കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ തര്‍ക്കം തെരുവുയുദ്ധമായി മാറി. സംഘര്‍ഷത്തിനിടെ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. പറയഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വോട്ടെടുപ്പിനിടെ രാവിലെ നടന്ന സംഘര്‍ഷത്തിന് പിന്നാലെയാണ് ഉച്ചയ്ക്കുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്.

കോണ്‍ഗ്രസ് വിമതരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുമുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തെ റോഡില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പരസ്പരം കസേരകള്‍ എടുത്താണ് തല്ലിയത്.

സംഘര്‍ഷത്തിനിടെ പൊലീസ് നോക്കുകുത്തിയാകുന്ന അവസ്ഥയാണുണ്ടായത്. സ്ഥലത്തുള്ള പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിനായിട്ടില്ല. വോട്ടര്‍മാരുമായി എത്തിയ വാഹനങ്ങളും സംഘര്‍ഷത്തിനിടെ ആക്രമിച്ചു. ഇതിനിടയില്‍ കള്ളവോട്ട് ആരോപണവുമായി വോട്ടര്‍മാര്‍ രംഗത്തെത്തി. കള്ളവോട്ടിന് പിന്നില്‍ നിലവിലെ ഭരണസമിതി ആണെന്നാണ് ആരോപണം.

സഹകരണ വകുപ്പിന്റെ പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എംകെ രാഘവന്‍ എംപി ആരോപിച്ചു. അതേസമയം, വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചും മറ്റും കോണ്‍ഗ്രസാണ് കള്ളവോട്ടിനു നേതൃത്വം നല്‍കുന്നതാണ് സിപിഎമ്മിന്റെ ആരോപണം.

വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ്. സ്ഥലത്ത് എംകെ രാഘവന്‍ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് എം കെ രാഘവന്‍ ആരോപിച്ചു. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്‌കൂളിന് പുറത്ത് കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു.

വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും പിന്നാലെ സിപിഎമ്മും രംഗത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. പരസ്പരം കൂകി വിളിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. നിലവില്‍ പൊലീസിന്റെ സംരക്ഷണത്തിലാണ് മെമ്പര്‍മാര്‍ വോട്ട് ചെയ്യിക്കുന്നത്.

കോണ്‍ഗ്രസ് ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണു മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണു വിമതര്‍ മത്സരിക്കുന്നത്. ആക്രമണത്തിനു പിന്നില്‍ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. പൊതുതിരഞ്ഞെടുപ്പിനു സമാനമായ വാശിയോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പ്.

ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്കിന്റെ ഭരണസമിതിയും പാര്‍ട്ടി നേതൃത്വവും തമ്മില്‍ ഏറെ നാളായി സംഘര്‍ഷത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.കെ.രാഘവനെതിരെ ഭരണസമിതി നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍നിന്ന് ഇവരെ പുറത്താക്കി. തുടര്‍ന്നു സിപിഎം പിന്തുണയോടെ ഔദ്യോഗിക പക്ഷത്തിനെതിരെ വിമതപക്ഷം മത്സരിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെടെ വിമതര്‍ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.

നിലവിലെ ഭരണസമിതിയില്‍ നിന്ന് ബാങ്ക് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഒരു പാനലിനെ കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് ഭരിച്ച ബാങ്കായിരുന്നു ചേവായൂര്‍ ബാങ്ക്. ഈ ഔദ്യോഗിക പാനലുമായി ഡിസിസി നേതൃത്വം പിണങ്ങി പോകുകയും ഔദ്യോഗിക പാനലിനെതിരെ കോണ്‍ഗ്രസ് മറ്റൊരു പാനലിനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിമതരുടെ പാനലിനെ പിന്തുണച്ച് സിപിഎമ്മും രംഗത്തെത്തി.

ബാങ്ക് ഭരണസമിതിയും ഡിസിസിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രതിസന്ധിക്ക് കാരണമായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരസ്യമായ ഭീഷണിയെ വകവയ്ക്കാതെയാണ് വിമതര്‍ കോണ്‍ഗ്രസ് പാനലിനെതിരെ മത്സരിക്കുന്നത്. 35,000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്.