- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിൽ താമസിച്ചതെന്നു ചിന്ത; ലക്ഷ്വറി ബാറും ക്ലബ്ബും ലോക്കൽ ബാറും നോൺ വെജ് റെസ്റ്റോറന്റും ഉള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമെന്നും ആക്ഷേപം; രണ്ടു വർഷം ചിന്ത റിസോർട്ടിൽ തങ്ങിയോ? യുവജന കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ പുതിയ ആരോപണം എത്തുമ്പോൾ
കൊല്ലം: സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെച്ചൊല്ലി വീണ്ടും വിവാദം. രണ്ടു വർഷത്തോളമായി ചിന്ത, കൊല്ലം നഗരത്തിലെ തീരദേശ റിസോർട്ടിൽ താമസമെന്നാണു പുതിയ വിവാദം. അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനു പരാതി നൽകി. ഉയർന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെയാണ് പുതിയ വിവാദം. റിസോർട്ട് അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്.
സീസൺ സമയത്ത് 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന 3 ബെഡ്‌റൂം അപ്പാർട്‌മെന്റിന് സാധാരണ ദിവസങ്ങളിൽ നൽകേണ്ടത് 5500 രൂപയും 18% ജി എസ്ടിയും ഉൾപ്പെടെ പ്രതിദിനം 6490 രൂപയാണെന്നു യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഒന്നേമുക്കാൽ വർഷമായി 38 ലക്ഷം രൂപയാണു റിസോർട്ടിനു ചിന്ത നൽകേണ്ടത്. ഈ തുക എവിടെനിന്നു നൽകിയെന്ന് അന്വേഷിക്കണം പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ആരോപണം ചിന്ത നിഷേധിക്കുകയാണ്. അതിനിടെ ചിന്തയും റിസോർട്ടുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. വിജിലൻസിന് കിട്ടിയ പരാതി പ്രാഥമികമായി അന്വേഷിച്ച് തള്ളിക്കളയാനാണ് സാധ്യത. എന്നാൽ പരാതിക്കാർ കോടതിയെ സമീപിക്കുമെന്നാണ് സൂചന.
അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിലെ 3 ബെഡ് റൂം അപ്പാർട്‌മെന്റിൽ താമസിച്ചതെന്നു ചിന്ത ജെറോം പറഞ്ഞു. ചികിത്സയ്ക്കു ശേഷം മാസങ്ങൾക്കു മുൻപ് സ്വന്തം വീട്ടിലേക്കു താമസം മാറിയെന്നും പറഞ്ഞു. സർവ്വ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചാണ് ഈ റിസോർട്ട് പ്രവർത്തിക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. ഇത് അവർ തള്ളിക്കളയുന്നുണ്ട്. തങ്കശ്ശേരി ഫോർട്ട് സമീപപ്രദേശത്ത് നിർമ്മാണങ്ങൾ അനുവദിച്ചിട്ടുള്ളത് അല്ല. എന്നാൽ അവിടെ ഹോട്ടൽ നിർമ്മിക്കുകയും അതിന് ആയുർവേദ ഹോസ്പിറ്റൽ എന്ന പേരിൽ ലൈസൻസ് എടുക്കുകയും ആ ഹോസ്പിറ്റൽ ലൈസൻസ് ഉപയോഗിച്ച് കോർപ്പറേഷൻ സഹായത്തോടെ ഹോട്ടൽ നടത്തിവരികയാണ് എന്നാണ് ഉയരുന്ന ആക്ഷേപം.
ലോകത്ത് തന്നെ ലക്ഷ്വറി ബാറും, ക്ലബ്ബും, ലോക്കൽ ബാറും നോൺ വെജ് നോൺ-വെജ് റെസ്റ്റോറന്റും ഉള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റൽ ആയിരിക്കും ഇത്. നടപടികളിൽ നിന്നും രക്ഷപെടാനായി യുവജനക്ഷേമ കമ്മീഷൻ ചെയർപേഴ്‌സൺ ആയ ചിന്തയുമായി സൗഹൃദം സ്ഥാപിക്കുകയും, ചിന്തയ്ക്ക് അവിടെ രണ്ടു വർഷമായി സൗജന്യ താമസ സൗകര്യം കൊടുത്തുവെന്നാണ് ഉയരുന്ന ആക്ഷേപം.. ചിന്തയുടെ ഇടപെടലുകൾ മൂലം യാതൊരു നിയമ പ്രശ്‌നവും ഹോട്ടൽ മുതലാളിക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നും പറയുന്നു. ഇതാണ് ചിന്ത നിഷേധിക്കുന്നത്.
എന്നാൽ 2021 2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുർവേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോൺഗ്രസ് പറയുന്‌പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്. ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.
ചിന്താ ജെറോമിന്റെ പി എച്ച് ഡി പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുൻപേ അടുത്ത ആരോപണം ഉയർത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവിന്റെ പേരിൽ ചിന്തക്കെതിരെ വലിയ വിമർശനമാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊതു സമൂഹത്തിൽ നിന്നും ഉയർന്നത്. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം ശരിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ വരും ദിവസങ്ങളിൽ അത് കൂടുതൽ വിവാദങ്ങൾക്ക് വഴി വെയ്ക്കാനാണ് സാധ്യത.
മറുനാടന്‍ മലയാളി ബ്യൂറോ