- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തിലെ എല്ലാ വാദവും പൊളിയുന്നു; ശമ്പള കുടിശിക വേണമെന്ന് പറഞ്ഞ് സർക്കാരിന് കത്തയച്ചത് ചിന്താ ജെറോം തന്നെ; ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങിയ മുൻ അധ്യക്ഷന് ഇതുവരെ കുടിശികയുമില്ല; കൂട്ടിയ ശമ്പളത്തിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അയച്ച കത്ത് പുറത്താകുമ്പോൾ
തിരുവനന്തപുരം: കൂട്ടിയ ശമ്പളത്തിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അയച്ച കത്ത് പുറത്ത്. യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. കത്ത് നൽകിയിട്ടില്ലെന്നായിരുന്നു ചിന്ത ഇതുവരെ പറഞ്ഞിരുന്നത്. വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ഒരു ലക്ഷം രൂപ ശമ്പളം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ചിന്ത തന്നെ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു ഇതെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് പുറത്തുവന്ന കത്ത്.
ചിന്താ ജെറോമിന്റെ തന്നെ ലെറ്റർ ഹെഡിൽ പ്രിൻസിപ്പൽ സെക്രട്ടറിക്കയച്ച കത്താണ് പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്താ ജെറോമിന് വർധിപ്പിച്ച ശമ്പളം മുൻകാല പ്രാബല്യത്തോടെ കുടിശ്ശിക അുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ താൻ സർക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അങ്ങനെയൊരു കത്തുണ്ടെങ്കിൽ പുറത്തുവിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു. പുറത്തു വന്ന കത്ത് ചിന്താ ജെറോമിന്റേതാണ്. ലെറ്റർ പാഡും ചിന്താ ജെറോമിന്റേത്.
ശമ്പളക്കുടിശിക നൽകേണ്ടതില്ലെന്ന് ഒരിക്കൽ വകുപ്പു സെക്രട്ടറി എം.ശിവശങ്കർ ഇറക്കിയ ഉത്തരവ് വിഴുങ്ങിക്കൊണ്ടാണ് ഉന്നത ഇടപെടൽ കണക്കിലെടുത്ത് ഇപ്പോൾ കുടിശിക അനുവദിച്ച് ശിവശങ്കർ തന്നെ പുതിയ ഉത്തരവിറക്കിയത്. പഴയ ഉത്തരവ് റദ്ദു ചെയ്തു. താൻ ശമ്പള കുടിശിക ആവശ്യപ്പെട്ടിട്ടില്ലെന്ന ചിന്തയുടെ വാദം തള്ളിക്കൊണ്ട് ചിന്തയുടെ ആവശ്യപ്രകാരമാണ് കുടിശിക അനുവദിക്കുന്നതെന്ന് ഉത്തരവിൽ സർക്കാർ വ്യക്തമാക്കുകയും ചെയ്തു.
അതിനിടെ ഹൈക്കോടതി ഉത്തരവിട്ടിട്ടും തന്റെ ശമ്പളം നിശ്ചയിച്ചു നൽകുന്നതിൽ സർക്കാർ 3 മാസമായി തീരുമാനം എടുത്തിട്ടില്ലെന്ന് യുവജന കമ്മിഷൻ മുൻ അധ്യക്ഷൻ ആർ.വി.രാജേഷ് പറയുന്നു. യുഡിഎഫ് സർക്കാർ നിയമിച്ച ഞാൻ 3 വർഷമാണ് അധ്യക്ഷ സ്ഥാനത്തിരുന്നത്. മുൻകൂറായി മാസം 50,000 രൂപ വീതമാണ് അന്നു കൈപ്പറ്റിയത്. ചിന്താ ജെറോമിന് ശമ്പളം നിശ്ചയിച്ചതിനു പിന്നാലെ എന്റെ ശമ്പളവും അതിനു തുല്യമായി നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. രാജേഷ് പറഞ്ഞു.
06.1.17 മുതൽ 26.5.18 വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുൻകാല പ്രാബല്യത്തോടെ ചിന്തക്ക് കിട്ടുന്നത്. ഇക്കാലയളവിൽ ചിന്തക്ക് 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരുലക്ഷം രൂപയാക്കി ശമ്പളം ഉയർത്തിയതിലൂടെ 8. 50 ലക്ഷം രൂപ ( 17*50,000) ചിന്തക്ക് ലഭിക്കും. 26.5.18 മുതൽ ചിന്തയുടെ ശമ്പളം ഒരുലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ശമ്പള കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം 20.8.22-നാണ് സർക്കാരിന് കത്തെഴുതിയത്.
അധ്യക്ഷയായി നിയമിതയായ 14.10.16 മുതൽ ചട്ടങ്ങൾ രൂപവൽക്കരിക്കപ്പെട്ട കാലയളവ് വരെ കൈപറ്റിയ ശമ്പളത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും ആയതിനാൽ 14.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിൽ അഡ്വാൻസായി കൈപറ്റിയ തുകയും യുവജന കമ്മീഷൻ ചട്ടങ്ങൾ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശ്ശിക അനുവദിക്കണമെന്നായിരുന്നു 20.8.22 ൽ ചിന്ത ജെറോം സർക്കാരിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശ്ശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ താൻ സർക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അങ്ങനൊരു കത്ത് ഉണ്ടെങ്കിൽ പുറത്ത് വിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു. ചിന്തയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന ഉത്തരവിലെ വിവരങ്ങൾ.
സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ചിന്ത നൽകിയ കത്ത് ധനവകുപ്പ് രണ്ട് പ്രാവശ്യം തള്ളി കളഞ്ഞിരുന്നു. മുൻകാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകാനാവില്ല എന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബർ 26 ന് 4.10.16 മുതൽ 25.5.18 വരെയുള്ള കാലയളവിലെ ശമ്പളം, അഡ്വാൻസ് ആയി നൽകിയ തുകയായ 50,000 രൂപയായി നിജപ്പെടുത്തി ക്രമികരിച്ചുകൊണ്ട് കായിക യുവജന കാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ കടുത്ത സമർദ്ദത്തെ തുടർന്ന് ധനമന്ത്രി ബാലഗോപാൽ മുൻകാല പ്രാബല്യത്തോടെ ഒരുലക്ഷം രൂപ ശമ്പളം നൽകാൻ തീരുമാനിച്ചു.
26.5.18 ലാണ് യുവജനകമ്മീഷന് സ്പെഷ്യൽ റൂൾ നിലവിൽ വരുന്നത്. അന്ന് മുതലാണ് ശമ്പളം ഒരുലക്ഷമായി തീരുമാനിച്ചത്. ഇന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ 26.9.22 ലെ ഉത്തരവും റദ്ദ് ചെയ്തിട്ടുണ്ട്. സ്പെഷ്യൽ റൂൾ നിലവിൽ വരുന്നതിന് മുൻപുള്ള കാലയളവിലെ ശമ്പളം ഒരുലക്ഷമായി മുൻകാല പ്രാബല്യത്തോടെ അനുവദിച്ചത് നിലവിലെ സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. പല സ്ഥാപനങ്ങളിലേയും തലപ്പത്തുള്ളവർ തങ്ങൾക്കും മുൻകാല പ്രാബല്യത്തോടെ ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ സർക്കാർ പ്രതിസന്ധിയിലാകും.
മറുനാടന് മലയാളി ബ്യൂറോ