കൊല്ലം: ആര്യങ്കാവിലെ ക്ഷീരവികസനവകുപ്പ് ചെക്പോസ്റ്റിലെ പരിശോധനയിൽ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡ് കണ്ടെത്തിയ സംഭവത്തിൽ കുറ്റക്കാർ രക്ഷപ്പെടും. ഭക്ഷ്യസുരക്ഷാവകുപ്പും ക്ഷീരവികസനവകുപ്പും തമ്മിൽ പോര് മായം കലർത്തിയെന്ന് ആരോപണമുള്ളവർക്ക് തുണയാണ്. 11-ന് തമിഴ്‌നാട്ടിൽനിന്ന് പന്തളത്തേക്കു കൊണ്ടുവന്ന 15,300 ലിറ്റർ പാലിലായിരുന്നു ക്ഷീര ചെക്‌പോസ്റ്റ് അധികൃതർ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ ഭക്ഷ്യസുരക്ഷാവകുപ്പ് സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്ത് ലാബിൽ പരിശോധിച്ചപ്പോൾ സാന്നിധ്യം കണ്ടെത്താനായില്ല.

സമയത്തിന് സാന്പിൾ എടുത്ത് പരിശോധിക്കാത്തതിനാലാണ് മായം കണ്ടെത്താൻ കഴിയാതെപോയതെന്ന ക്ഷീരവികസനവകുപ്പ് മന്ത്രിയുടെ ആരോപണത്തിന് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടിയുമായി രംഗത്തെത്തിയത് വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയ്ക്ക് തെളിവാണ്. ആരോപണത്തിൽ കഴമ്പില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. സമയത്തുതന്നെ സാന്പിൾ എടുത്തിട്ടുണ്ടെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ സാന്നിധ്യം എത്രസമയം കഴിഞ്ഞാലും നിലനിൽക്കുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വാദം.

ഇതിനിടയിൽ പാൽ കൊണ്ടുവന്ന പന്തളത്തെ അഗ്രിസോഫ്റ്റ് ഡെയറി ആൻഡ് അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനി നഷ്ടപരിഹാരംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് അതിനിർണ്ണായകമാകും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിലപാട് ആ കേസിൽ കമ്പനിക്ക് തുണയായി മാറും. പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ സാന്നിധ്യം എത്രസമയം കഴിഞ്ഞാലും നിലനിൽക്കുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വാദം. ഇത് കോടതിയിൽ പാൽ കൊണ്ടു വന്നവരും ചർച്ചയാക്കും. ഇതിനെ ക്ഷീരവകുപ്പ് എങ്ങനെ പ്രതിരോധിക്കുമെന്നതാണ് നിർണ്ണായകം.

അതിനിടെ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പിടിച്ചെടുത്ത പാൽ നശിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത വാഹനം ക്ഷീരവികസന വകുപ്പിന് വിട്ടുനൽകാനും ഭക്ഷ്യസുരക്ഷാ വകുപ്പിന് കോടതി നിർദ്ദേശം നൽകി. അഗ്രിസോഫ്റ്റ് ഡെയറി ആൻഡ് അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ പ്രാഥമിക ഇടപെടൽ. ക്ഷീരവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ പാൽ നശിപ്പിക്കണം. പാൽ നശിപ്പിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ഇനി ഈ കേസിലെ തുടർ നടപടികൾ നിർണ്ണായകമാകും.

1992-ലെ മിൽക്ക് ആൻഡ് മിൽക്ക് ഓർഡർ നിയമപ്രകാരം പാൽ പരിശോധിച്ച് മായം കണ്ടെത്തിയാൽ നടപടിയെടുക്കാനുള്ള അധികാരം ക്ഷീരവികസനവകുപ്പിനായിരുന്നു. ഈ നിയമം 2006-ൽ എടുത്തുകളഞ്ഞ് ഭക്ഷ്യസുരക്ഷാവിഭാഗത്തിന് അധികാരം കൈമാറി. ഇതാണ് അന്വേഷണത്തിൽ തിരിച്ചടിയായത്. ഈ അധികാരം തിരിച്ചു വേണമെന്ന് ക്ഷീരവകുപ്പ് ആവശ്യപ്പെടും. പാലിൽ മായം കണ്ടെത്തിയാൽ നടപടിക്ക് അധികാരം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിലേക്ക് റിപ്പോർട്ട് നൽകാനാണ് തീരുമാനം. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണ്ണായകമാകും.

ഭക്ഷ്യസുരക്ഷാ ഓഫീസറുടെ യോഗ്യതയുള്ള ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും മായംകണ്ടെത്തിയാൽ നടപടിയെടുക്കാൻ അധികാരം നൽകാവുന്നതാണെന്ന് ഭക്ഷ്യസുരക്ഷാനിയമത്തിലുണ്ട്. ഇതിന്റെ ചുവടുപിടിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് മന്ത്രി ചിഞ്ചുറാണിയുടെ ശ്രമം. ആര്യങ്കാവ്, പാറശാല, മീനാക്ഷിപുരം ചെക്‌പോസ്റ്റുകളിൽ ക്ഷീരവികസനവകുപ്പിന്റെ ലാബിലെ ഉദ്യോഗസ്ഥർക്ക് യോഗ്യതകളുണ്ട്.

ഹൈഡ്രജൻ പെറോക്‌സൈഡ് അന്തരീക്ഷത്തിൽ കലരുമ്പോൾ ജലവും ഓക്‌സിജനുമായി വിഘടിക്കുമെന്നും നിശ്ചിതസമയം കഴിഞ്ഞാൽ അതിന്റെ സാന്നിധ്യംകണ്ടെത്താൻ കഴിയില്ലെന്നും ക്ഷീരവകുപ്പ് പറയുന്നു.