തിരുവനന്തപുരം: സസ്‌പെന്‍ഷനിലായ ഐ എ എസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണന്‍ സര്‍വീസ് ചട്ടലംഘനം നടത്തിയെന്ന് കുറ്റാരോപണ മെമ്മോ. മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് മെമ്മോ. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഗുരുതര കുറ്റങ്ങള്‍ ആരോപിച്ച് മെമ്മോ നല്‍കിയത്.

സംസ്ഥാനത്തെ ഐ എ എസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകള്‍ പാകി, ഓള്‍ ഇന്ത്യ സര്‍വീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മെമ്മോയില്‍ ആരോപിക്കുന്നത്. മെമ്മോയ്ക്ക് 30 ദിവസത്തില്‍ കെ ഗോപാലകൃഷ്ണന്‍ മറുപടി നല്‍കണം.

ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികള്‍ ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്ന് മെമ്മോയില്‍ വിമര്‍ശിക്കുന്നു. ഫോണ്‍ ഹാക്ക് ചെയ്ത് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ല, മല്ലു ഹിന്ദു ഓഫീസേഴ്ര്‍സ് - മല്ലു മുസ്ലിം ഓഫീസെഴ്‌സ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി, ഫോറന്‍സിക് പരിശോധനയ്ക്ക് മുന്‍പ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും മെമ്മോയില്‍ വിമര്‍ശിക്കുന്നു. 30 ദിവസത്തിനുള്ളില്‍ രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ ഗോപാലകൃഷ്ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.

കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ വിവാദം അന്വേഷിച്ചത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം. ഗോപാലകൃഷ്ണന്റെ പരാതിയില്‍ നേരെത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം വന്നിരുന്നു. ജില്ലാ ഗവ.പ്ലീഡര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിയമോപദേശം നല്‍കിയത്. കൊല്ലം ഡി.സി.സി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നിയമോപദേശം. ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നതിന് കേസെടുക്കാം എന്നാണ് ഗവ.പ്ലീഡറുടെ നിയമോപദേശം.

ഫോണ്‍ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു. മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്. എന്നാല്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാല്‍ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.

ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ മാത്രമല്ല തെളിവുകള്‍ നശിപ്പച്ചതിനെ സംബന്ധിച്ചും കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു നിയമോപദേശം. ഇതേ പരാതിയില്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫ്രോസിക്യൂഷനോട് വീണ്ടും നിയമോപദേശം തേടാനാണ് സാധ്യത. മതപരമായ വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ കെ. ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഗോപാലകൃഷ്ണന്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളൊന്നും തന്നെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുക്കാതിരുന്നത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഗോപാലകൃഷ്ണന്റെ പരാതി. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയത്.