- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈലോപ്പിള്ളിക്ക് വാഴക്കുല നൽകിയപ്പോൾ നന്ദി പിണറായിക്ക്; മെന്റർ എംഎ ബേബിയും; ആ ഗവേഷണം പരിശോധിക്കും; തെറ്റുകളും കോപ്പിയടിയും ശരിവച്ചാൽ ഡോക്ടറേറ്റും റദ്ദാക്കാം; ഫെലോഷിപ്പ് തുക തിരികെ പിടിക്കാം; ചിന്താ ജെറോമിന്റെ ഗവേഷണം പരിശോധിക്കാനൊരുങ്ങി കേരള സർവകലാശാല
തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം പരിശോധിക്കാനൊരുങ്ങി കേരള സർവകലാശാല. നാലംഗ വിദഗ്ധ സംഘം പ്രബന്ധം പരിശോധിക്കും. പ്രബന്ധത്തിനെതിരെ വന്ന പരാതി വിശദ്ധമായി പരിശോധിക്കാനാണ് തീരുമാനം. വാഴക്കുലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് എഴുതിയതും ഓൺലൈൻ മാധ്യമത്തിൽ വന്ന ലേഖനം കോപ്പിയടിച്ചെന്ന പരാതിയുമാണ് സമിതി അന്വേഷിക്കുക. പ്രബന്ധത്തിലെ തെറ്റുകളും കോപ്പിയടിയും റിപ്പോർട്ടിൽ ശരിവച്ചാൽ ചിന്ത ജെറോമിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കി പ്രബന്ധം വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിക്കേണ്ടി വരും. ഇതിനൊപ്പം ഫെലോഷിപ്പ് തിരികെ പിടിക്കുന്നതുൾപ്പെടെയുള്ള നടപടികളുമെടുക്കാം.
ചിന്തയുടെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവർണർക്കും കേരള സർവകലാശാല വിസിക്കും നൽകിയ നിവേദനത്തിലാണ് ആവശ്യമുയർത്തിയത്. നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിൽ ചിന്ത ഗവേഷണം പൂർത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി.
പിന്നാലെ ബോധി കോമൺസ് എന്ന വെബ്‌സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയർന്നു. ബോധി കോമൺസ് എന്ന വെബ്‌സൈറ്റിൽ മലയാള സിനിമയെ കുറിച്ചുള്ള ദ് മൈൻഡ് സ്‌പേസ് ഓഫ് മെയിൻസ്ട്രീം മലയാള സിനിമ എന്ന ലേഖനം കോപ്പിയടിച്ചെന്നാണ് പരാതി. പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളെ നിശിതമായി വിമർശിച്ചിക്കുന്നതാണ് ലേഖനം. സമാന ആശയവും വരികളുമാണ്, നവലിബറൽ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ എന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലും ഉള്ളതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിയുടെ പരാതിയിൽ പറയുന്നത്.
ആര്യൻ സിനിമ പറയുന്നതിടത്താണ് വാഴക്കുല പരാമർശവുമുള്ളത്. എന്നാൽ ആര്യനിൽ മോഹലാലിന്റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവാരെന്ന് പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഉയർന്നത്. ഇതിന്റെ പേരിൽ ചിന്തയുടെ ഗൈഡിനെതിരെവരെ നടപടിയെടുക്കാനുള്ള വകുപ്പുകൾ യൂണിവേഴ്സിറ്റിയുടെ നിയമാവലിയിലുണ്ട്. കേരള സർവകലാശാല പി.വി സി.യായിരുന്നു ചിന്തയുടെ ഗൈഡ്.
തെറ്റ് കണ്ടെത്താൻ ഗൈഡായിരുന്ന മുൻ പി.വി സി. പി.പി. അജയകുമാറിനും മൂല്യനിർണയം നടത്തിയവർക്കും കഴിയാത്തതിനെതിരെയും പരാതികളുണ്ട്. ഓപ്പൺ ഡിഫൻസിൽ പോലും ഒരു ചർച്ചയും വിലയിരുത്തലും നടത്താതെയാണോ ഡോക്ടറേറ്റ് നൽകുന്നതെന്ന ചോദ്യമാണ് കേരള സർവകലാശാല നേരിടുന്നത്. സർവകലാശാല മൂല്യനിർണയരീതിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.
ഗവേഷണ പ്രബന്ധം സംബന്ധിച്ച് വിവാദമുണ്ടായാൽ ഡോക്ടറേറ്റ് റദ്ദാക്കുക എന്നത് സാധാരണമായി ചെയ്യാറില്ല. കെ.ടി. ജലീലുമായി ബന്ധപ്പെട്ട ഡോക്ടറേറ്റ് വിവാദം ഇതിന് ഉദാഹരണമാണ്. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും അലി മുസലിയാരുടേയും പങ്കിനെ കുറിച്ചായിരുന്നു ജലീലിന്റെ പ്രബന്ധം. നൂറുകണക്കിന് ഉദ്ധരണികൾ അക്ഷര തെറ്റുകളോടെ പകർത്തിയെഴുതിയെന്നും വ്യാകരണ പിശകുകളുണ്ടെന്നുമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലീലിനെതിരെ പരാതി ഉയർന്നത്.
2006-ലാണ് ജലീലിന് ഡോക്ടറേറ്റ് നൽകിയത്. ഇതിൽ ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി ലഭിക്കുകയും പ്രബന്ധം പരിശോധിക്കാൻ അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ചട്ടപ്രകാരമാണ് ഡോക്ടറേറ്റ് നൽകിയതെന്ന് വ്യക്തമാക്കി സർവകലാശാല ആ വിവാദം മുക്കി. ഇതേപോലെ ചിന്തയുടെ പേരിലുയർന്ന വിവാദവും മുങ്ങിപ്പോകാനാണ് സാധ്യതയെന്ന് വിലയിരുത്തലുണ്ട്.
ഗവേഷണ പ്രപബന്ധം തയ്യാറാക്കാൻ സഹായിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നന്ദി പറയേണ്ട സ്ഥലത്ത് ചിന്ത നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം. നേതാക്കൾക്കുമാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മുതിർന്ന സിപിഎം. നേതാവ് എം.എ. ബേബിയെ 'മെന്റർ' എന്നാണ് പ്രബന്ധത്തിൽ വിശേഷിപ്പിക്കുന്നത്.
പ്രബന്ധത്തിലെ കോപ്പിയടിയും മൗലികമായ പിഴവും ചർച്ചയാകുന്ന സമയത്താണ് ഇതും വാർത്തയിലിടം പിടിക്കുന്നത്. തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നത്. എം വി ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, എ.എൻ. ഷംസീർ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എം. സ്വരാജ് എന്നീ സിപിഎം. നേതാക്കൾക്കും പ്രബന്ധത്തിൽ നന്ദിപറഞ്ഞിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ