ബീജിംഗ്: ചൈനയില്‍ വിമാനത്തെ പോലെ പായുന്ന ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. അതിവേഗ ട്രെയിനുകളുടെ വേഗതയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ക്കുകയാണ് ചൈന. ചൈന എയ്‌റോസ്‌പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ രൂപകല്‍പന ചെയ്ത പുതിയ മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് അഥവാ മഗ്ലേവ് ട്രയിനാണ് വിമാനത്തിന്റെ വേഗതയെ കടത്തിവെട്ടി മുന്നേറുന്നത്. ഈയിടെ നടന്ന പരീക്ഷണത്തില്‍ മണിക്കൂറില്‍ 623 കിലോമീറ്ററിലേറെ വേഗത കൈവരിച്ചതായി ചൈന അവകാശപ്പെട്ടിരുന്നു.

2 കിലോമീറ്റര്‍ നീളമുള്ള വാക്വം ട്യൂബിലായിരുന്നു പരീക്ഷണയോട്ടം. ട്രെയിനിന്റെ വേഗത ഒരു സുപ്രധാന മുന്നേറ്റമാണെന്നാമ് ചൈനിസ് മാധ്യമങ്ങള്‍ പറയുന്നത്. അള്‍ട്രാ ഫാസ്റ്റ് ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍ വാക്വം ട്യൂബില്‍ യാത്ര ചെയ്യുമ്പോള്‍ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമാണെന്നും അവര്‍ പറയുന്നു. വിമാന വേഗതയിലുള്ള ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതിന്റെ തൊട്ടടുത്താണ് ചൈനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാഗ്ലെവ് സാങ്കേതികവിദ്യയിലൂടെ കാന്തികത ഉപയോഗിച്ചായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക.

ട്രാക്കുകള്‍ക്ക് മുകളിലൂടെ ലെവിറ്റേറ്റ് ചെയ്തായിരിക്കും ഓടുക. അതുവഴി ഘര്‍ഷണം കുറയ്ക്കുകയും കൂടുതല്‍ വേഗത കൈവരിക്കാന്‍ സാധിക്കുകയും ചെയ്യും. വായുവിന്റെ പ്രതിരോധം കുറയ്ക്കുന്ന പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയായിരിക്കും സഞ്ചാരം. റെക്കോര്‍ഡ് വേഗത കൈവരിക്കുക മാത്രമല്ല, അതിനൂതന സാങ്കേതിക വിദ്യകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരീക്ഷണ ഓട്ടത്തില്‍ തെളിഞ്ഞു. മണിക്കൂറില്‍ 1,000 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ച് വിമാന വേഗതയെ മറികടക്കാനാണ് ചൈനീസ് എന്‍ജിനിയര്‍മാരുടെ ശ്രമം.



നേരത്തേ ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ എല്ലാം തന്നെ ചൈന രഹസ്യമായിട്ടാണ് നടത്തിയിരുന്നത്. രാജ്യമൊട്ടാകെ ഈ ട്രെയിന്‍ ശൃംഖല സ്ഥാപിക്കാനാണ് ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ബോയിംഗ് 737 വിമാനത്തിന്റെ വേഗതയെ മറികടക്കുക എന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ചൈനയുടെ ഈ നീക്കത്തെ പാശ്ചാത്യ രാജ്യങ്ങള്‍ അസൂയയോടെ തന്നെ നോക്കിക്കാണുന്നതെന്നാണ് കരുതപ്പെടുന്നത്. സാങ്കേതികമായി ഇനിയും നിരവധി പരീക്ഷണങ്ങള്‍ ഈ ട്രെയിനിന് വേണ്ടി നടത്തുന്നുണ്ടെന്നാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

നിലവില്‍ ചൈനയില്‍ രണ്ട് മഗ്ലേവ് റെയില്‍വേ ലൈനുകളാണുള്ളത്. ഷാഹ്ഹായ് മഗ്ലേവ് ,ചാങ്ഷാ മഗ്ലേവ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. 62 മുതല്‍ 268 കിലോമീറ്റര്‍ സ്പീഡില്‍ വരെ മാത്രമേ ഈ ലൈനുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ പുതിയ അതിവേഗ ട്രെയിനുകള്‍ക്കായി പ്രത്യേകം പാത തന്നെ തയ്യാറാക്കുകയാണ് ചൈന. തലസ്ഥാനമായ ബെയ്ജിങ്ങില്‍

നിന്ന് ആയിരം കിലോമീറ്റര്‍ അകലെയുളള ഷാങ്ഹായിലേക്ക് സഞ്ചരിക്കാന്‍ ഇനി കഷ്ടിച്ച് രണ്ട് മണിക്കൂര്‍ മതിയാകും.


വിമാനത്തില്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം വേണ്ടി വരും. ജപ്പാനും ജര്‍മ്മനിയും പോലെയുള്ള രാജ്യങ്ങളും മഗ്ലേവ് മാതൃകയില്‍ റെയില്‍ സംവിധാനം ഒരുക്കാന്‍ ശ്രമിച്ചു എങ്കിലും ഭാരിച്ച പണച്ചെലവും പുതിയതായി ട്രാക്കുകള്‍ തയ്യാറാക്കുന്നതിലെ ബുദ്ധിമുട്ടുകളുമാണ് അവരെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചത്.