തിരുവനന്തപുരം: ശിശുക്ഷേമസമിതിയില്‍ രണ്ടര വയസ്സുകാരിയോടുള്ള ആയമാരുടെ ക്രൂരത പുറംലോകം അറിയാന്‍ വൈകിയത് ഒരാഴ്ച. ശിശുക്ഷേമ സമിതിയുടെ കരുതലായിരുന്നു ഇതിന് കാരണം. ആയമാര്‍ വര്‍ഷങ്ങളായി സമിതിയില്‍ താത്കാലിക ജോലി ചെയ്യുന്നവരാണ്. ശിശുക്ഷേമസമിതിയിലെ താത്കാലിക ജീവനക്കാരായ അണ്ടൂര്‍ക്കോണം സ്വദേശി അജിത(49), അയിരൂപ്പാറ സ്വദേശി മഹേശ്വരി(49), കല്ലമ്പലം നാവായിക്കുളം മുല്ലനെല്ലൂര്‍ സ്വദേശി സിന്ധു(47) എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം രാഷ്ട്രീയ കരുത്തില്‍ ജോലി നേടിയവരാണ്. അതിനിടെ ശിശുക്ഷേമ സമിതിയില്‍ ഇതെല്ലാം നിത്യ സംഭവമാണെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നു.

കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്പിച്ചതിനും സംഭവം രഹസ്യമാക്കി വെച്ചതിനമാണ് സമിതിയിലെ മൂന്ന് ആയമാരെ പോലീസ് അറസ്റ്റുചെയ്തത്. സ്വകാര്യഭാഗത്ത് മുറിവേല്പിച്ചതിന്, ഇവര്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്. അജിതയാണ് കുട്ടിയെ പീഡിപ്പിച്ചത്. അതിന് ശേഷം 24ന് വിവാഹ സല്‍കാര വേദിയില്‍ വച്ച് ഇത് പരസ്പരം പറഞ്ഞ് സന്തോഷിച്ചു. അതിന് ശേഷം കുട്ടിയെ പരിചരിക്കാന്‍ പുതിയ ആയ എത്തി. അപ്പോള്‍ മാത്രമാണ് ഇതെല്ലാം പുറംലോകം അറിയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി പ്രതികരിച്ചു. എന്നാല്‍ ഇതെല്ലാം ഇവിടെ സാധാരണമാണെന്ന് മറ്റ് ആയമാര്‍ തന്നെ പറയുന്നു. എന്തു നടന്നാലും ഒറ്റപ്പെട്ട സംഭവമെന്ന് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയാണ്. യുവ സിപിഎം നേതാവായ അരുണ്‍ ഗോപിയാണ് ശിശിക്ഷേമ സമിതിയെ നയിക്കുന്നത്. അരുണിനും ഇത് വെറുമൊരു ഒറ്റപ്പെട്ട സംഭവമായി എന്നതാണ് യാദൃശ്ചികത.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കിടക്കയില്‍ മൂത്രമൊഴിച്ചതിന്, അജിത കുട്ടിയുടെ സ്വകാര്യഭാഗത്ത് നഖംകൊണ്ട് മുറിവേല്പിക്കുകയായിരുന്നു. ശരീരത്തിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടിട്ടും മറ്റു രണ്ടുപേര്‍ മറച്ചുവെച്ചുവെന്നാണ് കേസ്. തൊട്ടടുത്ത ദിവസം മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപിയെ വിവരമറിയിച്ചു. ഡോക്ടര്‍മാരോട് രണ്ടര വയസ്സുകാരിയുടെ മുറിവ് പരിശോധിക്കാന്‍ സമിതി അധികൃതര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് പോലീസിലും ജില്ലാ ബാലക്ഷേമ സമിതിയിലും വിവരമറിയിക്കുകയായിരുന്നു. ചില ആയമാര്‍ ഈ സംഭവം പുറത്തു പറയുമെന്ന് ഭയന്നിരുന്നു അധികൃതര്‍. അതുകൊണ്ട് മാത്രമാണ് കേസ് പോലീസില്‍ എത്തിയത്.

കുഞ്ഞിനെ തൈക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തി. ആയമാര്‍ ഉപദ്രവിച്ചെന്ന് ഉറപ്പായതോടെ ശിശുക്ഷേമസമിതി അധികൃതര്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച സമിതിയിലെത്തി പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ആയമാര്‍ കുറ്റം സമ്മതിച്ചു. രണ്ടര വയസ്സുകാരിയെ പരിചരിക്കുന്നതിനായി കഴിഞ്ഞയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ആയമാരെയും പിരിച്ചുവിട്ടതായി അരുണ്‍ഗോപി അറിയിച്ചു. അച്ഛനും അമ്മയും മരിച്ചതിനെത്തുടര്‍ന്ന് ആഴ്ചകള്‍ക്കു മുന്‍പാണ് രണ്ടര വയസ്സുകാരിയും സഹോദരിയായ അഞ്ചു വയസ്സുകാരിയും ശിശുക്ഷേമസമിതിയില്‍ എത്തിയത്. അക്രമം കാട്ടിയ മൂന്ന് ആയമാരും രാഷ്ട്രീയ കരുത്തില്‍ ജോലിക്കെത്തിയവരായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ ഭരണമായിരുന്നു ശിശുക്ഷേമ സമിതിയില്‍ നടന്നിരുന്നത്.

സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തു. സിറ്റി പോലീസ് കമ്മിഷണര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ശിശുക്ഷേമസമിതി എന്നിവരോട് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. വെള്ളിയാഴ്ച വൈകുന്നേരം ക്രഷ് ജീവനക്കാരി കുളിപ്പിച്ചപ്പോള്‍,കുഞ്ഞ് നിലവിളിച്ചു. അവരാണ് മുറിവുകള്‍ കണ്ടത്. ശനിയാഴ്ച ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഉപദ്രവം ബോധ്യമായത്. തൈക്കാടുള്ള കുട്ടികളുടെയും സ്ത്രീകളുടേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഖം കൊണ്ടുള്ള മുറിവാണെന്നും മനഃപൂര്‍വമുള്ള ഉപദ്രവമാണെന്നും സ്ഥിരീകരിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. അഞ്ചുവര്‍ഷമായി ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ് ആയമാര്‍.

അതിനിടെ ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസ്സുകാരിയെ ഉപദ്രവിച്ച ജീവനക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ചൈല്‍ഡ് കെയര്‍ ആന്‍ഡ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ (സി.സി.ഡബ്ല്യു.ഒ.) ആവശ്യപ്പെട്ടു. ശിശുക്ഷേമ സ്ഥാപനങ്ങളിലെ താത്കാലിക നിയമനങ്ങള്‍ രാഷ്ട്രീയാതീതമായിരിക്കണം. ഒപ്പം പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. ബാലാവകാശ നിയമങ്ങളിലും ബാല സംരക്ഷണരീതികളിലും പരിശീലനം ലഭിച്ചവരെ തിരഞ്ഞെടുക്കണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളിലും നിരന്തര പരിശോധനയും കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും നല്‍കണമെന്നും ദേശീയ ഭരണസമിതി പ്രസിഡന്റ് സുനില്‍ മളിക്കാല്‍ ആവശ്യപ്പെട്ടു.