്.''സർക്കാരിനെ ചോദ്യം
ചെയ്യുന്ന ആർക്കും മുന്നറിയിപ്പ് നൽകുന്ന, ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സാമൂഹിക പ്രവർത്തകരെയും മറ്റും നിശബ്ദരാക്കാനും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സംസ്ഥാനതല ലോബികളുടെ പിന്തുണയോടെയുള്ള കേന്ദ്രത്തിന്റെ നടപടിയാണിത്'' മാധ്യമങ്ങളോട് ചേതൻ പ്രതികരിച്ചു.

'ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിൽ' എന്ന ചേതൻ കുമാറിന്റെ പോസ്റ്റ് ട്വിറ്ററിൽ വൈറലായിരുന്നു. ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടൻ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇക്കഴിഞ്ഞ മാർച്ചിലാണ് ചേതനെ അറസ്റ്റ് ചെയ്തത്. ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ചേതന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ചേതനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.ഇതിന്റെ തുടർച്ചയാണ് കാർഡ് റദ്ദാക്കൽ നടപടി.

ബ്രാഹ്മണിസത്തെക്കുറിച്ചു സംസാരിച്ചതോടെയാണ് തനിക്കെതിരെ വലതുപക്ഷം തിരിയാൻ തുടങ്ങിയതെന്നാണ് ചേതൻ പറയുന്നത്. ബ്രാഹ്മണ മേധാവിത്തത്തെ തള്ളിപ്പറഞ്ഞ് വിഡിയോ ഇട്ടതിനു പിന്നാലെ 2021 ജൂണിൽ ചേതനെതിരെ രണ്ടു കേസുകൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ സമൂഹത്തിലെ തുല്യതയില്ലായ്മയുടെ മൂലകാരണം ബ്രാഹ്മണിസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ബ്രാഹ്മണർ എന്ന സമുദായത്തെയല്ല വിമർശിക്കുന്നതെന്നും ബ്രാഹ്മണ മേധാവിത്തത്തെയാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ ചേതന്റെ ഒസിഐ കാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി എഫ്ആർആർഒയെ സമീപിക്കുകയായിരുന്നു.

ജഡ്ജിമാർക്കെതിരെ മോശം പ്രയോഗങ്ങൾ നടത്തിയെന്നും മറ്റു ദേശദ്രോഹ പ്രവർത്തനങ്ങൾ നടത്തിയെന്നും കാട്ടി ചേതന് 2022 ജൂണിൽ എഫ്ആർആർഒയുടെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിരുന്നു.ഇതിനു നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് ഇന്നലെ ലഭിച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.സംസ്ഥാനത്തെ സ്‌കൂളുകളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് വരുന്നത് വിലക്കിയതിനെതിരായ ഹർജികൾ പരിഗണിച്ച കർണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിത്തിനെ വിമർശിച്ച് ട്വീറ്റ് ചെയ്തതിനെത്തുടർന്ന് 2022 ഫെബ്രുവരിയിൽ ചേതനെ അറസ്റ്റ് ചെയ്തിരുന്നു. ഷിക്കോഗോയിൽ താമസിക്കുന്ന ചേതന് 2018ലാണ് ഒസിഐ കാർഡ് ലഭിച്ചത്.

ചേതൻ കുമാർ നേരത്തെ സമാനമായ കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തിട്ടുണ്ട്. ഹിജാബ് വിഷയത്തിൽ വാദം കേൾക്കുകയായിരുന്ന കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്തതിനാണ് നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷം ഒക്ടോബറിൽ കാന്താര എന്ന സിനിമയെക്കുറിച്ച് മോശമായ പ്രസ്താവന നടത്തിയതിന് ചേതൻ കുമാറിനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ബ്രാഹ്മണ്യവും ഗോത്ര സംസ്‌കാരവും ഒന്നിച്ച് നിലനിൽക്കുന്നുണ്ടെന്ന് ചേതൻ സിനിമയെക്കുറിച്ചുള്ള തന്റെ പരാമർശത്തിൽ പറഞ്ഞിരുന്നു.