തിരുവനന്തപുരം: മലയാളം വാര്‍ത്താചാനല്‍ ലോകത്ത് കടുത്ത മത്സരം നടക്കുന്ന കാലമാണ്. റേറ്റിങ് കൂട്ടാന്‍ വേണ്ടി പലവിധത്തിലുള്ള കാട്ടിക്കൂട്ടലുകളാണ് ചാനലുകള്‍ നടത്തുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ രംഗപ്രവേശനത്തോടെയാണ് ഇത്. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കടുത്ത മത്സരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പരിധി വിടുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായത്. ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനമാണ് റിപ്പോര്‍ട്ടര്‍ ടിവി നേരിടുന്നത്. ഒപ്പന കളിക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് ശൃംഗരിച്ചതായി അഭിനയിച്ചു റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തകന്റെ കലോത്സവ റിപ്പോര്‍ട്ടിംഗാണ് ചാനലിനെ വിവാദത്തിലാക്കിയത്. വിവാദ വാര്‍ത്തയില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്ത വീഡിയോക്കെതിരെ കടുത്ത വിമര്‍ശം സൈബറിടതതില്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് വീഡിയോ സ്റ്റോറിക്കെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. വീഡിയോയില്‍ റിപ്പോര്‍ട്ടര്‍ ടി.വി ചാനല്‍ മേധാവിയോടെ വിശദീകണം തേടിയിട്ടുണ്ട് ബാലാവകാശ കമ്മീഷന്‍. ദ്വയാര്‍ഥ പ്രയോഗം നടത്തിയതിനാണ് കേസ്.

മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു സ്റ്റോറിയുടെ ഉള്ളടക്കം. മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ത്ഥിനിയോട് ചാനലിന്റെ റിപ്പോട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അകമ്പടിയായി ഉസ്താദ് ഹോട്ടല്‍ സിനിമയിലെ പശ്ചാത്തല സംഗീതവുമായിരുന്നു.

തുടര്‍ന്ന് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിയെ കുറിച്ച് ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു. ഇത് ബാലാവകാശ ലംഘനമാണെന്ന വിമര്‍ശനം ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഇക്കാര്യം ചൂണ്ടാക്കിട്ടി. കലാമേളകളില്‍ പങ്കെടുക്കാനും വരുന്ന കുഞ്ഞ് കുട്ടികളെ ഉപയോഗിച്ചു മോശമായ വിധത്തില്‍ റൊമാന്‍സ് ചിത്രീകരിച്ചു സംപ്രേക്ഷണം ചെയ്തത് മോശം പ്രവര്‍ത്തിയാണെന്ന് നിരവധി പേര്‍ചൂണ്ടിക്കാട്ടി.

നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും വിമര്‍ശനത്തെ ശരിവെച്ചു. പോക്സോ എടുക്കേണ്ട തരത്തിലുള്ള സ്റ്റോറിയാണ് ചാനല്‍ ചെയ്തിരിക്കുന്നതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനോട് അശ്‌ളീല ചുവയോടെ സംസാരിച്ചു, ദ്വയാര്‍ത്ഥ പ്രയോഗം നടത്തി, ഹണിക്ക് നീതി വേണം എന്ന് വാദിക്കുന്ന അരുണ്‍കുമാറാണ് കൗമാരക്കാരി പെണ്‍കുട്ടിയോട് വള്‍ഗറായി സംസാരിച്ചതെന്നാണ് വിമര്‍ശനം. വിമര്‍ശനം കടുക്കവേയാണ് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്.