ഗയ: ചൈന ലക്ഷ്യമിട്ടത് ബുദ്ധമതത്തെ വേരോടെ ഇല്ലായ്മ ചെയ്യാനെന്ന് ടിബറ്റൻ ആത്മീയ ഗുരു ദലൈലാമ. കഴിഞ്ഞ മാർച്ചിൽ, പത്മസംഭവ പ്രതിമ ചൈനീസ് സർക്കാർ തകർത്തതിനെ പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോധഗയയിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈന ആസൂത്രിതമായി ബുദ്ധമതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്നും ദലൈലാമ പറഞ്ഞു.

പല ബുദ്ധമത സ്ഥാപനങ്ങളും നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നീക്കങ്ങൾ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ചൈനീസ് സർക്കാർ ബുദ്ധവിഹാരങ്ങൾ തകർത്തെങ്കിലും ബുദ്ധമത വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

''ബുദ്ധമതത്തെ തകർക്കാൻ ചൈന സാധ്യമായതെല്ലാം ചെയ്തു. എങ്കിലും ബുദ്ധമതം അതിന്റെ സ്ഥാനത്ത് നിൽക്കുന്നു. ചൈനയിലും ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ധാരാളം ആളുകൾ ഉണ്ട്. ആരെയെങ്കിലും ദ്രോഹിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധമത അനുയായികൾ ബുദ്ധനു മുന്നിൽ പ്രാർത്ഥിക്കുന്നു'' ദലൈലാമ പറഞ്ഞു.

നിരവധി ബുദ്ധ വിഹാരങ്ങൾ ചൈനയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിശ്വാസികൾ ബുദ്ധ ധർമ്മത്തിൽ തികഞ്ഞ വിശ്വാസം അർപ്പിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധമതത്തോടും ബുദ്ധനോടും അടുപ്പം പുലർത്തുന്നുവരാണ് ചൈനക്കാരെന്നും അവരുടെ മനസിൽ പ്രത്യേക സ്ഥാനമാണ് നൽകിയിരിക്കുന്നതെന്നും ദലൈലാമ വ്യക്തമാക്കി.

പുരാതന കാലം മുതലുള്ള ബന്ധമാണ് ചൈനയും ബുദ്ധമതവുമായെന്നും ബുദ്ധമതത്തിൽ വിശ്വാസമർപ്പിക്കുന്നവർ ആത്മീയ തയ്യാറെടുപ്പുകൾ നടത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനക്കാരനും മംഗോളിയനും ടിബറ്റനോ ആർക്കും ബുദ്ധമതം സ്വീകരിക്കാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കോവിഡിൽ നിന്നും ആണവായുധങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി അദ്ദേഹം കാലചക്ര ഗ്രൗണ്ടിൽ പ്രാർത്ഥന നടത്തി. ഗെലുക്ക് ടിബറ്റൻ ബുദ്ധമത പാരമ്പര്യത്തിൽ അർപ്പിക്കുന്ന പ്രാർത്ഥനയിലും അദ്ദേഹം പങ്കെടുക്കും. പരിപാടിയിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈലാമ സംഭാവന ചെയ്തു.

ദലൈ ലാമയുടെ ബോധഗയയിലെ സന്ദർശന സ്ഥലത്തുനിന്ന് കഴിഞ്ഞ ദിവസം ചൈനീസ് ചാരവനിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദലൈലാമയെ നിരീക്ഷിക്കുന്ന ജോലിയാണ് സോങ് സിയാലൻ എന്ന വനിത ചെയ്തുവന്നതെന്ന് ബിഹാർ പൊലീസ് പറഞ്ഞു. ഈ പശ്ചാത്തലത്തിലായിരുന്നു ദലൈ ലാമയുടെ പരാമർശം.