കോന്നി: ക്ഷേത്രദർശനത്തിന് കേരളത്തിൽ വന്ന മലേഷ്യൻ സ്വദേശി ചോറ്റാനിക്കര ക്ഷേത്രത്തിലേക്കുള്ള യാത്രമധ്യേ കോന്നിയിലെ ഹോട്ടലിൽ മറന്നു വച്ചത് എടിഎം കാർഡും പാസ്പോർട്ടും പണവുമടങ്ങുന്ന് ബാഗ്. പൊലീസും ഹോട്ടലുടമയും ഏറെ പണിപ്പെട്ട് ഇയാളെ കണ്ടെത്തി ബാഗ് കൈമാറി. മലേഷ്യൻ സ്വദേശി ചന്ദ്രശേഖരൻ സിന്നത്തമ്പി മടങ്ങിയത് മനം നിറഞ്ഞ്.

മലേഷ്യയിൽ നിന്ന് മൂന്നു സുഹൃത്തുക്കളുമൊത്ത് ക്ഷേത്രദർശനം നടത്തുന്നതിന് വേണ്ടി വന്നതാണ് ചന്ദ്രശേഖരൻ. മലേഷ്യയിലെ ക്ഷേത്രത്തിൽ പൂജാരിയാണ്. തമിഴ്‌നാട്ടുകാരായ ഇദ്ദേഹത്തിന്റെ കുടുംബം വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിൽ താമസമാക്കിയതാണ്. വേളാങ്കണ്ണിയിൽ നിന്ന് ടാക്സി വിളിച്ച് പാലക്കാട്ടേക്ക് പോകുന്ന വഴി കോന്നി വകയാറുള്ള കാർത്തിക ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ബാഗ് മറന്നു വച്ചത്. ചൊവ്വ രാത്രി ഒമ്പതു മണിയോടെ ഹോട്ടൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് ടാക്സി കാറിൽ നാലുപേരടങ്ങുന്ന സംഘമെത്തിയത്. ടാക്സി ഡ്രൈവർ ചോറ്റാനിക്കര ക്ഷേത്രത്തിലേക്കുള്ള വഴി ഹോട്ടൽ ഉടമ പ്രതാപ് സിംഗിനോട് ചോദിച്ചു മനസ്സിലാക്കി. ഇവർ ഭക്ഷണം കഴിച്ചു പോയിക്കഴിഞ്ഞാണ് കസേരയിലിരുന്ന ബാഗ് പ്രതാപ് സിംഗിന്റെ ശ്രദ്ധയിൽപ്പെട്ടത്.

ഓടി റോഡിലിറങ്ങി നോക്കുമ്പോഴേക്കും കാർ കടന്നുപോയിരുന്നു. നമ്പർ പൂർണമായും മനസ്സിലാക്കാനായില്ല. എങ്കിലും ഓർമയിൽ തെളിഞ്ഞ നമ്പർ ഊഹിച്ചെടുത്ത് പത്തനംതിട്ട, കോന്നി പൊലീസ് സ്റ്റേഷനുകളിൽ വിളിച്ച് വിവരമറിയിച്ചു. ഓട്ടോ പിടിച്ച് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. പൊലീസ് ഇൻസ്പെക്ടർ അപ്പോൾ തന്നെ ബാഗ് തുറന്ന് പരിശോധിച്ച് പണം എണ്ണിത്തിട്ടപ്പെടുത്തി. നടപടി എടുക്കാൻ എസ്‌ഐ രവീന്ദ്രനെ ചുമതലപ്പെടുത്തി. ബാഗിൽ പണം കൂടാതെ പാസ്പോർട്ട്, വിസ, വിമാനടിക്കറ്റ്, എ ടി എം കാർഡുകൾ, പഴയൊരു ഫോൺ എന്നിവയുമുണ്ടായിരുന്നു.

എസ്‌ഐ മലേഷ്യയിലെ സുഹൃത്ത് സതീഷ്, മുമ്പ് അവിടുത്തെ മലയാളി അസോസിയേഷനിൽ പ്രവർത്തിച്ച തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് എന്നിവരുമായി ബന്ധപ്പെട്ട് ഫോണിൽ നിന്ന് കിട്ടിയ നമ്പരുകളും മറ്റ് വിവരങ്ങളും അറിയിക്കുകയും അവർ അവിടുത്തെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറുകയും ചെയ്തു. ഫോണിൽ കണ്ട നമ്പരുകളിൽ പൊലീസ് ഉദ്യോഗസ്ഥരും താനും വിളിച്ചതായി പ്രതാപ് സിങ് പറഞ്ഞു, പക്ഷെ പ്രയോജനമുണ്ടായില്ല. ഹോട്ടൽ അസോസിയേഷനുകളുടെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ വിവരം സിങ് കൈമാറുകയും ചെയ്തു.

ക്ഷേത്രദർശനം നടത്തിക്കൊണ്ടിരിക്കുമ്പോൾ കൂടെയുള്ള സുഹൃത്തുക്കളെ, എസ്ഐ വിളിച്ചറിയിച്ച ആളുകൾ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന്, ബാഗിന്റെ ഉടമ കോന്നി പൊലീസ് സ്റ്റേഷനിലെത്തി ഏറ്റുവാങ്ങുകയായിരുന്നു. ഇദ്ദേഹവും സംഘവും സ്റ്റേഷനിൽ എത്തിയപ്പോൾ, വിവരം എസ്ഐ അറിയിച്ചത് അനുസരിച്ച് ഹോട്ടലുടമയുമെത്തി. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കോന്നി പൊലീസ് ഇൻസ്പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ ബാഗ് കൈമാറി. എസ് ഐ രവീന്ദ്രൻ, പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, അജീഷ്, രാജേഷ്, സർവദീൻ, പ്രേമോദ് എന്നിവരും സന്നിഹിതരായിരുന്നു.