തിരുവനന്തപുരം: സംസ്ഥാനം വമ്പന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സര്‍ക്കാരിന്റെ തുടര്‍ന്നുള്ള കടമെടുപ്പ് പ്രതിസന്ധിയിലാകുന്നത് വകുപ്പുകളുടെ അനാസ്ഥയിലാണ്. പലവട്ടം ആവശ്യപ്പെട്ടിട്ടും ചില വകുപ്പുകള്‍ കണക്ക് നല്‍കാത്തതിനാല്‍ സര്‍ക്കാരിനു തുടര്‍ന്നുള്ള ഫണ്ട് വിതരണം നിര്‍ത്തലാക്കേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന് അക്കൗണ്ടന്റ് ജനറല്‍ മുന്നറിയിപ്പു നല്‍കി. 15 സര്‍ക്കാര്‍ വകുപ്പുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവുചെലവ് കണക്കുകളുടെ വിശദാംശങ്ങള്‍ നല്‍കാത്തത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. കേരളത്തില്‍ 'നാഥനില്ലാ അവസ്ഥ'യുണ്ടെന്ന ചര്‍ച്ച സജീവമാക്കുന്നതാണ് ഈ വാര്‍ത്ത. ചെയ്യേണ്ടതു പോലും വകുപ്പുകള്‍ ചെയ്യുന്നില്ലെന്ന് ചീഫ് സെക്രട്ടറി പറയുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതില്‍ ഇടപെടുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം വിഷയങ്ങളൊന്നും മന്ത്രിസഭ അറിയിക്കുന്നുണ്ടോ എന്നതും ഉയരുന്ന ചോദ്യമാണ്.

ഓണക്കാലത്ത് 20,000 കോടി രൂപ ചെലവിടേണ്ടി വന്നിട്ടുണ്ട്. 7 ദിവസത്തിനുള്ളില്‍ കണക്കുകള്‍ കൈമാറിയില്ലെങ്കില്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പോടെ എജിയുടെ കത്ത് ചീഫ് സെക്രട്ടറി വകുപ്പു മേധാവികള്‍ക്കു കൈമാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ വരവുചെലവ് കണക്കുകള്‍ നോക്കി അക്കൗണ്ടന്റ് ജനറല്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് ഓരോ വകുപ്പും പരിശോധിച്ച് ശരിയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനു ശേഷമാണ് എജി ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കൈമാറുക. ഈ റിപ്പോര്‍ട്ട് സമയബന്ധിതമായി കൈമാറിയില്ലെങ്കില്‍ സാമ്പത്തിക വര്‍ഷാവസാനത്തെ കടമെടുപ്പ് കേന്ദ്രം പിടിച്ചുവയ്ക്കും. ഇത് വലിയ പ്രതിസന്ധിയായി മാറും.

'പലവട്ടം മുന്നറിയിപ്പും താക്കീതും നല്‍കിയിട്ടും ചില വകുപ്പുകള്‍ കണക്കു നല്‍കിയിട്ടില്ല. നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ വകുപ്പുകള്‍ ചെയ്യാത്തത് ഗുരുതരമായ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് എജിയുടെ ധന വിനിയോഗ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അധിക കടമെടുപ്പിനെയും ഇതു ബാധിക്കും. വികസന പദ്ധതികളെയും സാരമായി ബാധിക്കും. 7 ദിവസത്തിനകം നടപടിയുണ്ടാകണം. ഇത് അവസാനത്തെ താക്കീതാണ്. ഇനിയൊരു അവധി നല്‍കില്ല.'-ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന്റെ കത്തില്‍ ഇത്തരത്തിലെ പരമാര്‍ശം ഉണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊട്ടിക്കരച്ചിലിന്റെ വക്കിലാണ് ചീഫ് സെക്രട്ടറി എന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ കത്ത്.

പൊതുവിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, ആരോഗ്യം, ഹോമിയോ, കോളജ് വിദ്യാഭ്യാസം, വ്യവസായം, പ്ലാന്റേഷന്‍, തദ്ദേശം, പുരാവസ്തു എന്നിവയിലെ ഡയറക്ടര്‍മാര്‍, ആരോഗ്യ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മിഷണര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഹൈക്കോടതി റജിസ്ട്രാര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി, ധനകാര്യ കമ്മിഷന്‍ സെക്രട്ടറി എന്നിവര്‍ക്കാണ് ചീഫ് സെക്രട്ടറി കത്ത് നല്‍കുന്നത്. ഏകോപന കുറവ് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ ബാധിച്ചതിന് തെളിവാണ് ഇതെല്ലാം.

ഓണക്കാല ചെലവുകള്‍ക്ക് പണം കണ്ടെത്താനായി മറ്റു ചെലവുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു സര്‍ക്കാര്‍. ട്രഷറിയില്‍ ഒരു ബില്ലില്‍ മാറാവുന്ന പരിധി 25 ലക്ഷത്തില്‍നിന്ന് 10 ലക്ഷമാക്കി കുറച്ചു. ബില്‍ മാറാനുള്ള നിയന്ത്രണം ശമ്പളം, പെന്‍ഷന്‍, ബോണസ്, ഓണം ഉത്സവബത്ത എന്നിവയ്ക്ക് നിയന്ത്രണം ബാധകമാക്കിയുമില്ല. വകുപ്പുകളുടെ മറ്റ് പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമുള്ള പണം, കരാറുകാരുടെ ബില്ലുകള്‍ എന്നിവ മാറാന്‍ നിയന്ത്രണമുണ്ട്. രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കേണ്ടതിനാല്‍ ഓണത്തിനും വന്‍ തുക കടമെടു്ത്തിരുന്നു. ഇതോടെ ഡിസംബര്‍വരെ അനുവദിച്ച കടത്തിന്റെ ഭൂരിഭാഗവും എടുത്തുതീരുന്ന അവസ്ഥയും വന്നു.

കഴിഞ്ഞ 2 വര്‍ഷവും ഇതു സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇത്തവണ കടമെടുപ്പ് പ്രതിസന്ധിയിലാകാതിരിക്കാന്‍ എജിയും സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയെങ്കിലും ചില വകുപ്പുകളുടെ നിസ്സഹകരണം കാരണം പ്രതിസന്ധി രൂപപ്പെട്ടുവെന്നതാണ് വസ്തുത. ഓണച്ചെലവുകള്‍ക്കു പിന്നാലെ റിസര്‍വ് ബാങ്കില്‍ നിന്നുള്ള മുന്‍കൂര്‍ തുകയും ഓവര്‍ഡ്രാഫ്റ്റും കൊണ്ടാണ് സര്‍ക്കാര്‍ പിടിച്ചു നില്‍ക്കുന്നത്.