- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2023ൽ ചൈനയുടെ ജനസംഖ്യ 20 ലക്ഷത്തിലേറെ കുറഞ്ഞു; പുതിയ കണക്കനുസരിച്ച് 0.2 ശതമാനം കുറഞ്ഞ് 140.9 കോടി ജനങ്ങൾ; ജനന നിരക്ക് കുറഞ്ഞതും മഹാമാരിയിൽ ജനങ്ങൾ മരണപ്പെട്ടതും കാരണങ്ങൾ
ബീജിങ്: ചൈനയിലെ ജനസംഖ്യ കുറയുന്നത് അതിവേഗത്തിൽ ആകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു. തുടർച്ചയായി രണ്ടാം വർഷവും കുറഞ്ഞ ജനന നിരക്ക് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്.ചൈനയിലെ ജനസംഖ്യയിൽ 2.75 ദശലക്ഷം ജനങ്ങളുടെ, അല്ലെങ്കിൽ 0.2 ശതമാനത്തിന്റെ കുറവാണ് 2023- ൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ജനസംഖ്യ 140.9 കോടീയിൽ എത്തി.
2022-ൽ ജനസംഖ്യയിൽ 8.5 ലക്ഷത്തിന്റെ കുറവ് വന്നതായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്, 27.5 ലക്ഷം കുറഞ്ഞപ്പോൾ 2023- അതിനെ കടത്തിവെട്ടി. മാവോ സേ തുങ്ങിന്റെ കാലത്തുണ്ടായ മഹാക്ഷാമത്തിന് ശേഷം ജനസംഖ്യയിൽ ഇത്രയധികം കുറവുണ്ടാകുന്നത് 2022-ൽ ആയിരുന്നു. 2023- ൽ ചൈനയിലെ മരണ നിരക്കിൽ ഉണ്ടായത് 6.6 ശതമാനത്തിന്റെ വർദ്ധനവാണ്. 1974-ൽ സാംസ്‌കാരിക വിപ്ലവത്തിലെ കലാപങ്ങൾക്ക് ശേഷം ഇത്രയധികം മരണം ഉണ്ടാകുന്നത് ഇതാദ്യമായിട്ടാണ്.
അതേസമയം ജനനങ്ങളിൽ 5.7 ശതമാനത്തിന്റെ കുറവുമുണ്ടായി. മറ്റൊരു വിധത്തിൽ പറഞ്ഞപ്പോൾ മരണം 11.1 ദശലക്ഷമായപ്പോൾ ജനനം 9.02 ദശലക്ഷമായി കുറഞ്ഞു. ജനന നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും കുറവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. 2022- ൽ 1000 പേർക്ക് 6.77 ജനനങ്ങൾ എന്ന നിരക്കിൽ ഉണ്ടായപ്പോൾ 2023- ൽ അത് 1000 പേർക്ക് 6.39 എന്നായി കുറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൈന വാർദ്ധക്യത്തിലേക്ക് നടന്നടുക്കുകയാണ്. ഒരു കുട്ടി എന്ന നയം ഉൾപ്പടെ കഴിഞ്ഞകാലങ്ങളിൽ നടപ്പിലാക്കിയ ജനന നിയന്ത്രണ നയങ്ങളുടെ പരിണിതഫലമാണിതെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. അതോടൊപ്പം, യുവതലമുറയിൽ മാതാപിതാക്കളാകാൻ വൈമുഖ്യം കാട്ടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതും ഇതിന് കാരണമാകുന്നുണ്ട്. 2023- ൽ ആയിരുന്നു ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായി മാറിയത്.
ജനതയുടെ ശരാശരി പ്രായം വർദ്ധിച്ചു വരുന്നത് ഒരു സാമ്പത്തിക വിസ്ഫോടനത്തിന് വഴി തെളിച്ചേക്കുമെന്ന് അധികൃതർ ഭയപ്പെടുന്നുണ്ട്. വൃദ്ധരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ചെലവേറുമ്പോൾ, സർക്കാരിന് നികുതി ലഭിക്കാൻ ഇടയുള്ള, തൊഴിൽ എടുക്കാൻ കഴിവുള്ള ആളുകളുടെ എണ്ണത്തിലുള്ള കുറവ് വരുമാനത്തിൽ കുറവ് വരുത്തുകയും ചെയ്യും. നിലവിലെ പെൻഷൻ സമ്പ്രദായം തുടർന്നാൽ, 2035 ആകുമ്പോഴേക്കും പെൻഷൻ നൽകാൻ പണമില്ലാതെയാകുമെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ചൈനീസ് അക്കാദമി ഓഫ് സയൻസസ് പ്രവചിച്ചിട്ടുണ്ട്.
ആ സമയമാകുമ്പോഴേക്കും ചൈനയിലെ ഔദ്യോഗിക വിരമിക്കൽ പ്രായമായ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം നിലവിലെ 280 ദശലക്ഷം എന്നതിൽ നിന്നും 400 ദശലക്ഷം ആയി മാറും. അതായത്, 28 കോടീയിൽ നിന്നും വൃദ്ധന്മാരുടെ എണ്ണം 40 കോടിയിയായി ഉയരും എന്ന് ചുരുക്കം. കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നതിൽ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ നയങ്ങൾ എല്ലാം പാളിയിരിക്കുകയാണ്. തദ്ദേശീയ ഭരണകൂടങ്ങൾക്ക് അവ കാര്യക്ഷമമായി നടപ്പാക്കാൻ ആയില്ല എന്നതാണ് വാസ്തവം.
വരുമാനം ഏതാണ്ട് ഇല്ലാതെയാക്കിയ സീറോ കോവിഡ് നയത്തിന്റെ ഭാഗമായ ദൈർഘ്യമേറിയ കടുത്ത ലോക്ക്ഡൗൺ പല തദ്ദേശീയ ഭരണകൂടങ്ങളുടെയും ഖജനാവ് കാലിയാക്കിയതാണ് ഈ നയങ്ങൾ നടപ്പാക്കാൻ കഴിയാതെ പോയതിന്റെ പ്രധാന കാരണം. ചൈനയിൽ, പ്രത്യേകിച്ചും വൻ നഗരങ്ങളിലെ ജീവിത ചെലവ് വർദ്ധിക്കുന്നതും, തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് വേണ്ടത്ര പിന്തുണ ലഭിക്കാത്തതുമാണ് കുട്ടികൾ വേണ്ടെന്ന തീരുമാനത്തിന് പുറകിലുള്ളത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പ്രതീക്ഷയുടെ ഒരു തുണ്ട് ബാക്കി നിൽക്കുന്നു എന്ന് ചൈനീസ് നിരീക്ഷകർ പറയുന്നു. 2024-ൽ കൂടുതൽ ജനനങ്ങൾ സംഭവിക്കാം എന്നാണ് അവർ പറയുന്നത്. ഫെബ്രുവരി മുതൽ ചൈനയുടെ പുതുവർഷം ആരംഭിക്കും. വരുന്നത് ചൈനീസ് വിശ്വാസപ്രകാരം ഏറെ മംഗളകരമായ ഡ്രാഗൺ വർഷമാണ്. ഈ വർഷത്തിൽ കുഞ്ഞ് ജനിക്കാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ടെന്ന് അവർ പറയുന്നു. ചൈനീസ് സമൂഹമാധ്യമമായ വീബോയിലും ഗർഭിണികളെ സംബന്ധിച്ച പോസ്റ്റുകൾ സാധാരണയിലും അധികമായി കാണുന്നുണ്ട്.
മറുനാടന് ഡെസ്ക്