ചിന്നക്കനാൽ: ആനയിറങ്കൽ, ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ ഈയടുത്തായി ഏറ്റവും അധികം നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ആനയാണ് അരിക്കൊമ്പൻ. റേഷൻകടകൾ തകർത്ത് അരി അകത്താക്കുന്നതാണ് ഇഷ്ടം. അങ്ങനെയാണ് അരിക്കൊമ്പൻ എന്ന് പേരുവീണത്. പന്ത്രണ്ടിലധികം ആളുകളെ കൊന്നിട്ടുണ്ട്. അരികൊമ്പൻ പേടി ചിന്നക്കനാലിനെ ആകെ മാറ്റി മറിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് ചിന്നക്കനാൽ വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുന്നത്.

ബിഎൽ റാം കുളത്താമ്പാറയ്ക്കു സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു ബിഎൽ റാം സ്വദേശി ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് 'സിഗരറ്റ് കൊമ്പൻ' എന്നു നാട്ടുകാർ വിളിക്കുന്ന എട്ടു വയസ്സുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം. ആനയിറങ്കൽ മേഖലയിലെ കുപ്രസിദ്ധ ഒറ്റയാന്മാരായ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നിവ എപ്പോഴും തനിയെ സഞ്ചരിക്കുന്നവരാണ്. എന്നാൽ, എപ്പോഴും ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനായിരുന്നു സിഗരറ്റ് കൊമ്പൻ. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനായിരുന്നു. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകൾ ഉള്ളതിനാലാണു വാച്ചർമാരും നാട്ടുകാരും സിഗരറ്റ് കൊമ്പൻ എന്നു പേരിട്ടത്. ഈ ആനയാണ് ചരിഞ്ഞത്.

പല ആനകളുണ്ടെങ്കിലും അരിക്കൊമ്പനാണ് ചിന്നക്കനാലിലെ പ്രധാന വില്ലൻ. ചിന്നക്കനാൽ ബിഎൽ റാമിൽ ഒറ്റയാൻ അരിക്കൊമ്പൻ കഴിഞ്ഞ ദിവസം 2 വീടുകളാണ് തകർത്തത്. രാത്രി ഒന്നരയ്ക്കാണ് മണി ചെട്ടിയാർ, മുരുകൻ എന്നിവരുടെ വീടുകളുടെ നേർക്കായിരുന്നു ആക്രമണം. ഇരുവീടുകളിലും താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ അതിഥിത്തൊഴിലാളികൾ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മണി ചെട്ടിയാരുടെ വീട്ടിൽ 2 കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. അങ്ങനെ അക്രമവാസന കാട്ടി അരിക്കൊമ്പൻ ചിന്നക്കനാലിനെ വിറപ്പിക്കുകയാണ്. വനംവകുപ്പിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഇത് ഏറെ പ്രതിഷേധവുമായി മാറുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒൻപത് തവണയും ഒന്നര വർഷത്തിനിടയിൽ 11 തവണയും പന്നിയാർ എസ്റ്റേറ്റിലെ റേഷൻകട തകർത്ത് അരിച്ചാക്കുകൾ പൊട്ടിച്ച് അരി തിന്നുതീർത്തു. അറുപതിൽപ്പരം വീടുകളും, നിരവധി കടകളുമാണ് അരിക്കൊമ്പന്റെ ആക്രമണത്തിൽ തകർന്നിട്ടുള്ളത്. വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന അരിയും പച്ചക്കറിയും അകത്താകും. ഈ ഒറ്റയാന് മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുണ്ട്. കഴിഞ്ഞ ദിവസം അരിക്കൊമ്പൻ മണിച്ചെട്ടിയാരുടെ വീടിന്റെ ഭിത്തി തള്ളിയിട്ടതോടെ പിൻവാതിലിലൂടെ മാതാപിതാക്കൾ കുട്ടികളെയുമെടുത്ത് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.

മുരുകന്റെ വീട്ടിൽ 3 കുട്ടികളുൾപ്പെടെ 7 അംഗ കുടുംബമാണ് താമസിച്ചിരുന്നത്. ഒറ്റയാൻ ഈ വീടിന്റെ ഒരു ഭിത്തിയും തകർത്തു. വീടിനകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ ബിഎൽ റാമിൽ 4 വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. ചിന്നക്കനാൽ 301 കോളനിയിലും മുൻപ് അരിക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. പുലർച്ചെ 4നു 301 കോളനി അങ്കണവാടിക്ക് സമീപം ഒറ്റയ്ക്കു താമസിക്കുന്ന യശോധരന്റെ കുടിലിനു നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്.

ശബ്ദം കേട്ട് യശോധരൻ എഴുന്നേറ്റ് ലൈറ്റ് തെളിച്ചപ്പോൾ ഒറ്റയാൻ കുടിലിന് നേരെ പാഞ്ഞു വന്നു. ഓടി രക്ഷപ്പെട്ട യശോധരൻ സമീപത്തെ അങ്കണവാടി കെട്ടിടത്തിൽ കയറിയതിനാൽ രക്ഷപ്പെട്ടു. യശോധരന്റെ ചെറിയ കുടിൽ പൂർണമായും തകർത്തു. കാട്ടാനയെ ഭയന്നു 301 കോളനിയിൽ സർക്കാർ കുടിയിരുത്തിയ ആദിവാസി കുടുംബങ്ങൾ കോൺക്രീറ്റ് വീടുകൾക്ക് മുകളിൽ കുടിൽ കെട്ടിയാണ് രാത്രി കഴിയുന്നത്.