തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ നടക്കുന്നത് ക്രൂരതകള്‍ മാത്രമോ? മുന്‍ ആയയുടെ വെളിപ്പെടുത്ത ഞെട്ടിക്കുന്നതാണ്. ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ ആയ വിശദീകരിക്കുന്നു. പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ പറഞ്ഞു. രാഷ്ട്രീയ കരുത്തില്‍ നിയമനം നേടുന്നവര്‍ അതിശക്തരാണ്. ഇവരാണ് കുട്ടികളെ പീഡിപ്പിക്കുന്നതെന്നാണ് ആരോപണം.

കേസില്‍ ഇപ്പോള്‍ പ്രതികള്‍ ആയവര്‍ മുന്‍പും കുറ്റം ചെയ്തവരാണ്. താത്കാലികമായി ഇവരെ മാറ്റിയാലും പുനര്‍നിയമനം നടക്കുകയാണ് പതിവെന്നും മാസങ്ങള്‍ക്ക് മുന്‍പ് വരെ ശിശുക്ഷേമ സമിതിയില്‍ ജോലി ചെയ്ത ആയ വെളിപ്പെടുത്തി. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് അറസ്റ്റിലായ ആയമാര്‍ പെരുമാറിയത് അതി ക്രൂരമായിട്ടാണ്. കിടക്കയില്‍ പതിവായി മൂത്രം ഒഴിക്കുന്ന കുട്ടിയെ കാര്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതി അജിത ഒപ്പമുണ്ടായിരുന്നവരോട് പറയുന്നത് കഴിഞ്ഞ മാസം 24 ന് ഒരു വിവാഹ വേദിയില്‍ വച്ചാണ്. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ലെന്നാണ് ആക്ഷേപം.

ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാന്‍ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോള്‍ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചു. ഇതോടെ വിഷയം പരാതിയാവുകയായിരുന്നു. അറസ്റ്റിലായ ആയമാര്‍ നേരത്തെയും കുട്ടികളോട് മോശമായി പെരുമാറിയെങ്കിലും ഇടത് രാഷ്ട്രീയബന്ധം കാരണം ജോലിയില്‍ തുടരുകയായിരുന്നു. സംഭവത്തില്‍ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്ന് പേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിച്ച വിവരം കുറ്റസമ്മത മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛനും അമ്മയും മരിച്ചതിനെത്തുടര്‍ന്ന് ആഴ്ചകള്‍ക്കു മുന്‍പാണ് രണ്ടര വയസ്സുകാരിയും സഹോദരിയായ അഞ്ചു വയസ്സുകാരിയും ശിശുക്ഷേമസമിതിയില്‍ എത്തിയത്.

ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി പ്രതികരിച്ചു. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും കുറ്റം ചെയ്ത ആയമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അരുണ്‍ ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. എങ്കിലും സംഭവിക്കാന്‍ പാടില്ലാത്തത് എന്നുതന്നെയാണ് ഞങ്ങളുടെ നിലപാട്. ആ നിലപാടിന്റെ ഭാഗമായിട്ടാണ് ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മുമ്പൊന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. താല്‍ക്കാലിക ജീവനക്കാരാണ് ആരോപണവിധേയരായ മൂന്ന് ആയമാരും. ഏറ്റവും കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്. കുട്ടി ഇപ്പോള്‍ ആരോഗ്യവതിയാണെന്ന് അരുണ്‍ ഗോപി പറയുന്നു.

നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് ഇപ്പോള്‍ കാണാനുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. ഏഴ് പേരെ പിരിച്ചുവിട്ടുവെന്നും അരുണ്‍ ഗോപി പറഞ്ഞു. ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസ്സുകാരിയോടു ചെയ്തതു കണ്ണില്ലാത്ത ക്രൂരതയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിക്കേണ്ട അവസ്ഥയാണുള്ളത്. അതിക്രൂരമായ സംഭവം ഒളിപ്പിച്ചുവച്ചത് അതീവഗുരുതരമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ആയമാരെ സസ്‌പെന്‍ഡ് ചെയ്തത്. അതോടെ എല്ലാം അവസാനിച്ചെന്നു കരുതരുത്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമിതിയുടെ ജനറല്‍ സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.