- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു വ്യക്തി റിസോർട്ട് നടത്തിയപ്പോൾ കോർപറേഷൻ അനുമതി നൽകിയില്ല; പുതിയ ഉടമസ്ഥനെത്തിയപ്പോൾ തീരദേശ പരിപാലന നിയമത്തിന്റെയും പുരാവസ്തു സംരക്ഷണ നിയമത്തിന്റെയും പ്രശ്‌നം തീർന്നു; ചിന്ത ജെറോം താമസിച്ചിരുന്നത് സിപിഎമ്മിന്റെ ബെനാമി റിസോർട്ടിലോ? തങ്കശ്ശേരിയിൽ സംശയം ഉയർത്തുമ്പോൾ
കൊല്ലം: ചിന്താ ജെറോം വിവാദത്തിൽ പുതിയ ആരോപണങ്ങൾ. ചിന്ത ജെറോം താമസിച്ചിരുന്ന തങ്കശേരിയിലെ ആഡംബര റിസോർട്ട് സിപിഎമ്മിന്റെ ബെനാമി സ്വത്തെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആരോപിച്ചു. ഈ റിസോർട്ടിന്റെ ഉടമസ്ഥതയിൽ പാർട്ടിയിലെ ചില നേതാക്കൾക്കും പങ്കാളിത്തമുണ്ടെന്നും ഈ ബെനാമികൾ ആരെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
ഈ റിസോർട്ട് ആദ്യം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു. റിസോർട്ടിന് കോർപറേഷൻ അനുമതി നൽകിയിരുന്നില്ല. തീരദേശ പരിപാലന നിയമത്തിന്റെയും പുരാവസ്തു സംരക്ഷണ നിയമത്തിന്റെയും പേരു പറഞ്ഞാണ് അന്നു കോർപറേഷൻ അനുമതി നിഷേധിച്ചത്. പിന്നീടാണ് ഈ റിസോർട്ട് ഇപ്പോഴത്തെ ഉടമ വാങ്ങുന്നതും ഇന്നു കാണുന്ന റിസോർട്ട് നിർമ്മിക്കുന്നതുമാണ് ആരോപണം. ഇതിനൊപ്പം ചിന്തയുടെ ഡോക്ടറേറ്റിലും പ്രതിഷേധം ശക്തമാക്കും. ഗവർണ്ണറിൽ പ്രബന്ധം റദ്ദാക്കാൻ സമ്മർദ്ദം തുടരും.
മന്ത്രിയായിരുന്ന എം വി ഗോവിന്ദൻ നേരിട്ടെത്തി നഗരസഭ അധികൃതരുമായി ചർച്ച നടത്തിയ ശേഷമാണ് റിസോർട്ടിന് അനുമതി നൽകിയത്. കോർപറേഷൻ അനുമതി നിഷേധിച്ച റിസോർട്ട് പണിയാൻ ഉന്നത നേതൃത്വം ഇടപെട്ടത് എന്തിനായിരുന്നുവെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. ചിന്താ ജെറോം റിസോർട്ട് വിവാദത്തിൽ വിശദീകരണവുമായി തങ്കശെരിയിലെ ഫോർ സ്റ്റാർ റിസോർട്ട് ഉടമയും രംഗത്ത് വന്നിരുന്നു. ചിന്ത ജെറോം കുടുംബ സുഹൃത്താണ്. കമ്പനി നിശ്ചയിച്ച വാടക നൽകിയാണ് ചിന്ത താമസിച്ചത്. ചിന്തയുടെ മാതാവിനെ ചികിത്സിക്കുന്നത് തന്റെ ഭാര്യയെന്നും ഹോട്ടൽ ഉടമ പറഞ്ഞു. യൂത്ത് കോൺഗ്രസ് ആരോപണങ്ങൾ തെറ്റെന്നും നിയമങ്ങൾ പാലിച്ചാണ് റിസോർട്ട് നടത്തുന്നതെന്നും ഹോട്ടൽ ഉടമ വ്യക്തമാക്കി.
ഒന്നേമുക്കാൽ വർഷത്തോളം ആഡംബര റിസോർട്ടിൽ താമസിച്ചെന്നും ഇതിനുള്ള വരുമാനസ്രോതസ് അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നുമാവാശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും പരാതി നൽകിയിരുന്നു. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാർട്‌മെന്റിന്റെ വാടക. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം.
2021-2022 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുർവേദ ചികിത്സയ്ക്കായി താമസിച്ചതാണെന്ന് ചിന്താ ജെറോം പറഞ്ഞിരുന്നു. എന്നാൽ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോൺഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്.
അതിനിടെ ഭക്ഷണം തരാൻ വൈകിയതിനെ തുടർന്ന് ഹോട്ടലിലെ ജീവനക്കാരോട് തട്ടിക്കയറി ചിന്താ ജെറോം വീണ്ടും ചർച്ചകളിൽ എത്തി. തിരുവനന്തപുരം അട്ടക്കുളങ്ങരിയലെ കുമാർ കഫേയിലാണ് സംഭവം. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബിയും ഭാര്യ ബെറ്റിലൂയിസ് ബേബിയും ചിന്തയ്‌ക്കൊപ്പമുണ്ടായിരുന്നപ്പോഴാണ് ചിന്തയുടെ ഈ രോഷപ്രകടനം. ചിന്തയുടെ നിലവിട്ട പെരുമാറ്റം കണ്ട അവിടെ ഭക്ഷണം കഴിക്കാൻ വന്നവരും ഹോട്ടൽ ജീവനക്കാരും അന്തം വിട്ടുപോയി. ബേബി ചിന്ത ജെറോമിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും അടങ്ങിയില്ലെന്ന് പറയുന്നു.
തൊഴിലാളികൾക്കൊപ്പം നിൽക്കേണ്ട സഖാവ് തന്നെ ഭക്ഷണം വൈകിയതിന് ഇങ്ങിനെ തട്ടിക്കയറിയത് മോശമായി എന്ന അഭിപ്രായമാണ് അവിടുത്തെ തൊഴിലാളികൾക്ക്. എന്നാൽ ഇതിൽ പൊലീസിന് പരാതിയൊന്നും കടയുടമകൾ നൽകിയിട്ടില്ല.
മറുനാടന്‍ മലയാളി ബ്യൂറോ