- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലളിത ജീവിതം.... ഉയർന്ന ചിന്ത; അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചെലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്! പരിഹാസവുമായി അഡ്വ ജയശങ്കർ; ഇഡിയെ സമീപിച്ച് യൂത്ത് കോൺഗ്രസും; ചിന്തയിൽ വിവാദം തുടരുമ്പോൾ
കൊച്ചി: ലളിത ജീവിതം, ഉയർന്ന ചിന്ത. അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചെലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്. അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കും-അഡ്വക്കേറ്റ് എസ് ജയശങ്കറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഇത്.
കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്‌മെന്റിൽ ചിന്താ ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്‌മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്.
2021-2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുർവേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോൺഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്.
ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്.
മറുനാടന്‍ മലയാളി ബ്യൂറോ