- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
32 ലക്ഷം രൂപ ശമ്പള കുടിശിക കിട്ടിയെന്ന പ്രചാരണം പച്ചക്കള്ളം; അത്രയും തുക ഒരുമിച്ച് കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകും; പാർട്ടി പ്രവർത്തകരെന്ന നിലയിൽ അതാണ് ശീലം; മുൻ യുവജന കമ്മീഷൻ ചെയർമാൻ ശമ്പള കുടിശിക തേടി സർക്കാരിൽ അപേക്ഷ നൽകിയതിന് പിന്നാലെയാണ് തനിക്കെതിരെ കുപ്രചാരണമെന്നും ചിന്ത ജെറോം
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന്റെ ഒരു വർഷത്തെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിച്ചു നൽകാൻ ധനവകുപ്പിന്റെ അനുമതി ലഭിച്ചെന്ന വാർത്ത പുറത്തുവന്നതോടെ വിമർശനങ്ങൾ ഏറിയിരിക്കുകയാണ്. എന്നാൽ, തനിക്ക് 32 ലക്ഷം രൂപ ശമ്പളകുടിശിക കിട്ടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമെന്ന് ചിന്താ ജെറോം പറഞ്ഞു. അത്രയും തുക ഒരുമിച്ച് കിട്ടിയാൽ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പാർട്ടി പ്രവർത്തകരെന്ന നിലയിൽ അതാണ് ശീലമെന്നും ചിന്ത പ്രതികരിച്ചു.
വ്യക്തിപരമായി ഇത്രയും തുക കൈവശം സൂക്ഷിക്കുന്ന പ്രവർത്തന പാരമ്പര്യമോ കുടുംബ അന്തരീക്ഷമോ അല്ല തനിക്കുള്ളത്. യുവജനകമ്മീഷന് ചെയർപേഴ്സണ് അംഗീകൃതമായി ലഭിക്കേണ്ട തുകയല്ലാതെ മറ്റൊന്നും ഇതുവരെ കൈപ്പറ്റിയിട്ടില്ല. ഇത് സാമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണമാണെന്നാണ് ആദ്യം കരുതിയതെന്നും അവർ വ്യക്തമാക്കി. ശമ്പളമില്ലാതെയാണ് ആദ്യ ഘട്ടങ്ങളിൽ പ്രവർത്തിച്ചത്.തെളിവുകളില്ലാത്ത വാർത്തകളാണ് പുറത്തു വരുന്നത്.2018 മെയ് 26 നാണ് ശമ്പളം ഒരു ലക്ഷമാക്കിയുള്ള ചട്ടം വന്നത്.32 ലക്ഷം ലഭിക്കുമെന്നുള്ള വാർത്ത എന്ത് അടിസ്ഥാനത്തിൽ ആണ് പുറത്തു വരുന്നത്. ചട്ടങ്ങൾ വരുന്നതിന് മുൻപ് വാങ്ങിയ അഡ്വാൻസ് ക്രമപ്പെടുത്തണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ യോഗത്തിന് പോയതും സ്വന്തം ചെലവിലാണ്.കമ്മീഷൻ ചട്ടങ്ങൾ മറികടന്ന് ഒരു തുകയും വാങ്ങിയിട്ടില്ലെന്നും ചിന്ത ജെറോം വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ യുവജനകമ്മീഷൻ ചെയർമാനായിരുന്ന ആർ.വി.രാജേഷ് ശമ്പളകുടിശിക ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതിയിൽ നിന്ന് അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ശമ്പളകുടിശിക ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിൽ അപേക്ഷ നൽകിയതായാണ് വിവരം. ഇത് സർക്കാരിന്റെ പരിഗണനയിലാണ്. ഇതിനു പിന്നാലെയാണ് തനിക്കെതിരെ കള്ളപ്രചാരണമുണ്ടായതെന്നാണ് മനസിലാക്കുന്നതെന്നും ചിന്ത പറഞ്ഞു.
അതേ സമയം ചിന്ത ജെറോമിനു കുടിശ്ശിക തുക അനുവദിച്ചത് തന്റെ അപേക്ഷയിൽ അല്ലെന്നു മുൻ യുവജന കമ്മീഷൻ ചെയർമാൻ ആർ വി രാജേഷ് പറഞ്ഞു.ചിന്തക്ക് ശമ്പളം സർക്കാർ നിശ്ചയിച്ചതിനു പിന്നാലെയാണ് താൻ സർക്കാരിന് അപേക്ഷ നൽകിയത് .തനിക്ക് ശമ്പളം അനുവദിച്ചു തരണം എന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
യുവജനകമ്മിഷൻ ചെയർപഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂൺ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുൻപ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതൽ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു.
അതേസമയം, ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു. 2017 ജൂൺ മുതൽ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നൽകാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു. അതിനിടെ ചിന്തയുടെ ശമ്പളം കൂട്ടിയ നടപടിയുടെ ചുവടു പിടിച്ച് മുൻ യുവജന കമ്മീഷൻ ചെയർപേഴ്സണും രംഗത്തുവന്നിട്ടുണ്ട്.
ഉയർത്തിയ ശമ്പളനിരക്ക് കണക്കാക്കി മുൻകാലത്തുള്ള കുടിശ്ശിക നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് മുൻ അധ്യക്ഷനായ കോൺഗ്രസ് നേതാവ് ആർ.വി. രാജേഷ് കോടതിയെ സമീപിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷൻ രൂപവത്കരിച്ചത്. ആർ.വി. രാജേഷായിരുന്നു ആദ്യ ചെയർമാൻ. ഈ ഘട്ടത്തിൽ ചെയർമാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നൽകുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.
യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികൾ പൂർത്തിയാക്കാനായില്ല. ഇടതുസർക്കാർ വന്നതിനുശേഷം, 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോൾ നിലവിലെ ചെയർമാന് ബാധകമാകുന്ന വിധത്തിലാണ് തീരുമാനമുണ്ടായത്. ഇതിനെതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്. ചിന്തക്ക് ലഭിച്ചതു പോലുള്ള ശമ്പളം തനിക്കും ലഭിക്കണമെന്നാണ് രാജേഷും ആവശ്യപ്പെടുന്നത്.
അതേസമയം ചിന്ത ജെറോമിന്റെ ശമ്പളത്തെ കുറിച്ചുള്ള ചർച്ചകൾ ഇതിന് മുമ്പും സൈബറിടത്തിൽ നടത്തിട്ടുണ്ട്. പാരസെറ്റമോൾ പോലും സർക്കാരിന്റെ ചെലവിലാണ് എന്നൊക്കെയാണെന്നായിരുന്നു ചർച്ചകൾ. താൻ ഇതൊന്നും ശ്രദ്ധിക്കാറില്ല. ആരെങ്കിലും അയച്ച് തരുമ്പോഴാണ് ഇതെല്ലാം അറിയുന്നതെന്നുമായിരുന്നു ചിന്ത അന്ന് പ്രതികരിച്ചത്. നിലവിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവ് കൂടിയാണ് ചിന്താ ജെറോം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റിയിലേക്ക് അടുത്തിടെയാണ് ചിന്ത എത്തിയത്.
മറുനാടന്‍ മലയാളി ബ്യൂറോ