- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരന്റെ സ്വഭാവ ദൂഷ്യം പെൺവീട്ടുകാരെ അറിയിച്ച് കല്യാണം മുടക്കാൻ ശ്രമിച്ചത് പ്രതികാരമായി; മറ്റൊരു കൂട്ടുകാരനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തി എല്ലാം പറഞ്ഞു മടങ്ങുമ്പോൾ ആക്രമണം; പക്ഷേ പൊലീസിൽ പരാതിയും കൊടുക്കില്ല; ചിന്നുവിനെ പിന്തിരിപ്പിച്ചത് പാർട്ടിയോ? അമ്പാടി ഉണ്ണിക്ക് ജയിൽവാസം ഒഴിവാക്കാം
ഹരിപ്പാട്: എസ്എഫ്‌ഐ ഏരിയ പ്രസിഡന്റിനെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്‌ത്തി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർപഴ്‌സൻ കൂടിയായ ചിന്നുവാണ് ആക്രമണത്തിന് ഇരയായത്. ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയാണ് ആക്രമിച്ചതെന്നാണ് പരാതി. ഇക്കാര്യം മാധ്യമങ്ങൾക്ക് മുമ്പിലും പറഞ്ഞു. എന്നാൽ പൊലീസിന് പരാതി നൽകിയില്ല. ഇതോടെ അമ്പാടി ഉണ്ണിക്ക് ജയിൽ വാസം ഉണ്ടാകില്ലെന്ന് ഉറപ്പായി.
അമ്പാടി ഉണ്ണിക്കെതിരെ ചിന്നു പാർട്ടി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സൂചന. വാർത്തകളെ തുടർന്ന് വനിതാ എസ് ഐ ചിന്നുവിനെ കണ്ടിരുന്നു. മൊഴിയും രേഖപ്പെടുത്തി. എന്നാൽ കേസെടുക്കില്ലെന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്. ഇതിന് കാരണം പരാതിക്കാരിക്ക് പരാതിയില്ലാത്തതു കൊണ്ടാണെന്ന് പൊലീസ് പറയുന്നു. പരാതി ഇല്ലെന്ന് ചിന്നു പറഞ്ഞെന്നാണ് പൊലീസ് വിശദീകരണം. ഇതോടെ പാർട്ടി ഇടപെടലുകളിലൂടെ കേസൊഴിവാക്കി എന്നാണ് സൂചന. കേസെടുത്തിരുന്നുവെങ്കിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തേണ്ടി വരുമായിരുന്നു. അങ്ങനെ എങ്കിൽ ഉണ്ണിക്ക് ജയിലിൽ കഴിയേണ്ടി വരുമായിരുന്നുവെന്നതാണ് വസ്തുത.
പരാതിയില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് ഹരിപ്പാട് സിഐ പറഞ്ഞു. വനിതാ എസ് ഐ ആശുപത്രിയിൽ എത്തി പെൺകുട്ടിയെ കണ്ടിരുന്നു. കേസിന് താൽപ്പര്യമില്ലെന്നാണ് ചിന്നു പറഞ്ഞതെന്ന് സിഐ. അതേ സമയം പൊലീസ് നിലപാട് ശരിയല്ലെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കൊഗ്‌നിസിബിൾ ഒഫൻസ് ശ്രദ്ധയിൽ പെട്ടാൽ പരാതി ഇല്ലെങ്കിലും കേസെടുക്കാൻ പൊലീസിന് ബാധ്യതയുണ്ട്. സിആർപിസിയിലും പൊലീസ് നിയമത്തിലും ഇത് പറയുന്നുണ്ട്. അതേ സമയം, നിയമനടപടിക്ക് പോകേണ്ടത് പെൺകുട്ടിയെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. മാത്രമല്ല, പരാതി കിട്ടിയപ്പോൾ തന്നെ അമ്പാടി ഉണ്ണിയെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്നും നേതൃത്വം വിശദീകരണം നൽകി.
ഹരിപ്പാട് നാരകത്തറ ജംക്ഷനിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ വരുമ്പോൾ ബൈക്കിടിച്ചു വീഴ്‌ത്തിയ ശേഷം മർദ്ദിച്ചെന്നാണ് പരാതി. തലയ്ക്ക് ഉൾപ്പെടെ പരുക്കേറ്റ ചിന്നു ചികിത്സയിലാണ്. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയുമാണ് പ്രതിയായ അമ്പാടി ഉണ്ണി. ഇയാൾക്കൊപ്പം മറ്റു ചിലരുമുണ്ടായിരുന്നുവെന്നാണ് വിവരം. അതിനിടെ. അമ്പാടി ഉണ്ണിയെ ഡിവൈഎഫ്‌ഐയിൽനിന്നു പുറത്താക്കി. മറ്റു നടപടികളെക്കുറിച്ച് ചൊവ്വാഴ്ച ചേരുന്ന ഡിവൈഎഫ്‌ഐ ജില്ലാ നേതൃയോഗത്തിൽ തീരുമാനമെടുക്കും.
ഈ സാഹചര്യത്തിലാണ് യുവതി പരാതി പൊലീസിന് നൽകാത്തത്. പാർട്ടി നടപടി അമ്പാടി ഉണ്ണിയ്‌ക്കെതിരെ ഉണ്ടാകുമെന്ന ഉറപ്പ് പാർട്ടി നൽകി. ഇതോടെ കൂടുതൽ ചർച്ചയ്ക്ക് അവസരമൊരുക്കാതെ പരാതിയിൽ നിന്നും ചിന്നു പിന്മാറുകയായിരുന്നു. മോശമായ പെരുമാറ്റത്തിന്റെ പേരിൽ ചിന്നുവും മറ്റു ചില പെൺകുട്ടികളും അമ്പാടി ഉണ്ണിക്കെതിരെ ഹരിപ്പാട് ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎഫ്‌ഐ നേതൃത്വം മൂന്നംഗ കമ്മിഷനെ വച്ച് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ചിന്നുവിനെതിരെ ആക്രമണമുണ്ടായത്.
അമ്പാടി ഉണ്ണിക്ക് വിവാഹമാലോചിക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരെ, അപമര്യാദയായി പെരുമാറിയ സംഭവം ചിന്നു ഉൾപ്പെടെയുള്ളവർ ചേർന്ന് അറിയിച്ചെന്ന സംശയവും ആക്രമണത്തിനു കാരണമായെന്നു പറയുന്നു. ചിന്നുവും സുഹൃത്ത് വിഷ്ണുവും അമ്പാടി ഉണ്ണിയുടെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് പെൺവീട്ടുകാരെ അറിയിച്ചിരുന്നു. ഇവർ പെൺകുട്ടിയുടെ വീട്ടിലെത്തി. അവിടെ നിന്ന് മടങ്ങിവരും വഴിയാണ് അമ്പാടി ഉണ്ണി, ചിന്നുവിനെ ബൈക്കിടിച്ച് വീഴ്‌ത്തി മർദ്ദിച്ചത്.
ചിന്നുവും അമ്പാടിയും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഉണ്ടായിരുന്നു. പിന്നീട് വ്യക്തി ബന്ധങ്ങളിലെ പ്രശ്നങ്ങൾ ഇരുവരും അകലാൻ കാരണമായി. ഇത് സംബന്ധിച്ച് ചിന്നു നേരത്തെ ഡിവൈഎഫ്‌ഐയ്ക്കും സി പി എം ജില്ലാ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ